
സ്വന്തം ലേഖകൻ: റോഡ് മാർഗം അബുദാബിയിലേക്കു പ്രവേശിക്കാനുള്ള നിയമത്തിൽ ഇളവ് പ്രാബല്യത്തിലായി. അതിർത്തിയിലെ ഇഡിഇ പരിശോധനയും പിസിആർ നെഗറ്റീവ് ഫലമോ ഗ്രീൻ പാസോ കാണിക്കണമെന്ന നിബന്ധനയാണ് പിൻവലിച്ചത്. തടസ്സമില്ലാതെ അതിർത്തി കടക്കാമെന്ന ആശ്വാസത്തിലാണ് ജനം.
നേരത്തെ പരിശോധനയ്ക്കായി അതിർത്തി ചെക് പോസ്റ്റിൽ ഏറെ നേരം കാത്തുനിൽക്കണമായിരുന്നു. ജോലിയും താമസവും ദുബായിലും അബുദാബിയിലുമുള്ളവരാണ് ഏറെ പ്രയാസപ്പെട്ടിരുന്നത്. കൂടാതെ ഭക്ഷ്യോൽപന്ന വിതരണ വാഹനങ്ങളും പ്രതിസന്ധി നേരിട്ടിരുന്നു. നിയന്ത്രണം എടുത്തുകളഞ്ഞതോടെ ഇരു എമിറേറ്റുകളിലേക്കുമുള്ള സഞ്ചാരം കൂടുതൽ സജീവമാകും.
യുഎഇയിൽ 2020 ഏപ്രിലിലാണ് അബുദാബി പ്രവേശനത്തിന് കടുത്ത നിബന്ധനകൾ ഏർപ്പെടുത്തിയത്. കോവിഡ് തീവ്രത കുറഞ്ഞതോടെ 2020 ഡിസംബർ 23 മുതൽ ഇളവ് നൽകിയെങ്കിലും കേസുകൾ കൂടിയ പശ്ചാത്തലത്തിൽ 2021 ഡിസംബർ 19 മുതൽ വീണ്ടും അതിർത്തിയിൽ പരിശോധന കർശനമാക്കി. കോവിഡ് തീവ്രത കുറയുകയും ഭൂരിഭാഗം പേരും വാക്സീൻ സ്വീകരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് കോവിഡ് നിയമങ്ങളിൽ ഇളവ് നൽകുന്നത്.
ഇതേസമയം അബുദാബിയിലെ പൊതുസ്ഥലങ്ങൾ, മാളുകൾ, ഷോപ്പിങ് സെന്ററുകൾ, ഹോട്ടലുകൾ, സർക്കാർ കെട്ടിടങ്ങൾ എന്നിവിടങ്ങളിൽ പ്രവേശിക്കുന്നതിന് ഗ്രീൻ പാസ് നിബന്ധന തുടരും. അതുകൊണ്ടുതന്നെ അബുദാബി നിവാസികൾക്ക് 2 ആഴ്ചയിൽ ഒരിക്കൽ പിസിആർ പരിശോധന നടത്തേണ്ടിവരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല