1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 8, 2022

സ്വന്തം ലേഖകൻ: ദുബായില്‍ രണ്ടു വര്‍ഷത്തിനകം ഒറ്റത്തവണ മാത്രം ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് കാരിബാഗുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ തീരുമാനം. ഘട്ടം ഘട്ടമായി പദ്ധതി നടപ്പിലാക്കാനാണ് ദുബായ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ആദ്യ പടിയായി ഈ വര്‍ഷം ജൂലൈ ഒന്നു മുതല്‍ സിംഗിള്‍ യൂസ് പ്ലാസ്റ്റിക് കാരി ബാഗുകള്‍ക്ക് 25 ഫില്‍സ് ചാര്‍ജ് ഈടാക്കാനും യോഗത്തില്‍ തീരുമാനമായി.

രാജ്യത്ത് പാരിസ്ഥിതിക സുസ്ഥിരത വര്‍ധിപ്പിക്കുന്നതിനും പ്ലാസ്റ്റിക്കിന്റെ അമിതമായ ഉപയോഗം കുറയ്ക്കുന്നതിന് വ്യക്തികളെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് ഫീസ് ഈടാക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ഇതുപ്രകാരം റീട്ടെയില്‍ സ്റ്റോറുകള്‍, ടെക്‌സ്‌റ്റൈല്‍, ഇലക്ട്രോണിക് സ്റ്റോറുകള്‍, റെസ്റ്റോറന്റുകള്‍, ഫാര്‍മസികള്‍, ഓണ്‍ലൈന്‍, ഇ-കൊമേഴ്സ് ഡെലിവറികള്‍ എന്നിവയുള്‍പ്പെടെ ദുബായിലുടനീളമുള്ള എല്ലാ സ്റ്റോറുകളിലും താരിഫ് നടപ്പിലാക്കും.

സമൂഹത്തിന്റെ ശീലം ക്രമേണയായി മാറ്റിയെടുത്ത് രണ്ട് വര്‍ഷത്തിനുള്ളില്‍ ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന ക്യാരിബാഗുകള്‍ പൂര്‍ണമായും നിരോധിക്കുകയാണ് ലക്ഷ്യം. ആദ്യ ഘട്ടത്തിലെ പുരോഗതി വിലയിരുത്തിയ ശേഷം തുടര്‍ നടപടികള്‍ കൈക്കൊള്ളാനാണ് അധികൃതരുടെ തീരുമാനം. പ്രകൃതി വിഭവങ്ങളും പാരിസ്ഥിതിക ആവാസ വ്യവസ്ഥകളും സംരക്ഷിക്കുന്നതിന് ജനങ്ങളുടെ പാരിസ്ഥിതിക അവബോധത്തില്‍ മാറ്റങ്ങളുണ്ടാകേണ്ടത് അനിവാര്യമാണെന്നും കൗണ്‍സില്‍ വിലയിരുത്തി.

സിംഗിള്‍ യൂസ് പ്ലാസ്റ്റിക് ബാഗുകള്‍ക്ക് താരിഫ് ഈടാക്കുന്ന രീതി നിലവില്‍ 30ലധികം രാജ്യങ്ങളില്‍ പ്രാബല്യത്തില്‍ ഉണ്ട്. ആഗോളതലത്തില്‍ 90ലധികം രാജ്യങ്ങളില്‍ ഭാഗികമോ പൂര്‍ണമോ ആയ നിരോധനം ഇവയ്ക്ക് ഏര്‍പ്പെടുത്തിയതായും കൗണ്‍സില്‍ ചൂണ്ടിക്കാട്ടി. അതോടൊപ്പം ദുബായിലെ എല്ലാ ബിസിനസ് സ്ഥാപനങ്ങളും സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനത്തെ പൂര്‍ണമായും പിന്തുണച്ചതായി കൗണ്‍സില്‍ നടത്തിയ സര്‍വേ കണ്ടെത്തി.

സര്‍വേയില്‍ പങ്കെടുത്ത രാജ്യത്തെ 85 ശതമാനം നിവാസികളും തീരുമാനത്തെ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. പ്ലാസ്റ്റിക്ക് കാരിബാഗുകള്‍ക്കു പകരം തുണി, ചണം, കടലാസ് തുടങ്ങിയവ കൊണ്ടുള്ള കാരി ബാഗുകള്‍ പ്രചാരത്തില്‍ വരുത്താനാണ് കൗണ്‍സില്‍ തീരുമാനം. ഇതിനു പുറമെ, 2022 ജനുവരി മുതല്‍ മാലിന്യ നിര്‍മാര്‍ജനത്തിന്റെ ഭാഗമായി പ്രത്യേക ഫീസ് ഏര്‍പ്പെടുത്താനും ദുബായ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ യോഗം തീരുമാനിച്ചു.

ഇത് മാലിന്യ ഉല്‍പ്പാദനം ഗണ്യമായി കുറയ്ക്കാനും ഔദ്യോഗികമായി സ്ഥാപിച്ചിരിക്കുന്ന മാലിന്യ നിക്ഷേപ കേന്ദ്രങ്ങളില്‍ തന്നെ മാലിന്യം വലിച്ചെറിയാനും സഹായിക്കും. മാലിന്യം വിഭവങ്ങളാക്കി മാറ്റാന്‍ ലക്ഷ്യമിട്ടുള്ള നിരവധി പദ്ധതികളില്‍ ദുബായ് സര്‍ക്കാര്‍ നിക്ഷേപം നടത്തിയിട്ടുള്ളതായും കൗണ്‍സില്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.