
സ്വന്തം ലേഖകൻ: അഞ്ചു മാസം മുൻപ് തുടങ്ങിവച്ച വ്യാപാര കരാർ ചർച്ചകളാണു സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറായി ഇന്ത്യയും യുഎഇയും ഒപ്പുവച്ചത്. കരാർ ചില മേഖലകളിലെ ചെറിയ നിയന്ത്രണങ്ങൾ ഒഴിച്ചാൽ സ്വതന്ത്ര്യ വ്യാപാര കരാർ തന്നെയാണ്. ഭാവിയിൽ ഇരു രാജ്യത്തെയും നിക്ഷേപ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നത് ലക്ഷ്യം വയ്ക്കുന്ന വിഷൻ ഡോക്യുമെന്റും ഒപ്പുവച്ചു.
ഏറ്റവും എളുപ്പം നടന്നതും രൂപപ്പെട്ടതുമായ ഉഭയകക്ഷി കരാർ കൂടിയാവും ഇത്. 88 ദിവസം കൊണ്ടാണ് ഉടമ്പടി രൂപപ്പെട്ടതെന്ന് കേന്ദ്ര മന്ത്രി പീയൂഷ് ഗോയലും വ്യക്തമാക്കി. ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇ സന്ദർശിക്കുമ്പോൾ ഒപ്പുവയ്ക്കാനായി തയാറാക്കിയതായിരുന്നു ഉടമ്പടി. എന്നാൽ കോവിഡ് മൂലം സന്ദർശനം മാറ്റിവയ്ക്കുകയായിരുന്നു.
ഇരു രാജ്യങ്ങളിലെയും നേതാക്കൾ തമ്മിലുള്ള ഊഷ്മള ബന്ധമാണ് എളുപ്പത്തിൽ കരാർ രൂപീകരിക്കാൻ സാധിച്ചത്. ഉഭയകക്ഷി ബന്ധത്തിലെ നിർണായക അധ്യായം എന്നാണ് ഉച്ചകോടിയെ വിദേശ കാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കറും വിശേഷിപ്പിച്ചത്. ന്യൂഡൽഹിയിൽ നടന്ന ഒപ്പുവയ്ക്കൽ ചടങ്ങിന് പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎഇ ഉപസർവസൈന്യാധിപനും അബുദാബി കിരീടാവകാശിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഓൺലൈനായി സാക്ഷികളായി. 2016ലും 2017ലും ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യ സന്ദർശിച്ചിരുന്നു.
പ്രധാനമന്ത്രി മോദിയാകട്ടെ 2015, 2016, 2017 വർഷങ്ങളിൽ യുഎഇയും സന്ദർശിച്ചു. ഇരുരാജ്യങ്ങളും തമ്മിൽ സമഗ്ര നയപങ്കാളിത്ത കരാർ 2017ൽ ഒപ്പുവച്ചിരുന്നു. എണ്ണയിതര മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിൽ നടക്കുന്ന ശരാശരി 3 ലക്ഷം കോടിയോളം രൂപയുടെ വ്യപാരം 5 വർഷത്തിനുള്ളിൽ ഏഴരലക്ഷം കോടിക്കു മുകളിൽ എത്തിക്കുകയാണു കരാറിന്റെ ലക്ഷ്യം.
ആയിരത്തിലധികം ഉൽപന്നങ്ങൾ യുഎയിലേക്ക് കയറ്റി അയയ്ക്കുമ്പോഴുണ്ടാകുന്ന തീരുവകൾ കുറയ്ക്കാൻ ഇന്ത്യയും, ഈന്തപ്പഴവും ബന്ധപ്പെട്ട ഉത്പന്നങ്ങളും ഇന്ത്യയിലേക്ക് കയറ്റി അയ്ക്കുമ്പോൾ ഇളവു ലഭിക്കണമെന്ന് യുഎഇയും ആഗ്രഹിക്കുന്നുണ്ട്. കാർഷിക ഉൽപന്നങ്ങൾ, ഔഷധങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും വ്യാപാരം വർധിപ്പിക്കാനും ഉദ്ദേശിക്കുന്നു.ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയാണ് യുഎഇ.
അറബ് ലോകത്ത് ഇന്ത്യയുടെ വ്യാപാരത്തിന്റെ 40 ശതമാനവും യുഎഇയുമായിട്ടാണ് നടക്കുന്നത്. അമേരിക്ക കഴിഞ്ഞാൽ ഇന്ത്യ ഏറ്റവും കൂടുതൽ ഉൽപന്നങ്ങൾ കയറ്റുമതി നടത്തുന്നതും യുഎഇയിലേക്കാണ്. ഇന്ത്യയിൽ നിക്ഷേപം നടത്തിയിട്ടുള്ള രാജ്യങ്ങളിൽ യുഎഇയ്ക്ക് എട്ടാം സ്ഥാനമുണ്ട്.
82,000 കോടിയിലേറെ രൂപയുടെ നിക്ഷേമാണ് രണ്ടുദശകത്തിനുള്ളിൽ യുഎഇ ഇന്ത്യയിൽ നടത്തിയത്. 6 ലക്ഷം കോടിയിലേറെ രൂപയുടെ നിക്ഷേപം ഇന്ത്യൻ കമ്പനികൾ യുഎഇയിലും നടത്തിയിട്ടുണ്ട്. മേന മേഖലയിലേക്കും മറ്റ് ജിസിസി രാജ്യങ്ങളിലേക്കുമുള്ള പ്രവേശനമാർഗമായി യുഎഇയെ കാണുന്ന ഇന്ത്യ, കൂടുതൽ നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കാനുള്ള മാർഗങ്ങളും വിഷൻ ഡോക്യുമെന്റിൽ രൂപീകരിച്ചിട്ടുണ്ടെന്ന് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല