1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 12, 2022

സ്വന്തം ലേഖകൻ: യുക്രൈനില്‍ ഏത് നിമിഷവും റഷ്യയുടെ വ്യോമാക്രമണം ഉണ്ടാകാമെന്ന അമേരിക്കന്‍ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ യുക്രൈനിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിദേശകാര്യ മന്ത്രാലയം അതീവജാഗ്രതയ്ക്ക് നിര്‍ദേശം നല്‍കി.
മുന്‍കരുതല്‍ നടപടികളെല്ലാം കൈക്കൊണ്ട് അവിടെയുള്ള ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കാനുള്ള നീക്കം പൂര്‍ത്തിയാക്കാന്‍ യുക്രൈനിലെ സ്ഥാനപതി കാര്യാലയത്തിന് നിര്‍ദ്ദേശം നല്‍കി.

റഷ്യയുടെ ഭാഗത്തുനിന്ന് സൈനിക നടപടികള്‍ ഉണ്ടാകുമെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ ആണ് നിര്‍ദേശം. പൗരന്മാരെ മടക്കി കൊണ്ടുവരാന്‍ രണ്ട് പദ്ധതികളാണ് ഇന്ത്യ ആവിഷ്‌കരിച്ചിരിക്കുന്നത്. ഒന്ന് സാധാരണ വിമാന സര്‍വീസ് വഴിയാണ്. സംഘര്‍ഷം മൂര്‍ഛിക്കുകയോ, റഷ്യ ആക്രമണം തുടങ്ങുകയോ ചെയ്താല്‍ സൈനിക വിമാനങ്ങള്‍ വഴി പൗരന്മാരെ യുക്രൈനില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തിക്കും.

പൗരന്‍മാരോട് ഉടന്‍ രാജ്യം വിടണമെന്നാണ് അമേരിക്കയും നിര്‍ദേശം നല്‍കിയിരിക്കുന്നത്. 48 മണിക്കൂറിനുള്ളില്‍ രാജ്യം വിടണമെന്നാണ് അമേരിക്കന്‍ പൗരന്മാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ബ്രിട്ടന്‍, കാനഡ എന്നീ രാജ്യങ്ങളും പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. റഷ്യ-യുക്രൈന്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടാല്‍ പൗരന്മാരെ രക്ഷിക്കുക പ്രയാസമാകുമെനാണു വിലയിരുത്തല്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.