1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 19, 2022

സ്വന്തം ലേഖകൻ: എലിസബത്ത് രാജ്ഞിയുടെ ശവസംസ്‌കാര ചടങ്ങുകൾ ഇന്ന് നടക്കും. പ്രാദേശിക സമയം രാവിലെ 11 മണിയോടെയാണ് ശവസംസ്‌കാര ചടങ്ങുകൾ ആരംഭിക്കുക. വെസ്റ്റ്മിൻസ്റ്റർ ഹാളിൽ രാവിലെ 6.30 വരെയാണ് പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്.

എലിസബത്ത് രാജ്ഞിയുടെ മുത്തച്ഛനായ ജോർജ്ജ് അഞ്ചാമൻ, അച്ഛൻ ജോർജ്ജ് ആറാമൻ, വിക്ടോറിയ രാജ്ഞി, വിൻസ്റ്റന്റ് ചർച്ചിൽ തുടങ്ങിയവരുടെ സംസ്‌കാര ചടങ്ങുകളിലായി ഉപയോഗിച്ചിരുന്ന പ്രത്യേക വാഹനത്തിലേക്ക് 10.35ഓടെ മൃതദേഹം അടങ്ങിയ പേടകം മാറ്റും. 11 മണിക്ക് മൃതദേഹം വഹിച്ചുള്ള പേടകം വെസ്റ്റ്മിൻസ്റ്റർ ആബിയിലേക്ക് കൊണ്ടുപോകും.

നാല് ബില്ല്യൺ ആളുകൾ ചടങ്ങുകൾ തത്സമയം കാണുമെന്നാണ് വിലയിരുത്തൽ. 200ലധികം രാജ്യങ്ങളിലാണ് ചടങ്ങുകൾ തത്സമയം സംപ്രേഷണം ചെയ്യുന്നത്. മകനും പുതിയ രാജാവുമായ ചാൾസ് മൂന്നാമൻ, മക്കളായ വില്ല്യം, ഹാരി തുടങ്ങിയവരും യാത്രയെ അനുഗമിക്കും.

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൺ, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനീസ്, കാനഡയുടെ ജസ്റ്റിൻ ട്രൂഡോ തുടങ്ങിയ ലോക നേതാക്കളും യാത്രയെ അനുഗമിക്കും.

ശവസംസ്‌കാര ചടങ്ങ് തുടങ്ങുമ്പോൾ ആദ്യം സംസാരിക്കുന്നത് ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് ആയിരിക്കും. അതിന് ശേഷം കോമൺവെൽത്ത് സെക്രട്ടറി ജനറലും, കാന്റർബറി ആർച്ച് ബിഷപ്പും അനുശോചന പ്രസംഗം നടത്തും. എലിസബത്ത് രാജ്ഞിയോടുള്ള ആദരസൂചകമായി ഇന്ന് രാജ്യത്ത് രണ്ട് മിനിട്ട് നിശബ്ദത ആചരിക്കും. ഈ സമയം വിമാനങ്ങൾ പറക്കുന്നതിന് ഉൾപ്പെടെ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഹീത്രു വിമാനത്താവളത്തിൽ നിന്ന് മാത്രം 100 ആഭ്യന്തര സർവീസുകളാണ് ഇന്ന് പൂർണമായും റദ്ദാക്കിയത്. അരമണിക്കൂർ സമയം ഇവിടെ അന്താരാഷ്‌ട്ര വിമാനങ്ങൾ ഉൾപ്പെടെ സർവീസ് നടത്തില്ല.

പ്രാദേശികസമയം വൈകിട്ട് നാലിന് സെന്റ് ജോർജ്ജ് ചാപ്പലിലാണ് അന്ത്യ ശുശ്രൂഷകൾ നടക്കുന്നത്. കഴിഞ്ഞ വർഷം അന്തരിച്ച ഭർത്താവ് ഫിലിപ്പ് രാജകുമാരന് അരികിലായി കിങ് ജോർജ്ജ് ആറാമൻ മെമ്മോറിയൽ ചാപ്പലിലാണ് രാജ്ഞിക്കും അന്ത്യവിശ്രമം ഒരുക്കുന്നത്.

10 ലക്ഷം പേരെങ്കിലും സംസ്കാരച്ചടങ്ങിനു ലണ്ടനിലെത്തുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. രാജ്ഞി മരിച്ച അന്നു മുതൽ ലണ്ടനിലേക്കുള്ള യാത്രക്കാരുടെ എണ്ണം ക്രമാതീതമായി ഉയർന്നിരുന്നു. 250 അധിക ട്രെയിൻ സർവീസുകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 2012 ലെ ലണ്ടൻ ഒളിംപിക്സിനു ശേഷം പൊതുഗതാഗതശേഷി ഇത്രയും കൂട്ടുന്നത് ഇതാദ്യമായാണ്.

യുകെയിലെ സിനിമ തിയറ്ററുകളിലും നഗരങ്ങളിലെ പ്രധാന തെരുവുകളിൽ സ്ഥാപിച്ച വലിയ സ്ക്രീനുകളിലും സംസ്കാരച്ചടങ്ങുകൾ തൽസമയം കാണിക്കുന്നുണ്ട്. വെസ്റ്റ്മിൻസ്റ്റർ ഹാളിൽ ഇന്നു രാവിലെ 6.30 വരെയാണു പൊതുജനങ്ങൾക്കു പ്രവേശനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.