
സ്വന്തം ലേഖകൻ: വിലക്കയറ്റത്തില്‍ പൊറുതി മുട്ടുന്ന കുടുംബങ്ങള്‍ക്ക് ആഘാതമായി എനര്‍ജി ബില്‍ വര്‍ദ്ധനവ് ഏപ്രില്‍ മുതല്‍ പ്രതിവര്‍ഷം 700 പൗണ്ട് അധികം കവരും. എനര്‍ജി ബില്‍ ക്യാപ് 693 പൗണ്ട് റെഗുലേറ്റര്‍ ഓഫ്കോം ഉയര്‍ത്തിയതോടെയാണ് കുടുംബങ്ങള്‍ക്ക് അധികഭാരം ഉണ്ടാവുന്നത്.
ശരാശരി കുടുംബങ്ങള്‍ക്ക് നിലവിലെ 1277 പൗണ്ടില്‍ നിന്നുമാണ് 1971 പൗണ്ടിലേക്ക് എനര്‍ജി പ്രൈസ് ക്യാപ് ഉയരുന്നത്. 693 പൗണ്ട് അഥവാ 54 ശതമാനമാണ് വര്‍ദ്ധന. എനര്‍ജി പ്രൈസ് ക്യാപ് റെക്കോര്‍ഡ് നിരക്കായ 1971 പൗണ്ടിലേക്കാണ് ഉയരുന്നത്. ഗ്യാസ് വിലകള്‍ മുന്‍പൊരിക്കലും ഇല്ലാത്ത വിധത്തില്‍ കുതിച്ചുയര്‍ന്നതോടെയാണ് ശരാശരി കുടുംബങ്ങള്‍ക്ക് തിരിച്ചടി വരുന്നത്. പ്രീപേയ്മെന്റ് മീറ്ററുള്ള കസ്റ്റമേഴ്സിന് പ്രൈസ് ക്യാപ് 708 പൗണ്ട് ഉയര്‍ന്ന് 2017 പൗണ്ടിലെത്തുമെന്നും റെഗുലേറ്റര്‍ വ്യക്തമാക്കി.
ഏപ്രില്‍ 1 മുതലാണ് എനര്‍ജി ബില്‍ വര്‍ദ്ധനവ് പ്രാബല്യത്തില്‍ വരിക. ഒന്നോ, രണ്ട് ബെഡ്റൂമുള്ള ചെറിയ വീടുകളുടെ പ്രതിമാസ ബില്‍ 35 പൗണ്ട് വര്‍ദ്ധിച്ച് 101 പൗണ്ടായും, മീഡിയം വലുപ്പമുള്ള മൂന്ന് ബെഡ് വീടുകളുടേത് 52 പൗണ്ട് വര്‍ദ്ധിച്ച് 149 പൗണ്ടും, വലിയ വീടുകള്‍ക്ക് 74 പൗണ്ട് ഉയര്‍ന്ന് 211 പൗണ്ടും പ്രതിമാസം അധിക ചെലവ് വരും. രാജ്യത്തെ 22 മില്ല്യണ്‍ കുടുംബങ്ങളെയാണ് ഈ തീരുമാനം ബാധിക്കുന്നത്. എനര്‍ജി സപ്ലൈയറുടെ ഡിഫോള്‍ട്ട് താരിഫില്‍ പെടുന്നവര്‍ക്കെല്ലാം ഈ മാറ്റം ബാധകമാണ്.
അതേസമയം, ജനങ്ങള്‍ക്ക് സഹായം നല്കാന് ഇടപെടാമെന്ന് ചാന്‍സലര്‍ റിഷി സുനാക് വ്യക്തമാക്കി. ഒക്ടോബറില്‍ എല്ലാ കുടുംബങ്ങള്‍ക്കും 200 പൗണ്ട് ഡിസ്കൗണ്ട് ലഭിക്കുമെന്ന് റിഷി സുനാക് പ്രഖ്യാപിച്ചു. സര്‍ക്കാര്‍ എനര്‍ജി സ്ഥാപനങ്ങള്‍ക്ക് നല്കുന്ന നോണ്‍-ഓപ്ഷണല്‍ ലോണ്‍ രീതിയിലാണ് ഇത് ലഭ്യമാക്കുക. ഭാവി ബില്ലുകള്‍ വഴി ഇത് തിരിച്ചെടുക്കുകയും ചെയ്യും. ഇതോടൊപ്പം ബാന്‍ഡ് എ മുതല്‍ ഡി വരെയുള്ള വീടുകള്‍ക്കുള്ള കൗണ്‍സില്‍ ടാക്സില്‍ 150 പൗണ്ട് റിബേറ്റ് നല്‍കാനും തീരുമാനമായി. പ്രൈസ് ക്യാപ് മൂലം പല എനര്‍ജി സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തിച്ച് മുന്നോട്ട് പോകാന്‍ കഴിയാത്ത സാഹചര്യം പരിഗണിച്ചാണിത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല