1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 21, 2022

സ്വന്തം ലേഖകൻ: യുഎഇയില്‍ സ്ഥാപിക്കാനിരിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി)യില്‍ ഇന്ത്യന്‍ പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും മറ്റ് രാജ്യക്കാരായ വിദ്യാര്‍ഥികള്‍ക്കും പഠിക്കാന്‍ അവസരം ഉണ്ടായിരിക്കുമെന്ന് യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎഇ കിരീടാവകാശി ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും തമ്മില്‍ ഒപ്പുവച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ അടിസ്ഥാനത്തിലാണ് യുഎഇയില്‍ ഐഐടി സ്ഥാപിക്കുന്നത്.

ആഗോള തലത്തില്‍ വലിയ അംഗീകാരം നേടിയ ഐഐടി ബ്രാന്‍ഡ് ഇതാദ്യമായാണ് ഇന്ത്യയ്ക്കു പുറത്ത് ക്യാമ്പസ് സ്ഥാപിക്കുന്നത്. അതിനായി യു എ ഇ യെയാണ് ഇന്ത്യാ ഭരണകൂടം തെരഞ്ഞെടുത്തിരിക്കുന്നത് എന്നത് അഭിമാനകരമാണെന്നും അംബാസഡര്‍ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ രാജ്യങ്ങള്‍ എങ്ങനെ സഹകരിക്കണമെന്നതിന് ഉത്തമ മാതൃകയായി യുഎഇയിലെ ഐഐടി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലെ പരമോന്നത ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ഐഐടിക്ക് രാജ്യത്ത് 23 കേന്ദ്രങ്ങളാണുള്ളത്. ഇരുപത്തി നാലാമത്തെ കേന്ദ്രമായിട്ടാവും യുഎഇ ക്യാമ്പസ് സ്ഥാപിതമാവുക. അണ്ടര്‍ ഗ്രാജ്വേറ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രികള്‍ മുതല്‍ ഡോക്ടറല്‍ പ്രോഗ്രാമുകള്‍ വരെ നല്‍കുന്ന ഐഐടികളിലെ ബിടെക്കും എംടെക്കും പ്രചുരപ്രചാരം നേടിയ കോഴ്‌സുകളാണ്. ഗള്‍ഫ് മേഖലയിലും ഏറെ പ്രിയപ്പെട്ട കോഴ്‌സുകളാണിവ. യുഎഇയില്‍ പുതിയ ക്യാമ്പസ് വരുന്നതോടെ സ്വദേശികള്‍ക്ക് പുറമെ ഇന്ത്യന്‍ പ്രവാസികളുടെ മക്കള്‍ക്കും മികച്ച പീന അവസരങ്ങളാണ് സൃഷ്ടിടിക്കപ്പെടുക.

യുഎഇയില്‍ ഐഐടി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇവിടത്തെ സര്‍ക്കാരുമായി ഇതിനകം ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു. യുഎഇയില്‍ എവിടെയാണ് ക്യാമ്പസ് ആരംഭിക്കുക എന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. അഡ്മിഷന്‍ നടപടിക്രമങ്ങളുടെ വിശദാംശങ്ങള്‍ താമസിയാതെ പുറത്തുവിടുമെന്നും അദ്ദേഹം അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.