
സ്വന്തം ലേഖകൻ: സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രൊഫൈലുകൾ സൃഷ്ടിച്ച് നടത്തുന്ന തട്ടിപ്പ് വ്യാപകമാകുന്നു. വ്യക്തികളുടെ ഫോട്ടോയും മറ്റു വിവരങ്ങളും ചേർത്തു സമാനമായ മറ്റൊരു പ്രൊഫൈൽ ഉണ്ടാക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു മെസഞ്ചറിൽ വ്യക്തിഗത സന്ദേശം അയച്ച് പണം തട്ടുകയാണു സംഘത്തിന്റെ രീതി.
ഇങ്ങനെ പലരുടെയും വ്യാജ അക്കൗണ്ടിൽനിന്ന് ലഭിച്ച സന്ദേശത്തിൽ സംശയം തോന്നിയ സുഹൃത്തുക്കൾ യഥാർഥ വ്യക്തിയുമായി ബന്ധപ്പെടുമ്പോഴാണു തട്ടിപ്പ് പുറത്തറിയുന്നത്. എന്നാൽ വീണ്ടുവിചാരമില്ലാതെ സന്ദേശത്തിനു മറുപടി നൽകിയവർക്ക് നിമിഷ നേരം കൊണ്ട് പണം നഷ്ടപ്പെടുകയും ചെയ്യുന്നു.
യുഎഇയിലെ പ്രമുഖ സ്ഥാപനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും വെബ്സൈറ്റുകളുടെയും മൊബൈൽ ആപ്പുകളുടെയും പേരിൽ നിർമിച്ച നൂറുകണക്കിന് വ്യാജ അക്കൗണ്ടുകൾ സൈബർ സെക്യൂരിറ്റി വിദഗ്ധർ ഇടപെട്ട് തടഞ്ഞുവരികയാണ്. ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം ട്വിറ്റർ, ലിങ്ക്ഡ് ഇൻ, വാട്സാപ് തുടങ്ങി ഒട്ടുമിക്ക സമൂഹമാധ്യമ അക്കൗണ്ടുകളുടെയും വ്യാജ പ്രൊഫൈൽ ഉണ്ടാക്കുന്നുണ്ടെങ്കിലും ഫെയ്സ് ബുക്കിലാണ് വ്യാപകം.
സോഷ്യൽമീഡിയയിൽ അക്കൗണ്ടില്ലെങ്കിൽ വലിയ കുറവാണെന്ന് വിശ്വസിക്കുന്ന സമൂഹം അതിന്റെ സുരക്ഷാകാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധിക്കാത്തത് മുതലെടുത്താണ് തട്ടിപ്പുകാർ ജനങ്ങളെ കബളിപ്പിച്ച് പണം തട്ടുന്നത്. വിവിധ രാജ്യങ്ങൾ കേന്ദ്രീകരിച്ച് ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവരുണ്ട്. എന്നാൽ അടുത്തിടെ നിർമിച്ച വ്യാജ പ്രൊഫൈലുകളിൽ പലതും വടക്കേ ഇന്ത്യ കേന്ദ്രീകരിച്ചുള്ളതാണെന്നാണു സൂചന.
സുഹൃത്തുക്കളുടെ മെസഞ്ചറിൽ ക്ഷേമം അന്വേഷിച്ച് തുടങ്ങുന്ന സന്ദേശം ഇങ്ങനെ. “ഒരു സഹായം വേണം. അടിയന്തരമായി 10,000/20,000 രൂപ ഗൂഗിൾ പേയിലൂടെ അയയ്ക്കാമോ, നാളെ തിരിച്ചുതരാം” എന്നാണ് ഉള്ളടക്കം. ഗൂഗിൾ പേ ഇല്ലെന്ന് അറിയിക്കുന്നവർക്കു സുഹൃത്തിന്റേതാണ് എന്നു പറഞ്ഞ് ഒരു അക്കൗണ്ട് നമ്പറും നൽകും. പിന്നീട് തുരുതുരാ സന്ദേശമാണ്.
അയച്ചോ, എപ്പോൾ അയയ്ക്കും, എത്ര സമയമെടുക്കും എന്നൊക്കെ അറിയാവുന്ന ഇംഗ്ലിഷിൽ ചോദിച്ച് തുടരും. മലയാളത്തിൽ ചോദിച്ചാൽ മറുപടി കിട്ടില്ല. പണം കിട്ടില്ലെന്ന് ഉറപ്പായാൽ സ്ഥലം വിടും. സുഹൃത്തുക്കളിലൂടെ വിവരം അറിയുന്ന യഥാർഥ വ്യക്തി പരാതിപ്പെടുകയോ സന്ദേശം കിട്ടിയ വ്യക്തികളിൽ ഒട്ടേറെ പേർ വ്യാജ പ്രൊഫൈലാണെന്ന് (Fake profile) റിപ്പോർട്ട് ചെയ്യുകയോ ചെയ്താൽ മാത്രമേ നടപടിയുണ്ടാകൂ. ഇതിനുപക്ഷേ, കാലതാമസം എടുക്കും.
അതുവരെ വ്യാജന്മാർ സന്ദേശം അയച്ചുകൊണ്ടിരിക്കും. ജോലിത്തിരക്കുമൂലമോ മറ്റോ ഒത്തുനോക്കാനോ യഥാർഥ സുഹൃത്തിനെ നേരിൽ ബന്ധപ്പെട്ട് ചോദിച്ചറിയാനോ സമയമില്ലാത്തവരിൽ ആരെങ്കിലും പണം അയയ്ക്കുമെന്നാണ് തട്ടിപ്പുകാരുടെ പ്രതീക്ഷ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല