1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 21, 2022

സ്വന്തം ലേഖകൻ: തൊഴിൽ പരിഷ്‌കരണങ്ങൾ നടപ്പാക്കുന്നതിൽ ഖത്തറിന്റെ പ്രതിജ്ഞാബദ്ധത ദൃഢമാണെന്ന് തൊഴിൽ മന്ത്രാലയം. തൊഴിലാളികൾക്കുള്ള വർക്കേഴ്‌സ് സപ്പോർട്ട് ആൻഡ് ഇൻഷുറൻസ് ഫണ്ടിന് കീഴിൽ കഴിഞ്ഞ 2 വർഷത്തിനിടെ വിതരണം ചെയ്തത് 110 മില്യൻ പൗണ്ട്. തൊഴിൽ വിപണിയിൽ മാറ്റം തുടരുമെന്നും തൊഴിൽ പരിഷ്‌കരണങ്ങളിൽ മറ്റ് രാജ്യങ്ങൾക്ക് മാതൃകയാകുകയാണ് ലക്ഷ്യമെന്നും തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.

ഖത്തറിന്റെ തൊഴിൽ സാഹചര്യങ്ങളെ വിമർശിച്ചുള്ള ആംനസ്റ്റി ഇന്റർനാഷനലിന്റെ റിപ്പോർട്ടിനുള്ള മറുപടിയായാണ് തൊഴിൽ മന്ത്രാലയത്തിന്റെ പ്രസ്താവന. തൊഴിലാളികളുടെ ശമ്പള കുടിശിക പ്രശ്‌നങ്ങൾ പരിഹരിക്കാൻ മന്ത്രാലയം രൂപീകരിച്ച വർക്കേഴ്‌സ് സപ്പോർട്ട് ആൻഡ് ഇൻഷുറൻസ് ഫണ്ടിന് കീഴിൽ കഴിഞ്ഞ 2 വർഷത്തിനിടെ മാത്രം 110 മില്യൻ പൗണ്ട് വിതരണം ചെയ്തു കഴിഞ്ഞു.

ഇക്കാലങ്ങളിൽ ഖത്തറിനെ തുടർച്ചയായി വിമർശിക്കുന്ന എൻജിഒകളുമായി തുറന്ന് ഇടപെട്ടിട്ടുണ്ടെന്നു മന്ത്രാലയം വ്യക്തമാക്കി. ഖത്തറിലേക്ക് വരാനും ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്താനും എൻജിഒ പ്രതിനിധികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഖത്തർ ഉറപ്പാക്കുന്നുണ്ട്. എൻജിഒ സംഘടനകളുടെ കാഴ്ചപ്പാടുകളിൽ നിന്നുകൊണ്ട് ചർച്ച നടത്താൻ ഖത്തർ എപ്പോഴും സന്നദ്ധമാണ്.

ഇന്റർനാഷനൽ ലേബർ ഓർഗനൈസേഷൻ, ട്രേഡ് യൂണിയനുകൾ എന്നിവ ഉൾപ്പെടെയുള്ള രാജ്യാന്തര പങ്കാളികളുമായി സഹകരിച്ചാണ് ഖത്തർ തൊഴിൽ പരിഷ്‌കരണങ്ങൾ നടത്തുന്നത്. പുതിയ ചട്ടങ്ങൾ പാലിക്കുന്നുണ്ടോ എന്നുറപ്പാക്കാൻ സ്വദേശി-വിദേശി കമ്പനികളുമായി ചേർന്നാണ് പ്രവർത്തിക്കുന്നത്. കഴിഞ്ഞ 5 വർഷത്തിനിടെ മിനിമം വേതന നിയമം, എക്‌സിറ്റ് പെർമിറ്റ് റദ്ദാക്കൽ, തൊഴിൽ മാറ്റത്തിനുള്ള അനുമതി, റിക്രൂട്ട്‌മെന്റ് നടപടികളിൽ കർശന മേൽനോട്ടം തുടങ്ങി ഒട്ടേറെ പരിഷ്‌കരണങ്ങളാണ് ഖത്തർ നടപ്പാക്കിയത്.

ഖത്തറിലേക്ക് എത്തുന്നതിന് മുൻപ് തന്നെ തൊഴിലാളികളെ ചൂഷണം ചെയ്യുന്നത് തടയാൻ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന രാജ്യങ്ങളുമായി ചേർന്നാണ് പ്രവർത്തിക്കുന്നത്. തൊഴിൽ വിപണിയുടെ എല്ലാ വശങ്ങളും കൈകാര്യം ചെയ്യാനുള്ള ഉത്തരവാദിത്തം ഖത്തറിനുണ്ടെന്നു ബന്ധപ്പെട്ട അധികാരികളുമായി ചർച്ച ചെയ്ത് അവരുടെ പൂർണ സഹകരണമില്ലാതെ ഒരു മാറ്റവും വരുത്താൻ കഴിയില്ലെന്നും തൊഴിൽ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.