
സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ ജീവനക്കാര്‍ക്ക് മുഴുവന്‍ ശമ്പളത്തോടെ 30 ദിവസത്തെ രോഗ അവധിക്ക് അര്‍ഹതയുണ്ടായിരിക്കുമെന്ന് മനുഷ്യവിഭവ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. അതിനു ശേഷമുള്ള 60 ദിവസം മുക്കാല്‍ ഭാഗം ശമ്പളത്തോടെയും അവധി അനുവദിക്കും. ഇതിനു പുറമെ ഒരു വര്‍ഷത്തില്‍ 30 ദിവസം ശമ്പളമില്ലാത്ത സിക്ക് ലീവിനും അര്‍ഹതയുണ്ടായിരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
രോഗാവധിയായി അനുവദിച്ചിരിക്കുന്ന കാലയളവ് തീരുന്നതിന് മുമ്പ് അസുഖം കാരണം ജീവനക്കാരനെ ജോലിയില്‍ നിന്ന് പിരിച്ചുവിടുന്ന സാഹചര്യമുണ്ടാവരുതെന്നാണ് സൗദി തൊഴില്‍ നിയമം അനുശാസിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു. ഒരു വര്‍ഷത്തില്‍ താന്‍ എടുത്ത സിക്ക് ലീവിന്റെ വിശദാംശങ്ങള്‍ അടങ്ങുന്ന സ്ലിപ്പിന് ആവശ്യപ്പെടാന്‍ ജീവനക്കാരന് അര്‍ഹതയുണ്ടായിരിക്കും.
തന്റെ വാര്‍ഷിക അവധിക്കാലത്താണ് സിക്ക് ലീവ് വരുന്നതെങ്കില്‍ വാര്‍ഷിക അവധി അതിന് ശേഷം ലഭിക്കാനുള്ള അര്‍ഹത ജീവനക്കാരന് ഉണ്ടായിരിക്കുമെന്നും മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. അതേസമയം, സിക്ക് ലീവ് കാലത്ത് വരുന്ന വാരാന്ത്യ അവധിക്കുള്ള നഷ്ടപരിഹാരത്തിന് ജീവനക്കാരന് അര്‍ഹത ഉണ്ടായിരിക്കില്ലെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
ജോലിക്കിടയില്‍ ഏതെങ്കിലും രീതിയിലുള്ള പരിക്കോ താല്‍ക്കാലികമായി ജോലി ചെയ്യാനാവാത്ത രീതിയിലുള്ള അംഗപരിമിതിയോ ഉണ്ടായാല്‍ 60 ദിവസത്തെ മുഴുവന്‍ ശമ്പളത്തിന് തുല്യമായ തുക നഷ്ടപരിഹാരമായി ലഭിക്കാന്‍ ജീവനക്കാരന് അര്‍ഹത ഉണ്ടായിരിക്കും. അതിനു പുറമെ, ചികില്‍സാ കാലയളവില്‍ ശമ്പളത്തിന്റെ 75 ശതമാനവും നഷ്ടപരിഹാരമായി നല്‍കണം.
ചികില്‍സാ കാലാവധി ഒരു വര്‍ഷം തികയുകയോ ഭാവിയില്‍ ജോലി ചെയ്യാവുന്ന രീതിയിലേക്ക് ആരോഗ്യ വീണ്ടെടുക്കാനാവില്ലെന്ന് ഡോക്ടര്‍മാര്‍ വിധി എഴുതുകയോ ചെയ്യുകയാണെങ്കില്‍ തൊഴില്‍ കരാര്‍ അവസാനിപ്പിക്കാവുന്നതാണ്. എന്നാല്‍ അര്‍ഹമായ നഷ്ടപരിഹാരത്തിന് ജോലിക്കാരന് അവകാശമുണ്ടായിരിക്കും. അതുവരെയുള്ള ചികില്‍സാ കാലയളവില്‍ നല്കിയ നഷ്ടപരിഹാരം തിരിച്ചെടുക്കാന്‍ തൊഴിലുടമയ്ക്ക് അവകാശമുണ്ടായിരിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല