1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 5, 2022

സ്വന്തം ലേഖകൻ: കോവിഡ് സാഹചര്യത്തില്‍ താല്‍ക്കാലിക യാത്രാവിലക്കുള്ള 19 രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്കായിരിക്കും ഇഖാമ, റീഎന്‍ട്രി എന്നിവ താല്‍ക്കാലികമായി പുതുക്കി നല്‍കുകയെന്ന് സൗദി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട് (ജവാസാത്ത്) അറിയിച്ചു. മാര്‍ച്ച് 31 വരെയാണ് ലെവിയോ മറ്റ് ഫീസുകളൊ ഈടാക്കാതെ ഇക്കാമയും റീ എന്‍ട്രിയും നീട്ടി നല്‍കുകയെന്ന് ജവാസാത്ത് അറിയിച്ചു.

യാത്രാ നിരോധനം നേരിടുന്ന രാജ്യങ്ങളില്‍നിന്നുള്ള, ഇപ്പോള്‍ രാജ്യത്തിന് പുറത്തുള്ള പ്രവാസികളുടെ ഇഖാമയും റീ എന്‍ട്രിയും ഓട്ടോമാറ്റിക്കായി നീട്ടാന്‍ തുടങ്ങിയതായി ജവാസാത്ത് അറിയിച്ചു. ജവാസാത്ത് വകുപ്പുകളെ നേരിട്ട് സന്ദര്‍ശിക്കാതെ തന്നെ നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററുമായി സഹകരിച്ച് സ്വയമേവ വിസകള്‍ പുതുക്കി നല്‍കുമെന്നാണ് ജവാസാത്ത് അറിയിച്ചിരിക്കുന്നത്.

റീ-എന്‍ട്രി വിസയില്‍ പുറപ്പെടുന്നതിന് മുമ്പ് സൗദിയില്‍നിന്നും കൊറോണ വൈറസ് വാക്സിന്‍ ഒരു ഡോസ് എടുത്ത പ്രവാസികള്‍ക്ക് ഇത് ബാധകമല്ല. രാജ്യത്തിന് പുറത്തുള്ളവര്‍ക്കും പകര്‍ച്ചവ്യാധിയുടെ ഫലമായി യാത്രാ നിരോധനം നേരിടുന്ന രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും വിദേശകാര്യ മന്ത്രാലയം നല്‍കുന്ന സന്ദര്‍ശന വിസകളുടെ സാധുത നീട്ടിനല്‍കുവാനും രാജാവ് നിര്‍ദ്ദേശം നല്‍കിയിരുന്നു. മാര്‍ച്ച് 31 വരെയാണ് കാലാവധി നീട്ടുക.

കോവിഡ് പ്രത്യാഘാതങ്ങളെ നേരിടാനുള്ള ഗവണ്‍മെന്റിന്റെ തുടര്‍ ശ്രമങ്ങളുടെ ഫലമായാണ് വിസാകാലാവധി നീട്ടി നല്‍കുന്നത്. പൗരന്മാരുടെയും പ്രവാസികളുടെയും സുരക്ഷ ഉറപ്പാക്കുകയും പകര്‍ച്ചവ്യാധിയുടെ സാമ്പത്തിക ആഘാതങ്ങള്‍ ലഘൂകരിക്കുന്നതിന് സംഭാവന നല്‍കുകയും ചെയ്യുന്ന മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് കൊറോണ വ്യാപനമുള്ള രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് സൗദിയിലേക്ക് നേരിട്ട് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.