
സ്വന്തം ലേഖകൻ: യുകെയിൽ കോവിഡ് സ്ഥിരീകരിച്ചാൽ 10 ദിവസം സ്വയം നിരീക്ഷണത്തിൽ കഴിയണമെന്ന നിയമവും എടുത്തുകളയുന്നു. ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം തിങ്കളാഴ്ച ഉണ്ടാകും. കോവിഡിനൊപ്പം ജീവിക്കാം എന്നാണ് ബ്രിട്ടീഷ് സർക്കാറിന്റെ പദ്ധതി. പുതിയ പദ്ധതിയനുസരിച്ച് കോവിഡ് കണ്ടെത്താനുള്ള പി.സി.ആർ പരിശോധനയും റദ്ദാക്കിയേക്കും.
വൈറസ് പടരുന്നത് തടയാനാണ് രോഗികളോട് 10 ദിവസം നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചിരുന്നത്. എന്നാൽ, നിയന്ത്രണത്തിന്റെ ആവശ്യം ഇനി ഇല്ലെന്നും കോവിഡിനൊപ്പം ജീവിക്കാൻ ആളുകൾ പര്യാപ്തരായി എന്നുമാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ അഭിപ്രായം.
വാക്സിനേഷൻ, പരിശോധനകൾ, പുതിയ ചികിത്സകൾ തുടങ്ങിയവയിലൂടെ കഴിഞ്ഞ രണ്ടു വർഷംകൊണ്ട് കോവിഡിനെ നേരിടാൻ എങ്ങനെയെന്ന് നാം പഠിച്ചു. കോവിഡ് പൊടുന്നനെ ഈ ലോകത്തുനിന്ന് അപ്രത്യക്ഷമാകില്ല. അതിനാൽ വൈറസിനൊപ്പം എങ്ങനെ ജീവിക്കാമെന്ന് നാം മനസ്സിലാക്കണം. വ്യക്തികളുടെ സ്വാതന്ത്ര്യത്തെ ഹനിക്കാതെ വൈറസിൽനിന്ന് സംരക്ഷണം തേടാനുള്ള മാർഗങ്ങളും അവലംബിക്കണം -ബോറിസ് ജോൺസൺ സൂചിപ്പിച്ചു. ബ്രിട്ടനിലെ കുറ്റമറ്റ വാക്സിനേഷൻ പദ്ധതിക്കും പ്രധാനമന്ത്രി നന്ദിപറഞ്ഞു.
ശനിയാഴ്ച 34,377 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. നിലവിൽ ബ്രിട്ടനിലെ 12 വയസ്സിനു മുകളിലുള്ള 91 ശതമാനം ആളുകളും ഒരു ഡോസ് വാക്സിൻ സ്വീകരിച്ചു കഴിഞ്ഞു. 85 ശതമാനം രണ്ടാം ഡോസും 66 ശതമാനം ബൂസ്റ്റർ ഡോസും സ്വീകരിച്ചിട്ടുണ്ട്. അതിനിടെ, യുദ്ധം അവസാനിക്കുന്നതിനു മുമ്പേ പ്രധാനമന്ത്രി വിജയം പ്രഖ്യാപിക്കുകയാണെന്ന് പ്രതിപക്ഷമായ ലേബർ പാർട്ടി വിമർശിച്ചു. കോവിഡ് അവസാനിക്കുന്നതിനു മുമ്പ് നിയന്ത്രണങ്ങൾ എടുത്തുകളയുന്നതിൽ ആരോഗ്യവിദഗ്ധരും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
2020 മാർച്ച് മുതലാണ് ബ്രിട്ടനിൽ കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ചത്. മാസ്കും സാമൂഹിക അകലവും ഉൾപ്പെടെ നിയന്ത്രണങ്ങളും അടുത്തിടെ ഒഴിവാക്കിയിരുന്നു. അതിനിടെ എലിസബത്ത് രാജ്ഞിക്ക് കോവിഡ് സ്ഥിരീകരിച്ചു. ചെറിയ ജലദോഷം പോലുള്ള ലക്ഷണങ്ങൾ മാത്രമാണുള്ളതെന്ന് ബക്കിങ്ഹാം കൊട്ടാരം അറിയിച്ചു. വിൻഡ്സർ കൊട്ടാരത്തിലാണ് 95കാരിയായ രാജ്ഞി താമസിക്കുന്നത്. ഈ മാസം ആദ്യം ചാൾസ് രാജകുമാരനും ഭാര്യ കാമിലക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല