1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 6, 2022

സ്വന്തം ലേഖകൻ: മൊറോക്കോയിൽ കുഴൽക്കിണറിനുള്ളിൽപ്പെട്ട ബാലനു വേണ്ടി നാലു ദിവസത്തോളം നടത്തിയ രക്ഷാപ്രവ‍ത്തനം വിഫലം. കുഴൽക്കിണറിനുള്ളിൽപ്പെട്ട അഞ്ചുവയസുകാരൻ മരിച്ചതായി ഔദ്യോഗികവൃത്തങ്ങള്‍ സ്ഥിരീകരിച്ചു. കുട്ടിയെ കുഴൽക്കിണറിനുള്ളിൽ നിന്നു പുറത്തെടുത്ത ഉടൻ തന്നെ മൊറോക്കൻ സര്‍ക്കാര്‍ മരണവാര്‍ത്ത സ്ഥിരീകരിച്ചു.

കുഴൽക്കിണറിനുള്ളിൽ 32 അടി താഴ്ചയിലായിരുന്നു കുട്ടി കുടുങ്ങിയത്. രക്ഷാപ്രവര്‍ത്തനത്തിനായി സര്‍ക്കാരും നാട്ടുകാരും ഒറ്റക്കെട്ടായി നന്നതോടെ വാര്‍ത്ത ആഗോള മാധ്യമങ്ങളിൽ നിറഞ്ഞു. രക്ഷാപ്രവര്‍ത്തന സമയത്തു വലിയ ജനാവലിയാണ് പ്രദേശത്തുണ്ടായിരുന്നത്. കുട്ടിയ്ക്ക് ഓക്സിജൻ അടക്കമുള്ള ജീവൻരക്ഷാ ഉപാധികള്‍ കുഴൽക്കിണറിനുള്ളിലൂടെ എത്തിച്ച ശേഷം സമീപത്തു മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് വലിയ കിടങ്ങു തീര്‍ത്തായിരുന്നു രക്ഷാപ്രവര്‍ത്തന ശ്രമം. മണ്ണിടിച്ചിൽ ഉണ്ടാകാതിരിക്കാൻ അതീവശ്രദ്ധയോടെയായിരുന്നു നീക്കങ്ങള്‍.

ഒടുവിൽ ശനിയാഴ്ച വൈകിട്ടോടെ കുട്ടിയെ കിണറ്റിൽ നിന്നു പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. എന്നാൽ കുട്ടിയുടെ മരണവിവരം അറിയാതെ ചുറ്റും കൂടിയിരുന്ന ജനാവലി വലിയ ആരവം മുഴക്കുകയും ചെയ്തു. #SaveRayan എന്ന ഹാഷ് ടാഗ് ഉപയോഗിച്ച് സോഷ്യൽ മീഡിയയിലും വാര്‍ത്ത ട്രെൻഡിങ് ആയിരുന്നു. കുട്ടിയെ പുറത്തെടുത്തെന്ന വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ ആശ്വാസമറിയിച്ച് പലരും സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകളുമിട്ടു. ഇതിനു പിന്നാലെയായിരുന്നു ദുഃഖവാര്‍ത്ത പുറത്തെത്തിയത്. കുട്ടി മരിച്ചിരുന്നതായി സര്‍ക്കാര്‍ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയതോടെ സന്തോഷം കണ്ണീരിനു വഴിമാറി.

“കുഴൽക്കിണറിൽ വീണ് റയാൻ ഓറം എന്ന ബാലൻ മരിച്ചതിനു പിന്നാലെ മുഹമ്മദ് ആറാമൻ രാജാവ് കുട്ടിയുടെ മാതാപിതാക്കളെ ബന്ധപ്പെട്ടു. അദ്ദേഹം കുടുംബത്തെ അനുശോചനം അറിയിച്ചു.” റോയൽ പാലസ് പ്രസ്താവനയിൽ വ്യക്തമാക്കി.

കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു കുട്ടി കുഴൽക്കിണറിൽ വീണത്. റയാൻ്റെ പിതാവ് കുഴൽക്കിണര്‍ വൃത്തിയാക്കുന്നതിനിടയിലായിരുന്നു അപകടം. ഒരു നിമിഷം തന്‍റെ ശ്രദ്ധ മാറിയപ്പോള്‍ കുട്ടി കുഴൽക്കിണറ്റിലേയ്ക്ക് വീഴുകയായിരുന്നുവെന്ന് അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. അപകടത്തിനു ശേഷം തനിക്ക് ഒരു പോള കണ്ണടയ്ക്കാൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മൊറോക്കോയിലെ ഷെഫ്ഷാവൺ നഗരത്തിൽ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള ടമോറോത് എന്ന ചെറുപട്ടണത്തിലായിരുന്നു അപകടം നടന്നത്. മൊറോക്കോ സിവിൽ പ്രൊട്ടക്ഷൻ ഡയറക്ടറേറ്റിൻ്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. കുഴൽക്കിണറ്റിലേയ്ക്ക് ക്യാമറയും മൈക്രോഫോണും ഇറക്കി കുട്ടിയുടെ ആരോഗ്യനില ഇടയ്ക്ക് പരിശോധിച്ചിരുന്നു. വ്യാഴാഴ്ച നടത്തിയ പരിശോധനയിലും കുട്ടിയ്ക്ക് ജീവനുണ്ടെന്നും ബോധമുണ്ടെന്നും മനസ്സിലായിരുന്നു. എന്നാൽ ഇതിനു ശേഷം കുട്ടിയുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തു വന്നിരുന്നില്ല.

കുഴൽക്കിണറിനുള്ളിലേയ്ക്ക് രക്ഷാപ്രവര്‍ത്തകര്‍ ഓക്സിജനും ഭക്ഷണവും കുടിവെള്ളവും ട്യൂബ് വഴി എത്തിച്ചിരുന്നെങ്കിലും കുട്ടിയ്ക്ക് ഇവ ഉപയോിക്കാനായോ എന്ന കാര്യത്തിലും വ്യക്തതയില്ല. മണലും കല്ലുകളും കൂടുതലുള്ള മണ്ണിൽ നിര്‍മിച്ച കുഴൽക്കിണറിൻ്റെ വായ കൂടുതൽ തുരക്കുന്നത് അപകടമാണെന്നു മനസ്സിലാക്കിയതോടെയാണ് മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് സമീപത്ത് കിടങ്ങ് നിര്‍മിച്ച് രക്ഷാപ്രവര്‍ത്തനം തുടങ്ങാൻ തീരുമാനിച്ചത്.നാലു ദിവസത്തോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലാണ് ദുഖവാര്‍ത്ത പുറത്തു വരുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.