
സ്വന്തം ലേഖകൻ: ഒമിക്രോണ്‍ തരംഗം ആഞ്ഞടിച്ചിട്ടും ബ്രിട്ടന്‍ കോവിഡിനെ മെരുക്കുന്നു. ഇന്നലെ രാജ്യത്തു പ്രതിദിന രോഗികള്‍ 60,000 ല്‍ താഴെയെത്തി. 57,623 പേര്‍ക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച്ചയിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 38 ശതമാനത്തിന്റെ കുറവാണ് അക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. തുടര്‍ച്ചയായ ആറാം ദിവസമാണ് പ്രതിവാരാടിസ്ഥാനത്തില്‍ വ്യാപനതോത് കുറയുന്നത്.
രാജ്യത്തു മരണനിരക്കും കുറയുകയാണ്. ഇന്നലെ 45 കോവിഡ് മരണങ്ങളാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞയാഴ്ച്ചയിലേതിനേക്കാള്‍ 10 ശതമാനം കുറവാണിത്. മാത്രമല്ല, കഴിഞ്ഞ ഒരു മാസത്തെ കണക്കെടുക്കുകയാണെങ്കില്‍ ഏറ്റവും കുറഞ്ഞ മരണം നടന്ന ദിവസം കൂടിയായിരുന്നു ഇത്. രോഗം മൂര്‍ച്ഛിച്ച് ആശുപത്രികളില്‍ ചികിത്സതേടിയെത്തുന്ന കോവിഡ് രോഗികളുടെ എണ്ണത്തിലും തുടര്‍ച്ചയായി കുറവ് തന്നെയാണ് ഉണ്ടാകുന്നത്. ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് ഫെബ്രുവരി 5 ന് 1,077 പേരെയാണ് വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചത്. തൊട്ടു മുന്‍പത്തെ ആഴ്ച്ചയിലേതിനേക്കാള്‍ 20 ശതമാനത്തിന്റെ കുറവാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്.
രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം, രോഗം ഗുരുതരമായി ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം, മരണ നിരക്ക് എന്നീ മൂന്നു കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് രോഗവ്യാപനത്തിന്റെ ഗൗരവം പരിഗണിക്കുന്നത്. ഈ മൂന്നിലും തുടര്‍ച്ചയായ കുറവ് അനുഭവപ്പെടുന്നത് രാജ്യം മഹാമാരിയെ കീഴടക്കി എന്നതിന്റെ സൂചന തന്നെയാണ്. യാതൊരു നിയന്ത്രണങ്ങളും ഇപ്പോള്‍ നിലനില്‍ക്കുന്നില്ല എന്നത് കൂടി പരിഗണിക്കുമ്പോള്‍ യുകെ കോവിഡിനെ കീഴടക്കി തുടങ്ങി എന്ന് പറയാം. വാക്സിനേഷന്റെ വിജയം കൂടിയാണിത്.
യു കെ ഹെല്‍ത്ത് സെക്യുരിറ്റി ഏജന്‍സിയുടെ കണക്കുകള്‍ കാണിക്കുന്നത് നാല് അംഗരാജ്യങ്ങളില്‍ മൂന്നിലും ഒരാഴ്ച്ചയായി രോഗവ്യാപനം ഗണ്യമായി കുറയുന്നു എന്നാണ്. ഇംഗ്ലണ്ടില്‍ 40 ശതമാനത്തിന്റെ കുറവുണ്ടായപ്പോള്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ 25 ശതമാനത്തിന്റെയും വെയില്‍സില്‍ 25 ശതമാനത്തിന്റെയും കുറവ് രേഖപ്പെടുത്തി. സ്‌കോട്ട്‌ലാന്‍ഡില്‍ മാത്രമാണ് തൊട്ടു മുന്‍പത്തെ ആഴ്ച്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞയാഴ്ച്ച രോഗവ്യാപനതോതില്‍ വര്‍ദ്ധനവ് ഉണ്ടായത്. 30 ശതമാനം വര്‍ദ്ധനവാണ് സ്‌കോട്ട്‌ലാന്‍ഡില്‍ രോഗവ്യാപനതോതില്‍ രേഖപ്പെടുത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല