
സ്വന്തം ലേഖകൻ: ഒസാമ ബിന്‍ ലാദന്‍റെ മകന്‍ അഫ്ഗാനിസ്ഥാനില്‍ പോയി താലിബാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്. 2021 ഒക്ടോബറിലാണ് ബിന്‍ലാദന്‍റെ മകന്‍ അഫ്ഗാൻ സന്ദർശിച്ചതെന്നാണ് യുഎൻ പുറത്തിറക്കിയ പുതിയ റിപ്പോർട്ടിൽ പറയുന്നത്. അഫ്ഗാനിലെ വിദേശ ഭീകരരുടെ പ്രവർത്തനങ്ങൾ പരിമിതപ്പെടുത്താൻ താലിബാൻ നടപടികൾ സ്വീകരിച്ചതായി കാണുന്നില്ലെന്നും റിപ്പോർട്ടിലുണ്ട്. സമീപകാല ചരിത്രത്തിൽ മറ്റേത് കാലത്തേക്കാളും കൂടുതൽ സ്വാതന്ത്രൃമാണ് ഭീകര ഗ്രൂപ്പുകൾ ഇന്ന് അഫ്ഗാനിസ്ഥാനിൽ അനുഭവിക്കുന്നതെന്നും റിപ്പോർട്ടിലുണ്ടെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.
ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിലിന്‍റെ അനലിറ്റിക്കല്‍ സപ്പോര്‍ട്ട് ആന്‍ഡ് സാങ്ഷന്‍സ് മോണിറ്ററിങ് ടീമിന്‍റെ ഇരുപത്തൊമ്പതാമത് റിപ്പോർട്ടാണ് ഈ ആഴ്ച പ്രസിദ്ധീകരിച്ചിരിക്കുന്നത്. വർഷത്തിൽ രണ്ട് തവണയാണ് യുഎൻ ഈ സപ്പോർട്ട് തയ്യാറാക്കുന്നത്. ഇസ്ലാമിക് സ്‌റ്റേറ്റ്, അൽ-ഖ്വയ്ദ തുടങ്ങിയ തീവ്രവാദ ഗ്രൂപ്പുകൾക്കെതിരെയുള്ള ഉപരോധം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് റിപ്പോർട്ട്.
2021 ഓഗസ്റ്റിൽ താലിബാന്‍ അഫ്ഗാനിസ്ഥാന്‍റെ ഭരണം ഏറ്റെടുത്തതിന് ശേഷമുള്ള അഫ്ഗാനിസ്ഥാനിലെയും അയല്‍രാജ്യങ്ങളിലെയും സുരക്ഷാ സ്ഥിതിഗതികളും യു എന്‍ റിപ്പോര്‍ട്ട് അവലോകനം ചെയ്യുന്നുണ്ട്. അല്‍ഖ്വയ്ദയും താലിബാനും തമ്മിലുള്ള ബന്ധം വ്യക്തമാണെന്നാണ് റിപ്പോർട്ട് പറയുന്നത്. ഇതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നത്, ഒസാമ ബിന്‍ ലാദന്‍റെ സുരക്ഷ ഏകോപിപ്പിച്ച അമിന്‍ മുഹമ്മദ് ഉള്‍-ഹഖ് സാം ഖാന്‍ ഓഗസ്റ്റ് അവസാനത്തോടെ അഫ്ഗാനിസ്ഥാനിലെ തന്‍റെ വീട്ടിലേക്ക് മടങ്ങിയതാണ്.
അതേസമയം താലിബാനെതിരെ അല്‍-ഖ്വയ്ദ ‘തന്ത്രപരമായ മൗനം’ പാലിക്കുന്നുണ്ടെന്നും. അന്താരാഷ്ട്ര നിയമസാധുത നേടാനുള്ള താലിബാന്‍റെ ലക്ഷ്യത്തെ തുടർന്നാകാം അതെന്നും റിപ്പോർട്ട് പറയുന്നു. താലിബാന്‍റെ ‘വിജയത്തെ’ ആദ്യം അഭിനന്ദിച്ച പ്രസ്താവനയ്ക്ക് ശേഷം അൽഖ്വയ്ദയും കൂടുതൽ പ്രതികരണങ്ങൾ നടത്തിയിട്ടില്ല. വിദേശത്ത് വലിയ രീതിയിലുള്ള ആക്രമണങ്ങൾ നടത്താനുള്ള കഴിവ് അൽ-ഖ്വയ്ദയ്ക്ക് ഇപ്പോൾ ഇല്ലെന്നും യുഎൻ റിപ്പോർട്ടിലുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല