1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 26, 2022

സ്വന്തം ലേഖകൻ: ജര്‍മന്‍ ചാന്‍സലര്‍ ഒലഫ് ഷൂള്‍സ് ഗള്‍ഫ് പര്യടനത്തിലാണ്. സൗദി അറേബ്യയിലെത്തിയ അദ്ദേഹം പിന്നീട് യുഎഇയും ഖത്തറും സന്ദര്‍ശിച്ചു. രാജ്യം നേരിടുന്ന വലിയ വെല്ലുവിളിയില്‍ നിന്ന് രക്ഷ തേടിയാണ് ജര്‍മന്‍ ഭരണാധികാരി ഗള്‍ഫിലെത്തിയിരിക്കുന്നത്.

സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനെതിരെ നേരത്തെ പലതവണ രംഗത്തുവന്നിരുന്നു ജര്‍മനി. അദ്ദേഹത്തെ കാണുമ്പോള്‍ ജമാല്‍ ഖഷഗ്ജി വധം സംബന്ധിച്ച് ചോദിക്കണമെന്ന് ജര്‍മനിയിലെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ എല്ലാ എതിര്‍പ്പുകളും മാറ്റിവച്ച് കിരീടവകാശിയുമായി ജര്‍മന്‍ ചാന്‍സര്‍ ചര്‍ച്ച നടത്തി. എന്താണ് ജര്‍മനി നേരിടുന്ന വെല്ലുവിളി? യൂറോപ്പ് മൊത്തമായി നേരിടുന്ന പ്രതിസന്ധിയുടെ ഭാഗമാണിത്. പരിഹാരം കാണാന്‍ ഗള്‍ഫ് മേഖലയ്ക്ക് സാധിക്കുകയും ചെയ്യും.

ജര്‍മനി ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ വലിയ ഊര്‍ജ പ്രതിസന്ധി നേരിടുകയാണ്. യുക്രൈന്‍ യുദ്ധമാണ് ഈ പ്രതിസന്ധിക്ക് കാരണം. യൂറോപ്പ് പ്രധാനമായും എണ്ണയ്ക്കും വാതകത്തിനും ആശ്രയിച്ചിരുന്നത് റഷ്യയെ ആയിരുന്നു. യുദ്ധം തുടങ്ങിയതോടെ അമേരിക്ക സ്വീകരിച്ച നയം യൂറോപ്പിന് മറ്റൊരു രീതിയില്‍ തിരിച്ചടിയായി. ഇതാണ് ഊര്‍ജ പ്രതിസന്ധിക്ക് കാരണം.

യൂറോപ്പിനോട് കൂട്ടുകൂടാന്‍ ആഗ്രഹിക്കുന്ന രാജ്യമാണ് യുക്രൈന്‍. എന്നാല്‍ പഴയ സോവിയറ്റ് രാജ്യം യൂറോപ്പിനോടും അമേരിക്കയോടും സഹകരിക്കരുത് എന്നാണ് റഷ്യയുടെ നിലപാട്. ഈ വിരുദ്ധ നിലപാടുകളാണ് യുദ്ധത്തിന് കാരണം. യുദ്ധം തുടങ്ങിയാല്‍ അമേരിക്കയും യൂറോപ്പും സഹായിക്കുമെന്ന് യുക്രൈന്‍ കരുതിയിരുന്നു. എന്നാല്‍ കാര്യങ്ങള്‍ വിചാരിച്ച പോലെയായില്ല.

അമേരിക്ക നേരിട്ട് ഇടപെട്ടില്ല. യൂറോപ്പും ഭാഗികമായി മുഖം തിരിച്ചു. എന്നാല്‍ ആയുധങ്ങള്‍ നല്‍കാന്‍ അമേരിക്ക തയ്യാറായി. റഷ്യയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തി പിന്തിരിപ്പിക്കാനും അമേരിക്ക ശ്രമിച്ചു. റഷ്യയുടെ പ്രധാന വരുമാന മാര്‍ഗങ്ങളിലൊന്നായ എണ്ണ-വാതകത്തിന് മേല്‍ ഉപരോധം ചുമത്താന്‍ അമേരിക്ക തീരുമാനിച്ചു. ഇത് യൂറോപ്പിന് കനത്ത തിരിച്ചടിയായി. എങ്കിലും അമേരിക്കയുടെ ആവശ്യത്തിന് മുമ്പില്‍ അവര്‍ തലകുലുക്കുകയും ചെയ്തു.

യൂറോപ്പിലേക്ക് പ്രധാനമായും എണ്ണയും വാതവും എത്തിയിരുന്നത് റഷ്യയില്‍ നിന്നാണ്. റഷ്യയ്‌ക്കെതിരെ അമേരിക്ക ഉപരോധം പ്രഖ്യാപിച്ചതോടെ യൂറോപ്പിന് അമേരിക്കയുടെ ഭാഗം നില്‍ക്കേണ്ടി വന്നു. ഇതോടെ റഷ്യന്‍ എണ്ണയും വാതകവും വാങ്ങുന്ന അളവ് കുറച്ചു. ഊര്‍ജ പ്രതിസന്ധി നേരിടാനും തുടങ്ങി. റഷ്യയുടെ വാതകത്തിന് പകരം ഗള്‍ഫില്‍ നിന്ന് കൂടുതല്‍ എണ്ണയും വാതകവും ഇറക്കാനാണ് ജര്‍മനിയുടെ തീരുമാനം. ഇതിന്റെ ഭാഗമായാണ് ചാന്‍സലര്‍ ഗള്‍ഫിലെത്തിയത്.

സൗദിയിലെത്തിയ ജര്‍മന്‍ ചാന്‍സലര്‍ ഒലഫ് ഷൂള്‍സ് സൗദി കിരീടവകാശിയുമായി ചര്‍ച്ച നടത്തി. കൂടുതല്‍ എണ്ണയും വാതവും ജര്‍മനയിലേക്ക് കയറ്റി അയക്കണമെന്ന് ആവശ്യപ്പെട്ടു. കൂടാതെ അന്തര്‍ദേശീയ രാഷ്ട്രീയവും ചര്‍ച്ചയായി. വ്യവസായികളുടെ വലിയ പടയും ചാന്‍സര്‍ക്കൊപ്പമുണ്ടായിരുന്നു. ജിദ്ദയിലെത്തിയാണ് ഇവര്‍ സൗദി കിരീടവകാശിയുമായി ചര്‍ച്ച നടത്തിയത്. കൂടുതല്‍ വാതകം ലഭിച്ചില്ലെങ്കില്‍ ജര്‍മനി ഇരുട്ടിലേക്ക് നീങ്ങുമെന്നാണ് വാര്‍ത്തകള്‍.

പുതിയ ഊര്‍ജ കരാര്‍ തയ്യാറാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജര്‍മന്‍ ചാന്‍സലര്‍ എത്തിയത്. ഗള്‍ഫ് രാജ്യങ്ങള്‍ ഇതിന് സമ്മതം മൂളി എന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ എണ്ണയും വാതകവും നല്‍കുന്നതില്‍ ചില തടസങ്ങള്‍ ഗള്‍ഫ് മേഖല നേരിടുന്നുണ്ട്. നേരത്തെ മറ്റു ചില രാജ്യങ്ങളുമായുണ്ടാക്കിയ കരാറുകളാണ് തടസം. ഈ സാഹചര്യത്തില്‍ വലിയ തോതില്‍ എണ്ണ-വാതക ഉല്‍പ്പാദനം വെല്ലുവിളിയാണ്.

ജമാല്‍ ഖഷഗ്ജി വധം, യമന്‍ യുദ്ധം തുടങ്ങിയ കാര്യങ്ങളിലെ ഭിന്നത മാറ്റിവച്ചാണ് ജര്‍മനി സൗദി നേതൃത്വവുമായി ചര്‍ച്ച നടത്തിയത്. സൗദിയില്‍ നിന്ന് യുഎഇയിലേക്ക് പുറപ്പെട്ട ചാന്‍സലര്‍ യുഎഇ ഭരണകൂടവുമായി പുതിയ കരാര്‍ തയ്യാറാക്കുന്ന ചര്‍ച്ച നടത്തി. ശേഷം ഖത്തറിലെത്തി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനിയുമായും ചര്‍ച്ച നടത്തി തിരിച്ചു ജര്‍മനയിലേക്ക് പോകുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.