1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 29, 2022

സ്വന്തം ലേഖകൻ: പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിലെ തന്റെ ഹ്രസ്വസന്ദർശനം പൂർത്തിയാക്കി ഇന്ത്യയിലേക്കു മടങ്ങി. ജർമനിയിൽ നിന്നു ജി7 സമ്മേളനത്തിൽ പങ്കെടുത്ത ശേഷം മടങ്ങും വഴിയാണു മോദി അബുദാബിയിലെത്തിയത്. ഏതാണ്ട് ഒന്നര മണിക്കൂറോളം സമയമായിരുന്നു മോദി യുഎഇയിൽ ഉണ്ടായിരുന്നത്.

ഇതിനിടെ, പ്രത്യേക മുറിയിൽ വച്ച് യുഎഇ പ്രസിഡന്റും മറ്റു രാജകുടുംബാംഗങ്ങളുമായി യോഗം ചേർന്നു. കഴിഞ്ഞ മാസം അന്തരിച്ച മുൻ യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വിയോഗത്തിൽ പ്രധാനമന്ത്രി നേരിട്ട് അനുശോചനം അറിയിച്ചു. ഷെയ്ഖ് തഹ്നൂം, ഷെയ്ഖ് മൻസൂർ, ഷെയ്ഖ് ഹമദ്, ഷെയ്ഖ് അബ്ദുല്ല തുടങ്ങിയവരും സന്നിഹിതരായിരുന്നു.

കൂടാതെ, തിരഞ്ഞെടുപ്പിൽ പുതിയ പ്രസിഡന്റായി അധികാരമേറ്റ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ അഭിനന്ദിക്കുകയും ചെയ്തു. ഇന്ത്യ–യുഎഇ ബന്ധം കൂടുതൽ ശക്തമായി മുന്നോട്ടു കൊണ്ടു പോകാൻ ഇരു നേതാക്കളും തീരുമാനിച്ചു.

അബുദാബിയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ വിമാനത്താവളത്തിൽ നേരിട്ടെത്തി സ്വീകരിച്ചിരുന്നു. മറ്റ് ഉന്നത ഉദ്യോഗസ്ഥരും എത്തിയിരുന്നു. 2019 ഓഗസ്റ്റിലായിരുന്നു പ്രധാനമന്ത്രി മോദി ഒടുവിൽ യുഎഇ സന്ദർശിച്ചത്.

തന്നെ സ്വീകരിക്കാൻ നേരിട്ട് അബുദാബി വിമാനത്താവളത്തിലെത്തിയ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ പ്രവൃത്തിക്കു മോദി നന്ദി പറഞ്ഞു. ‘അബുദാബി വിമാനത്താവളത്തിലെത്തി എന്നെ സ്വീകരിച്ച പ്രിയ സഹോദരൻ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ പ്രവൃത്തി ഏറ്റവും ഹൃദ്യമായിരുന്നു. അദ്ദേഹത്തിന് എന്റെ ഹൃദയം നിറഞ്ഞ നന്ദി’ –മോദി ട്വിറ്ററിൽ കുറിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.