1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 20, 2022

സ്വന്തം ലേഖകൻ: യാത്രാ ആവശ്യങ്ങള്‍ക്കോ പൊതു ഇടങ്ങളിലോ ചടങ്ങുകളിലോ പ്രവേശിക്കുന്നതിനോ വേണ്ടി കോവിഡ് പിസിആര്‍ ടെസ്റ്റിലെ ഫലത്തില്‍ ഏതെങ്കിലും തരത്തിലുള്ള കൃത്രിമം കാണിക്കുന്നവരെ കാത്തിരിക്കുന്നത് കര്‍ശനമായ ശിക്ഷ. തടവും ഏഴര ലക്ഷം ദിര്‍ഹം പിഴയുമാണ് അവരെ കാത്തിരിക്കുന്നത്. യുഎഇയില്‍ അല്‍ ഹുസ്ന്‍ ആപ്പിലാണ് കോവിഡ് പരിശോധനാ ഫലം തെളിയുക.

എന്നാല്‍, ചിലര്‍ ഇടയ്ക്കിടെ ടെസ്റ്റ് നടത്താനുള്ള വിമുഖത കൊണ്ടോ സാമ്പത്തിക ലാഭത്തിനു വേണ്ടിയോ സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരമുള്ള ടെസ്റ്റുകള്‍ നടത്താതെ കൃത്രിമം കാണിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് കര്‍ശന നിര്‍ദ്ദേശവുമായി അധികൃതര്‍ രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ എടുത്ത പിസിആര്‍ ടെസ്റ്റ് ഫലത്തിലെ തീയതി തിരുത്തിയും മറ്റുമാണ് പലരും തട്ടിപ്പ് നടത്തുന്നത്. ഇങ്ങനെ തിരുത്തിയ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കാണിച്ച് പൊതു ഇടങ്ങളിലും മറ്റും പ്രവേശനം നേടുന്നതിന് വേണ്ടിയാണിത്.

അതേസമയം, അല്‍ ഹുസ്ന്‍ ആപ്പില്‍ നെഗറ്റീവ് ഫലം ലഭ്യമാക്കുന്നതിന് ലാബുകള്‍ കേന്ദ്രീകരിച്ച് തട്ടിപ്പുകള്‍ നടത്തുന്നതാണ് മറ്റൊരു രീതി. ഇവിടെ ടെസ്റ്റ് നടത്താതെ തന്നെ നെഗറ്റീവ് ഫലം ലഭ്യമാക്കുന്നതിന് ലാബിലെ ഡാറ്റ സംവിധാനത്തില്‍ കൃത്രിമം കാണിക്കുകയാണ് ചെയ്യുന്നത്. ഇത്തരം നിയമ ലംഘനങ്ങളില്‍ ഏര്‍പ്പെടുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരെ നടപടി എടുക്കുമെന്നും അധികൃതര്‍ അറിയിച്ചു.

യുഎഇയിലെ ഫെഡറല്‍ നിയമം 5/2012 പ്രകാരം ഏതെങ്കിലും സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റുകളില്‍ തിരുത്തലുകള്‍ വരുത്തുന്നതും അവ വ്യാജമായി നിര്‍മിക്കുന്നതും ഒന്നര ലക്ഷം ദിര്‍ഹം മുതല്‍ ഏഴര ലക്ഷം ദിര്‍ഹം വരെ പിഴയും തടവും ചുമത്താവുന്ന കുറ്റമാണെന്ന് യുഎഇയിലെ പ്രമുഖ ലീഗല്‍ കൗണ്‍സല്‍ ഡോ. യൂസുഫ് അല്‍ ശരീഫ് പറഞ്ഞു.

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി 2021 ഡിസംബര്‍ 31 മുതല്‍ അബുദാബിയില്‍ പ്രവേശിക്കുന്നവര്‍ക്ക് അല്‍ ഹുസ്ന്‍ ആപ്പിലെ ഗ്രീന്‍ പാസ് നിര്‍ബന്ധമാണ്. വാക്സിനേഷന്‍ പൂര്‍ത്തിയാക്കാത്തവര്‍ 96 മണിക്കൂറിനുള്ളില്‍ നടത്തിയ പിസിആര്‍ ടെസ്റ്റിലെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അതേപോലെ യുഎഇയില്‍ ചില എമിറേറ്റുകളില്‍ ഓഫീസുകളിലും വ്യാപാര സ്ഥാപനങ്ങളിലും പ്രവേശിക്കാനും പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.