
സ്വന്തം ലേഖകൻ: യുക്രൈനിലേക്ക് റഷ്യസൈനിക നീക്കം നടത്തിയാൽ റഷ്യയിൽ നിന്ന് ജർമനിയിലേക്കുള്ള വാതക പൈപ്പ് ലൈൻ പദ്ധതി മുന്നോട്ട് പോകില്ലെന്ന് അമേരിക്കന്‍ പ്രസിഡെൻറ മുന്നറിയിപ്പ്. ജർമ്മൻ ചാൻസലർ ഒലഫ് ഷോൾസുമായി വൈറ്റ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ മുന്നറിയിപ്പ് നൽകിയത്.
പ്രകൃതി വാതക ഉൽപാദനത്തിൽ ഏറെ മുന്നിലുള്ള രാജ്യമാണ് റഷ്യ. ജർമനിയാകട്ടെ പ്രധാന വാതക ഉപഭോഗ രാജ്യവുമാണ്. റഷ്യയിൽ നിന്ന് ജർമനിയിലേക്കുള്ള പ്രകൃതി വാതക നീക്കം വർധിപ്പിക്കുന്ന പുതിയ ഗ്യാസ് പൈപ്പ്ലൈൻ പദ്ധതി മുടക്കുമെന്നാണ് അമേരിക്ക മുന്നറിയിപ്പ് നൽകുന്നത്.
നിലവില്‍ ഒരു ലക്ഷത്തിലധികം വരുന്ന സൈന്യത്തെ യുക്രൈൻ അതിർത്തിയിൽ റഷ്യ വിന്യസിച്ചിട്ടുണ്ട്. ഏത് നിമിഷവും റഷ്യയുടെ ഭാഗത്തു നിന്ന് ഒരു സൈനിക നീക്കം നടക്കാനുള്ള സാധ്യതയാണ് മേഖലയിലുള്ളത്. യുക്രൈനിലുള്ള അമേരിക്കൻ പൗരൻമാരോട് മടങ്ങാൻ പ്രസിഡൻറ് ബൈഡൻ ആവശ്യപ്പെട്ടിട്ടുണ്ട്. റഷ്യ സൈനിക നീക്കം നടത്താതിരിക്കാനുള്ള സമ്മർദ തന്ത്രങ്ങൾ അമേരിക്ക സജീവമാക്കിയിട്ടുണ്ട്.
റഷ്യയുടെ ഭാഗത്തു നിന്ന് സൈനിക നീക്കമുണ്ടായാൽ മുന്നനുഭവങ്ങളില്ലാത്തവിധം കടുത്ത ഉപരോധം ഏർപ്പെടുത്തുമെന്ന് ബൈഡൻ പറഞ്ഞു. ജർമനിയിലേക്കുള്ള വാതക പൈപ്പ് ലൈൻ പദ്ധതി മുടങ്ങിയാൽ അത് റഷ്യക്ക് കടുത്ത തിരിച്ചടിയാകും.
അതേസമയം, വാതക പൈപ്പ് ലൈൻ പദ്ധതി മുടങ്ങുമെന്ന് ജർമൻ അധികൃതർ പ്രഖ്യാപിച്ചിട്ടില്ല. അമേരിക്ക പ്രധാന സഖ്യകക്ഷിയാണെന്നും യുദ്ധമൊഴിവാക്കാൻ കൂടെയുണ്ടാകുമെന്നുമാണ് ജർമൻ ചാൻസലർ പ്രഖ്യാപിച്ചത്. വാതക പൈപ്പ്ലൈൻ പദ്ധതി മുടക്കുമെന്ന അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡെൻറ പ്രസ്താവന ജർമനി തള്ളിയിട്ടുമില്ല.
റഷ്യ യുക്രെയ്ൻ ആക്രമിക്കുമെന്ന ആശങ്ക ഉയരുന്നതിനിടെ ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ റഷ്യയിലെത്തി ചർച്ച നടത്തി. പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തിയ മക്രോ ഇന്നു യുക്രെയ്നിലേക്കു പോകും. യുക്രെയ്ന്റെ പരമാധികാരത്തിനു നേരെ ഭീഷണി ഉയരാൻ പാടില്ലെന്നും സംഘർഷാവസ്ഥ പരിഹരിക്കണമെന്നും പുടിനുമായുള്ള ചർച്ചയിൽ മക്രോ പറഞ്ഞു. മോസ്കോയിലെത്തും മുൻപ് യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു.
അതിനിടെ, യുഎസിലെത്തിയ ജർമൻ ചാൻസലർ ഒലാഫ് ഷോൾസ്, ബൈഡനെ കണ്ടശേഷം യുക്രെയ്നിലേക്കും പിന്നീട് മോസ്കോയിലേക്കും പോകും. 2015ൽ യുക്രെയ്ൻ– റഷ്യ തർക്കം തീർത്തത് ഫ്രാൻസും ജർമനിയും ചേർന്നാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല