
സ്വന്തം ലേഖകൻ: സൗദി അറേബ്യയിൽ കോവിഡ് രോഗം മാറിയ ആൾക്ക് ഉടൻ തന്നെ ബൂസ്റ്റർ ഡോസ് സ്വീകരിക്കാമെന്ന് സൗദി ആരോഗ്യ മന്ത്രാലയം. ക്വാറന്റീൻ കാലയളവിനു ശേഷം എടുക്കുന്ന ടെസ്റ്റിൽ നെഗറ്റീവാണെങ്കിൽ ബൂസ്റ്റർ എടുക്കാം.
രണ്ടാമത്തെ ഡോസ് എടുത്ത് 3 മാസത്തിനുള്ളിൽ ബൂസ്റ്റർ ലഭിക്കും. വിദേശ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന പൗരന്മാർക്ക് ഈ മാസം 9 മുതൽ ബൂസ്റ്റർ ഡോസ് നിർബന്ധമാക്കിയിട്ടുണ്ടെന്നു അധികൃതർ അറിയിച്ചു. 16 വയസ്സിനു താഴെയുള്ളവർക്ക് ഇളവുണ്ട്.
സൗദിയിൽ 3,013 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ആകെ 7,05,637. ഇന്നലെ 4,824 പേർ സുഖം പ്രാപിച്ചു. ആകെ 6,62,819. 24 മണിക്കൂറിനിടെ 3 പേർ കൂടി മരിച്ചതോടെ മരണസംഖ്യ 8,953. 1,056 പേർ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.
സൗദിയിൽ മൂന്ന് തവണയാണ് കോവിഡിന്റെ അതിവ്യാപനം ഉണ്ടായത്. മൂന്നാം വ്യാപനത്തിൽ ഇക്കഴിഞ്ഞ ജനുവരി 18ന് 5928 പേർക്ക് രോഗം സ്ഥിരീകരിച്ചതായിരുന്നു ഇത് വരെയുള്ളതിൽ വെച്ച് ഏറ്റവും ഉയർന്ന പ്രതിദിന കേസ്. ഇതിന് തൊട്ട് താഴെയായി ഒന്നാം വ്യാപന ഘട്ടത്തിൽ 2020 ജൂൺ 16ന് 4919 പേർക്കും രോഗം കണ്ടെത്തിയിരുന്നു.
2021 ജൂണിലെ രണ്ടാം വ്യാപനം അത്ര തീവ്രമല്ലാതിരുന്നതിനാൽ ആയിരത്തി അഞ്ഞൂറിന് മുകളിൽ വരെ മാത്രമേ പ്രതിദിന കേസുകൾ ഉയർന്നിരുന്നുള്ളൂ. ഇന്ന് 3555 പുതിയ കേസുകളും, 4023 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. നിലിവിൽ കോവിഡ് വ്യാപനം കുറഞ്ഞുവരുന്നതായി ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല