
സ്വന്തം ലേഖകൻ: കേരളത്തിലേക്ക് നിക്ഷേപകരെ സ്വാഗതം ചെയ്ത് ദുബായ് എക്സ്പോയിൽ കേരള പവിലിയൻ ഉദ്ഘാടനം നടന്നു. ഇതോടെ കേരള വാരാചരണത്തിന് വർണാഭമായ തുടക്കമായി. എക്സ്പോയിലെ ഇന്ത്യൻ പവിലിയനിൽ രണ്ടാം നിലയിലാണ് കേരളത്തിന്റെ സാധ്യതകളിലേക്ക് വെളിച്ചം വീശുന്ന ദൃശ്യങ്ങൾ 12ഡിജിറ്റൽ സ്ക്രീനുകളിൽ നിറയുന്നത്.
നിക്ഷേപ മാർഗങ്ങൾ, ഐടിയിൽ സംസ്ഥാനത്തിന്റെ മുന്നേറ്റം, സ്റ്റാർട്ടപ്, വൈദഗ്ധ്യമുള്ള മേഖലകൾ തുടങ്ങിയാണ് തെളിയുക. വിനോദ സഞ്ചാര മേഖലയിൽ സാഹസിക ടൂറിസം, കാരവൻ ടൂറിസം തുടങ്ങിയവയും കേരളത്തിന്റെ പ്രകൃതി ദൃശ്യങ്ങളും നിറയുന്നു. വ്യവസായം തുടങ്ങാൻ ഏറ്റവും സൗകര്യമൊരുക്കുന്ന ഏകജാലകമായ കെ സ്വിഫ്റ്റ്, ചെറുകിട-ഇടത്തരം പദ്ധതികളിലെ സാധ്യതകൾ തുടങ്ങിയവയും വിവരിക്കുന്നുണ്ട്. ഇന്നു രാവിലെ ദുബായ് ഒബ്റോയ് ഹോട്ടലിൽ വ്യവസായികളെ പങ്കെടുപ്പിച്ചുള്ള ബിസിനസ് മീറ്റ് നടക്കും.
വൈകിട്ട് ദുബായ് അൽ നാസർ ലെഷർ ലാൻഡിൽ നോർക്കയുടെ നേതൃത്വത്തിൽ നടക്കുന്ന സമ്മേളനവും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. രാത്രി അദ്ദേഹം മടങ്ങും. വ്യവസായ മന്ത്രി പി.രാജീവൻ അടുത്ത ദിവസങ്ങളിൽ സംരംഭകരുമായി പ്രത്യേകം ചർച്ചകൾ നടത്തും. ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് 8ന് കേരളത്തിലെ വിനോദസഞ്ചാര സാധ്യതകൾ സംബന്ധിച്ച് നിക്ഷേപകരുമായി ചർച്ചകൾ നടത്തും.
കേരളത്തിന്റെ സംസ്കാരിക സമ്പന്നതയുടെ ഭാഗമാകുന്നതിൽ സന്തോഷമുണ്ടെന്ന് യുഎഇ രാജ്യാന്തര സഹകരണ സഹമന്ത്രിയും എക്സ്പോ എംഡിയുമായ റീം ബിൻത് ഇബ്രാഹിം അൽ ഹാഷിമി. കേരള പവിലിയൻ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക പരിപാടികളുടെ ഉദ്ഘാടന വേദിയിലാണ് മന്ത്രി കേരളീയരെ പ്രശംസകൊണ്ടു മൂടിയത്.
നല്ല സമയത്തും മോശം കാലത്തും എപ്പോഴും കൂടെയുണ്ടാകുന്ന സഹോദരീ സഹോദരന്മാരെ പോലെയാണ് മലയാളി സമൂഹം. ദക്ഷിണേന്ത്യയുടെ രത്നമായ കേരളീയരോടൊപ്പം ചേരുന്നതിൽ അനുഗ്രഹീതരാണ്. രാജ്യവികസനത്തിനൊപ്പം എക്സ്പോയുടെ വിജയത്തിലും മലയാളികളുടെ പങ്ക് നിർണായകമാണ്. കേരളീയർ സഹപ്രവർത്തകരും സുഹൃത്തുക്കളും ഉപദേശങ്ങൾക്ക് സമീപിക്കാവുന്നവരുമാണ്. വിവിധ മേഖലകളിൽ മികവ് തെളിയിച്ച വ്യവസായികളാണ് മലയാളികൾ.
അതിന് ഉദാഹരണമാണ് സഹോദരതുല്യനായ ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസഫലിയെന്നും അവർ പറഞ്ഞു. പ്രമുഖ നടൻ മമ്മൂട്ടിയെ സ്വാഗതം ചെയ്യുന്നു എന്ന് അവർ പറഞ്ഞതും കരഘോഷത്തോടെയാണ് സദസ്സ് എതിരേറ്റത്. പ്രവാസികളെ യുഎഇ ഹൃദയത്തിലാണ് സൂക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞപ്പോൾ ആനന്ദക്കണ്ണീർ വന്നെന്ന് മമ്മൂട്ടിയും പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല