
സ്വന്തം ലേഖകൻ: അതിർത്തിയിൽ റഷ്യ നടത്തുന്ന പ്രകോപനങ്ങളോട് തങ്ങൾ പ്രതികരിക്കില്ലെന്നും എന്നാൽ റഷ്യ ആക്രമിച്ചാൽ പ്രത്യാക്രമണത്തിന് തയാറാണെന്നും യുക്രെയ്ൻ. സ്വയം പ്രതിരോധിക്കാനുള്ള അവകാശം യുക്രെയ്നിനുണ്ടെന്ന് പ്രസിഡന്‍റ് വ്ലോദ്മിർ സെലൻസ്കി പറഞ്ഞു. അതിനിടെ, റഷ്യൻ പിന്തുണയുള്ള കിഴക്കൻ വിമത മേഖലയിൽ നിന്നുണ്ടായ ഷെല്ലാക്രമണത്തിൽ രണ്ട് യുക്രെയ്ൻ സൈനികർ കൊല്ലപ്പെട്ടു.
പ്രകോപനങ്ങളിലൂടെയും വെടിനിർത്തൽ ലംഘനങ്ങളിലൂടെയും മേഖലയിൽ അരക്ഷിതാവസ്ഥ വ്യാജമായി നിർമിച്ചെടുക്കാനും അതുവഴി യുക്രെയ്നിൽ ആക്രമണം നടത്താനും റഷ്യ പദ്ധതിയിടുകയാണെന്ന് പാശ്ചാത്യ രാഷ്ട്രങ്ങൾ ആരോപിച്ചു. യൂറോപ്പിൽ ഒരു വൻ യുദ്ധം സംഭവിക്കാൻ 1945 മുതൽ റഷ്യ ശ്രമിക്കുകയാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ കുറ്റപ്പെടുത്തി.
അതിനിടെ, യുക്രെയ്ൻ സൈനികർക്ക് നേരെ വീണ്ടും ഷെല്ലാക്രമണമുണ്ടായതായി സി.എൻ.എൻ റിപ്പോർട്ട് ചെയ്തു. യുക്രെയ്ൻ ഇന്‍റീരിയർ മിനിസ്റ്റർ ഡെനിസ് മൊണാസ്റ്റിർസ്കി സൈനിക കേന്ദ്രങ്ങൾ സന്ദർശിക്കവേയായിരുന്നു ആക്രമണം. ആർക്കും പരിക്കേറ്റില്ല. റഷ്യൻ പാരാമിലിട്ടറി സംഘമായ വാഗ്നർ ടീം യുക്രെയ്നിൽ പ്രവേശിച്ചതായും വിമത പിന്തുണയോടെ അട്ടിമറിക്ക് ശ്രമം നടത്തുന്നതായും വിവരം ലഭിച്ചതായി മന്ത്രി പറഞ്ഞു.
യുക്രെയ്നിലേക്കുള്ള റഷ്യൻ കടന്നുകയറ്റം ഏതുനിമിഷവും സംഭവിക്കാമെന്നാണ് യു.എസും പശ്ചാത്യ രാജ്യങ്ങളും മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. എന്നാൽ, സൈനികരെ പിൻവലിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി റഷ്യ രംഗത്തെത്തിയിരുന്നു. ഇതിന് തെളിവായി സൈനികർ മടങ്ങുന്ന ദൃശ്യങ്ങളും പുറത്തുവിട്ടിരുന്നു. എന്നാൽ, റഷ്യയെ വിശ്വാസത്തിലെടുക്കാൻ പാശ്ചാത്യരാജ്യങ്ങൾ തയാറായിട്ടില്ല. ചെറിയ ആക്രമണങ്ങളിലൂടെ പ്രകോപനം സൃഷ്ടിക്കാനും തിരിച്ചടിയുണ്ടായാൽ യുക്രെയ്നിലേക്ക് കടന്നുകയറാനുമാണ് റഷ്യ ശ്രമിക്കുന്നതെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
യുക്രെയ്നും റഷ്യക്കുമിടയിലെ സാഹചര്യം അനുദിനം വഷളാകുന്നതിനിടെ റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിനുമായി കൂടിക്കാഴ്ചക്ക് സന്നദ്ധതയറിയിച്ച് യുക്രെയ്ൻ പ്രസിഡന്‍റ് വ്ലാഡിമിർ സെലെൻസ്കി. എന്താണ് റഷ്യൻ പ്രസിഡന്‍റ് ആഗ്രഹിക്കുന്നതെന്നും സമാധാനപരമായ ഒത്തുതീർപ്പിലേക്ക് എങ്ങനെ എത്താമെന്നും അറിയാൻ പുടിനുമായി കൂടിക്കാഴ്ചക്ക് തയാറാണെന്നാണ് സെലൻസ്കി അറിയിച്ചത്. പുടിനുമായി ഇന്ന് ഫോൺ സംഭാഷണം നടത്തുമെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ അറിയിച്ചിട്ടുണ്ട്.
യുക്രൈനിൽ യുദ്ധഭീതി തുടരുന്നതിനിടെ വൻനാശം വിതക്കാൻ ശേഷിയുള്ള മിസൈൽ പരീക്ഷണവുമായി റഷ്യ. ഹൈപ്പർസോണിക്, ക്രൂയിസ്, ആണവവാഹിനിയായ ബാസിസ്റ്റിക് മിസൈലുകളാണ് കഴിഞ്ഞ ദിവസം റഷ്യ വിജയകരമായി പരീക്ഷിച്ചത്. റഷ്യൻ സൈനിക മേധാവി വലേറി ജെറാസിമോവ് ആണ് പരീക്ഷണവിവരം പുറത്തുവിട്ടത്. പരീക്ഷണം നടത്തിയ എല്ലാ മിസൈലുകളും ലക്ഷ്യസ്ഥാനത്തു തന്നെ പതിച്ചെന്ന് ജെറാസിമോവ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല