
സ്വന്തം ലേഖകൻ: സർക്കാർ മേഖലയിൽ ‘വർക്ക് ഫ്രം ഹോം’ ഏർപ്പെടുത്തുന്നതിന് സൗദി അറേബ്യ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം (എം.എച്ച്.ആർ.എസ്.ഡി) അംഗീകാരം നൽകി. സിവിൽ സർവിസിലെ തൊഴിലുമായി ബന്ധപ്പെട്ട നിയമത്തിലെ എക്സിക്യൂട്ടീവ് ചട്ടങ്ങളിൽ ഭേദഗതികളും കൂട്ടിച്ചേർക്കലുകളും മന്ത്രാലയം അവതരിപ്പിച്ചു.
വൈവിധ്യവൽക്കരണം കൈവരിക്കുന്നതിന്‍റെയും, വിവിധ തൊഴിൽ പരിതസ്ഥിതികളിൽ ജോലിയുടെ തുടർച്ച ഉറപ്പാക്കുന്നതിന്‍റെയും ഭാഗമായാണ് പുതിയ തൊഴിൽ രീതിയെന്ന നിലയിൽ ‘വർക്ക് ഫ്രം ഹോം’ മന്ത്രാലയത്തിന്‍റെ അംഗീകാരം. ഒരു സർക്കാർ സ്ഥാപനത്തിലെ റിമോട്ട് ജോലിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും എം.എച്ച്.ആർ.എസ്.ഡി കമ്മിറ്റി പരിഗണിക്കും. ഇതനുസരിച്ച് വിദൂര ജോലികളിൽ സാധാരണയായി ഉപയോഗിക്കുന്ന ഇലക്ട്രോണിക്, സ്മാർട്ട് സംവിധാനങ്ങളും ഇൻഫർമേഷൻ ടെക്നോളജി മാർഗങ്ങളും ഉപയോഗിച്ച് ജോലിസ്ഥലത്തിന് പുറത്ത് തങ്ങളുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും നിർവഹിക്കാൻ ജീവനക്കാരെ അനുവദിക്കും.
ടെലിവർക്ക് കമ്മിറ്റിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിൽ ഓൺലൈനായി കൈകാര്യം ചെയ്യാവുന്ന ജോലികൾക്ക് മന്ത്രാലയം അനുമതി നൽകും. കൂടാതെ സർക്കാർ സ്ഥാപനങ്ങൾക്ക് വിദൂരമായി കൈകാര്യം ചെയ്യാവുന്ന നിർദ്ദിഷ്ട ജോലികൾ നിർദ്ദേശിക്കാനും നിർദ്ദേശങ്ങൾ സമർപ്പിക്കാനും ടെലിവർക്ക് കമ്മിറ്റിക്ക് കഴിയും. മന്ത്രാലയത്തിന്‍റെ ടെലിവർക്കിങ് സംരംഭങ്ങൾ ഗ്രാമീണ മേഖലകളിൽ സൗദികൾക്കും യോഗ്യരായ വ്യക്തികൾക്കും അവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം തൊഴിൽ വിപണിയിൽ സ്ത്രീകളുടെ പങ്കാളിത്തത്തിന് മുൻഗണന നൽകുകയും ചെയ്യുന്നു.
അതിനിടെ സൗദിയിൽ ആഴ്ചകൾക്ക് ശേഷം അത്യാസന്ന നിലയിലുള്ളവരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തി. പുതിയ കോവിഡ് കേസുകളിലും കുറവാണ് റിപ്പോർട്ട് ചെയ്തത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും പ്രകടമായ കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,697 പേരിൽ കോവിഡ് പരിശോധന നടത്തിയപ്പോൾ 3370 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. 3464 പേർക്ക് ഭേദമാകുകയും ചെയ്തു.
കൂടാതെ 21 പേർ അത്യാസന്ന നില തരണം ചെയ്തിട്ടുണ്ട്. ഇതോടെ ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം കുറഞ്ഞ് 1069 ലെത്തി. ആഴ്ചകൾക്ക് ശേഷമാണ് അത്യാസന്ന നിലയിലുള്ളവരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറഞ്ഞ് 2.53 ശതമാനത്തിലെത്തി. പ്രധാന നഗരങ്ങളിലെല്ലാം ആക്ടീവ് കേസുകൾ കുറഞ്ഞ് വരുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. രാജ്യത്തൊട്ടാകെ 32,000ൽ അധികം പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല