
സ്വന്തം ലേഖകൻ: യുകെയിൽ വ്യാഴാഴ്ച മുതല്‍ കോവിഡ് നിയന്ത്രണങ്ങളെല്ലാം അപ്പാടെ നീക്കുകയാണ്. എന്നാല്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ നീക്കിയാലും ജനം സ്വന്തം സുരക്ഷ നോക്കണം എന്നാണ് ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവിദ് ഉപദേശിക്കുന്നത്. തിരക്കേറിയ ട്രെയിനുകളില്‍ യാത്ര ചെയ്യുമ്പോള്‍ താന്‍ മാസ്ക് ധരിക്കുന്നത് തുടരുമെന്നു സാജിദ് ജാവിദ് പറയുന്നു.
കോവിഡ് അവസാനിച്ചെന്ന ധാരണയില്‍ മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും രോഗബാധിതരാകുന്ന ജോലിക്കാര്‍ വീടുകളില്‍ തുടരാനും ഹെല്‍ത്ത് സെക്രട്ടറി ആവശ്യപ്പെടുന്നു. ഇംഗ്ലണ്ടിലെ പൊതു ഇടങ്ങളില്‍ മാസ്ക് ധരിക്കണമെന്ന നിബന്ധന ഇപ്പോള്‍ പ്രാബല്യത്തിലില്ല. എന്നിരുന്നാലും ലണ്ടനിലെ തിങ്ങിനിറഞ്ഞ ട്യൂബില്‍ കയറിയാല്‍ താന്‍ മുഖം മറയ്ക്കുമെന്ന് ഹെല്‍ത്ത് സെക്രട്ടറി പറയുന്നു.
കേസുകള്‍ ഇപ്പോഴും ഉയര്‍ന്ന് നില്‍ക്കുന്നതാണ് ഇതിന് കാരണമായി ജാവിദ് വ്യക്തമാക്കുന്നത്. സ്വന്തം തീരുമാനങ്ങളില്‍ വ്യക്തിപരമായ ഉത്തരവാദിത്വം കാണിക്കാനാണ് അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെടുന്നത്. രോഗം ബാധിച്ചതായി തോന്നിയാല്‍ ജോലിക്കാര്‍ ഓഫീസുകളിലേക്ക് തിരിച്ചെത്താന്‍ പോരാടാന്‍ നില്‍ക്കരുതെന്നും, ജോലിക്കാര്‍ മറ്റുള്ളവരില്‍ നിന്നും അകലം പാലിക്കണമെന്നും ഹെല്‍ത്ത് സെക്രട്ടറി വ്യക്തമാക്കി.
സമാധാനപരമായ കാലത്തെ ഏറ്റവും കറുത്ത അധ്യായങ്ങള്‍ക്കാണ് അവസാനം കുറിയ്ക്കുന്നതെന്നാണ് കോവിഡ് വിലക്കുകള്‍ റദ്ദാക്കിക്കൊണ്ട് ബോറിസ് ജോണ്സണ് പ്രശംസിച്ചത്. രണ്ട് വര്‍ഷത്തോളം ലോക്ക്ഡൗണ്‍ നടപ്പാക്കിയും, നീക്കിയുമെല്ലാം പരീക്ഷിച്ച ശേഷമാണ് വിലക്കുകള്‍ നിര്‍ത്തലാക്കുന്നത്.
വിലക്കുകള്‍ നീക്കുന്നതിനെ ചരിത്ര നിമിഷമെന്നാണ് ജാവിദും വിശേഷിപ്പിക്കുന്നത്. യൂറോപ്പിലെ ആദ്യത്തെ സ്വതന്ത്ര രാജ്യമായി ഇംഗ്ലണ്ട് മാറിയെന്ന് ഹെല്‍ത്ത് സെക്രട്ടറി വ്യക്തമാക്കി. എന്നാല്‍ കോവിഡ് സമ്പൂര്‍ണ്ണമായി വിട്ടുപോകാത്ത സാഹചര്യത്തില്‍ ജാഗ്രത തുടരാനാണ് ജാവിദിന്റെ മുന്നറിയിപ്പ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല