
സ്വന്തം ലേഖകൻ: യുഎസ് പൗരന്‍മാര്‍ എത്രയും പെട്ടെന്ന് യുക്രൈന്‍ വിടണമെന്ന് പ്രസിഡന്റ് ജോ ബൈഡന്റെ ആഹ്വാനം. ‘ലോകത്തിലെ വലിയ സൈന്യവുമായാണ് നമ്മള്‍ ഇടപാട് നടത്തുന്നത്. വളരെ വ്യത്യസ്തമായ സാഹചര്യമാണ്. കാര്യങ്ങള്‍ ഏതുനിമിഷവും കൈവിട്ടുപോകാം”, ബൈഡന്‍ പറഞ്ഞു. റഷ്യന്‍ അധിനിവേശമുണ്ടായാല്‍ അമേരിക്കക്കാരെ രക്ഷിക്കാന്‍ പോലും ഒരു കാരണവശാലും യുക്രൈനിലേക്ക് യുഎസ് സൈനികരെ അയക്കില്ലെന്നും ബൈഡന്‍ ആവര്‍ത്തിച്ചു.
യുക്രൈന്‍ അതിര്‍ത്തിയിലേക്ക് റഷ്യയുടെ വിവിധഭാഗങ്ങളില്‍നിന്ന് കൂടുതല്‍ സൈനികര്‍ എത്തിക്കൊണ്ടിരിക്കുകയാണെന്ന് യുഎസ് പ്രതിരോധമന്ത്രാലയ ആസ്ഥാനമായ പെന്റഗണ്‍ പറഞ്ഞിരുന്നു. 24 മണിക്കൂറിനിടെ ബെലാറസ്, യുക്രൈന്‍ അതിര്‍ത്തിയിലെ സേനാവിന്യാസം റഷ്യ വേഗത്തിലാക്കിയെന്ന് പെന്റഗണ്‍ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു. നിലവില്‍ ഏകദേശം 1.3 ലക്ഷം സൈനികര്‍ സര്‍വ്വസജ്ജമായി നിലയുറപ്പിച്ചിട്ടുണ്ടെന്നാണ് അനുമാനമെന്നും കൃത്യമായ എണ്ണം പറയാനാകില്ലെങ്കിലും വടക്കന്‍ മേഖലയിലേക്കുള്ള സൈനികരുടെ ഒഴുക്കുവര്‍ധിച്ചതായും അദ്ദേഹം പറഞ്ഞു.
ഇതിനിടെ, യുക്രൈനുമായി അതിര്‍ത്തിപങ്കിടുന്ന ബെലാറസുമായി ചേര്‍ന്ന് റഷ്യ പത്തുദിവസത്തെ സംയുക്ത സേനാഭ്യാസം തുടങ്ങി. യുക്രെയ്ന്‍ അതിര്‍ത്തിയില്‍ നിന്ന് 1000 കിലോമീറ്റര്‍ അകലെയായാണ് ബെലാറൂസ് റഷ്യന്‍ സംയുക്ത സേനാഭ്യാസം. വടക്കന്‍ അതിര്‍ത്തിയിലെ ഒരുലക്ഷം സൈനികരെ നിലനിര്‍ത്താന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്റെ നിര്‍ദേശമുണ്ടെന്നും യുക്രൈനുമേല്‍ ശക്തമായ അധിനിവേശം നടത്തുമെന്ന സൂചനയാണിതെന്നും കിര്‍ബി ചൂണ്ടിക്കാട്ടി.
യുക്രെയ്ൻ അതിർത്തിയിൽ വൻ സൈനിക വിന്യാസം നടത്തിയതോടെ മേഖലയിൽ ഉടലെടുത്ത സംഘർഷത്തിന് റഷ്യ അയവു വരുത്തണമെന്ന് ബ്രിട്ടീഷ് നയതന്ത്ര പ്രതിനിധികൾ ആവശ്യപ്പെട്ടു. യുക്രെയ്നെ ആക്രമിച്ചാൽ റഷ്യ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ലിസ് ട്രൂസ് ആവർത്തിച്ച് മുന്നറിയിപ്പു നൽകി. യുക്രെയ്നിന്റെ പരമാധികാരവും സ്വാതന്ത്ര്യവും മാനിക്കാനും മേഖലയിലെ സംഘർഷത്തിന് പരിഹാരം കാണാനും റഷ്യ തയാറാകണമെന്നും ട്രൂസ് ആവശ്യപ്പെട്ടു.
അതേസമയം, പാശ്ചാത്യ രാജ്യങ്ങളുടെ ക്ലാസ് ആവശ്യമില്ലെന്ന് റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ് താക്കീതിന്റെ സ്വരത്തിൽ മറുപടി നൽകി. അതിർത്തിയിൽ ലക്ഷത്തിലേറെ സൈനികരടക്കം വൻ സന്നാഹമാണ് റഷ്യ സജ്ജമാക്കിയിട്ടുള്ളത്. യുക്രെയ്ൻ ഉൾപ്പെടെയുള്ള മുൻ സോവിയറ്റ് രാഷ്ട്രങ്ങൾക്ക് നാറ്റോ അംഗത്വം നൽകരുതെന്നും ആയുധം നൽകരുതെന്നും കിഴക്കൻ യൂറോപ്പിലെ സൈനികരെ പിൻവലിക്കണമെന്നുമാണ് റഷ്യയുടെ പ്രധാന ആവശ്യങ്ങൾ. ഇത് യുഎസും നാറ്റോയും തള്ളിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല