1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 7, 2022

സ്വന്തം ലേഖകൻ: കാനഡയില്‍ കോവിഡ് വാക്സിന്‍ നിര്‍ദേശങ്ങള്‍ക്കെതിരെ ട്രക്കര്‍മാരുടെ പ്രതിഷേധം തുടരുകയാണ്. ട്രക്കര്‍മാര്‍ നഗരം വളഞ്ഞതിനാല്‍ ഒട്ടാവയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചെന്ന് മേയര്‍ ജിം വാട്‌സൺ അറിയിച്ചു.

“നിലവിലെ സാഹചര്യം നിയന്ത്രണാതീതമാണ്. ജനങ്ങളുടെ സുരക്ഷിതത്വം അപകടത്തിലാണ്. സർക്കാരിന്‍റെ പിന്തുണ ആവശ്യമുണ്ട്. പ്രതിഷേധക്കാരുടെ എണ്ണം പൊലീസുകാരുടെ എണ്ണത്തേക്കാള്‍ കൂടുതലാണ്. ഈ യുദ്ധത്തില്‍ ഞങ്ങള്‍ പരാജയപ്പെടുകയാണ്. നമ്മുടെ നഗരത്തെ തിരിച്ചുപിടിക്കണം,” മേയര്‍ പറഞ്ഞു.

ജനുവരി 29ന് കാനഡയുടെ തലസ്ഥാനത്തെത്തിയാണ് ട്രക്കര്‍മാര്‍ പ്രതിഷേധം തുടങ്ങിയത്. അതിശൈത്യം അവഗണിച്ച് തലസ്ഥാനത്തെത്തിയ ട്രക്കര്‍മാര്‍ കൂറ്റന്‍ വാഹനങ്ങള്‍ റോഡുകളില്‍ പാര്‍ക്ക് ചെയ്തു. താത്കാലിക ടെന്‍റുകള്‍ കെട്ടി പ്രതിഷേധം തുടങ്ങി. തലസ്ഥാനത്തെ സ്തംഭിപ്പിക്കുന്ന വിധത്തില്‍ പ്രതിഷേധം പലപ്പോഴും അക്രമാസക്തമായി. പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും കുടുംബവും രാജ്യതലസ്ഥാനം വിട്ട് രഹസ്യകേന്ദ്രത്തിലേക്ക് മാറിയതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.

വാക്സിനെടുത്തവര്‍ക്കു മാത്രമേ യുഎസ്-കനേഡിയൻ അതിർത്തി കടക്കാന്‍ അനുമതി നല്‍കൂ എന്ന നിബന്ധനയാണ് ട്രക്ക് ഡ്രൈവര്‍മാരെ രോഷാകുലരാക്കിയത്. തുടക്കത്തില്‍ വാക്സിന്‍ നിര്‍ദേശങ്ങള്‍ക്കെതിരെ ആയിരുന്നു പ്രതിഷേധമെങ്കില്‍, പിന്നീട് കോവിഡ് നിയന്ത്രണങ്ങള്‍ക്കും ട്രൂഡോ സര്‍ക്കാരിനുമെതിരായ പ്രതിഷേധമായി മാറുകയായിരുന്നു. എയര്‍ ഹോണുകള്‍ നിര്‍ത്താതെ മുഴക്കിയും ട്രക്കുകള്‍ നടുറോഡില്‍ പാര്‍ക്ക് ചെയ്തും ട്രക്കര്‍മാര്‍ ഉപദ്രവിക്കുകയാണെന്ന് പ്രദേശവാസികള്‍ പരാതിപ്പെട്ടു. കോവിഡ് നിയന്ത്രണങ്ങൾ പിന്‍വലിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് ട്രക്കർമാരും അവരെ പിന്തുണയ്ക്കുന്നവരും പ്രഖ്യാപിച്ചു. പ്രതിഷേധക്കാരുടെ കുത്തിയിരിപ്പ് സമരത്തില്‍ ഗ്യാസുകളും മറ്റും എത്തിച്ച് സഹായിക്കുന്നവരെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി.

ഒട്ടാവയില്‍ മാത്രമല്ല ടൊറന്‍റോ, ക്യൂബെക്ക്, വിന്നിപെഗ് നഗരങ്ങളിലും പ്രതിഷേധ പ്രകടനങ്ങളുണ്ടായി. “ഈ സംഘം നമ്മുടെ ജനാധിപത്യത്തിന് ഭീഷണിയാണ്. ഇത് ഒട്ടാവയുടെ മാത്രം പ്രശ്നമല്ല. രാജ്യവ്യാപകമായ കലാപമാണ്. ഇത് ഭ്രാന്താണ്,“ സിറ്റി കൗൺസിൽ അംഗം ഡയാൻ ഡീൻസ് പ്രതിഷേധക്കാരെക്കുറിച്ച് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.