
സ്വന്തം ലേഖകൻ: യെമൻ പൗരനെ കൊലപ്പെടുത്തിയെന്ന കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു സനയിലെ ജയിലിൽ കഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയ(33)യുടെ അപ്പീൽ ഹർജിയിൽ വിധി പറയുന്നത് ഒരാഴ്ച നീട്ടിവച്ചു. കേസ് വരുന്ന 28നു വീണ്ടും പരിഗണിക്കും. അതേസമയം മരിച്ച തലാൽ അബ്ദുമഹ്ദിയുടെ ബന്ധുക്കളും പ്രദേശവാസികളുമടക്കം നൂറുകണക്കിന് ആളുകളാണ് കോടതിക്കു മുന്നിൽ പ്രതിഷേധവുമായി തടിച്ചു കൂടിയത്. നിമിഷയുടെ വധശിക്ഷ ശരിവയ്ക്കണമെന്നാണ് ഇവരുടെ ആവശ്യം.
വിഷമകരമായ സാഹചര്യമാണ് യെമനിൽ നേരിടുന്നതെന്ന് നിമിഷയ്ക്കു വേണ്ടി ഹാജരാകുന്ന അഭിഭാഷകൻ സാമുവൽ അറിയിച്ചു. പ്രതിഷേധം ശക്തമാണെന്ന് സനയിലെ ഇന്ത്യൻ അംബാസിഡറും വ്യക്തമാക്കിയിട്ടുണ്ട്. സ്ത്രീയെന്ന പരിഗണന നൽകി വധശിക്ഷ ജീവപര്യന്തമായി ഇളവു ചെയ്യുകയോ വിട്ടയയ്ക്കുകയോ വേണമെന്നാണു നിമിഷയുടെ അഭിഭാഷകൻ വാദിച്ചത്.
യെമൻ പൗരൻ തലാൽ അബ്ദുമഹ്ദി 2017 ജൂലൈ 25നാണ് കൊല്ലപ്പെട്ടത്. തലാലിനൊപ്പം ക്ലിനിക് നടത്തിയിരുന്ന നിമിഷപ്രിയ കേസിൽ അറസ്റ്റിലായി. കീഴ്ക്കോടതി നിമിഷയ്ക്കു വധശിക്ഷ വിധിച്ചു. യെമൻകാരിയായ സഹപ്രവർത്തക ഹനാനും കേസിൽ വിചാരണ നേരിടുന്നുണ്ട്. കൊല്ലങ്കോട് സ്വദേശി പ്രേമകുമാരിയുടെ മകളാണു നിമിഷപ്രിയ.
തലാൽ അബ്ദുമഹ്ദിയെ നിമിഷപ്രിയയും കൂട്ടുകാരിയും ചേർന്നു കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയിൽ ഒളിപ്പിച്ചു എന്നതാണ് കേസ്. നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായവാഗ്ദാനവുമായി വന്ന തലാൽ പാസ്പോർട്ട് പിടിച്ചെടുത്തു ഭാര്യയാക്കി വയ്ക്കാൻ ശ്രമിച്ചതാണു കൊലപാതകത്തിലേക്കു നയിച്ചതെന്നായിരുന്നു നിമിഷപ്രിയയുടെ വാദം. ക്രൂരമായ പീഡനത്തിനിരയായിരുന്ന നിമിഷ ക്ലിനിക്കിൽ ജോലി ചെയ്തിരുന്ന യുവതിയുടെയും മറ്റൊരു യുവാവിന്റെയും നിർദേശപ്രകാരം തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചതു മരണത്തിന് ഇടയാക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല