1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 29, 2022

സ്വന്തം ലേഖകൻ: മാസ്ക് അഴിച്ചത് ആഘോഷമാക്കി യുഎഇയിലെ ജനങ്ങൾ. കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് രണ്ടര വർഷത്തോളം മാസ്കിൽ മറഞ്ഞ മുഖവുമായി കഴിയുകയായിരുന്നു ജനം. നിയന്ത്രണം പിൻവലിച്ച ഇന്നലെ പൊതുസ്ഥലങ്ങളിൽ മാസ്ക് ഇല്ലാതെ എത്തി ഷോപ്പിങ് നടത്തിയും കൂട്ടുകാരോടൊപ്പം സെൽഫിയെടുത്തും ആഘോഷമാക്കുകയായിരുന്നു ജനങ്ങൾ.

യുഎഇയിൽ പ്രത്യേകിച്ച് അബുദാബിയിൽ ഷോപ്പിങ് മാളുകളിലും പൊതുഇടങ്ങളിലും അടച്ചിട്ട മുറികളിലും മാസ്ക് നിർബന്ധമായിരുന്നു. ഈ നിയമമാണ് പിൻവലിച്ചത്. ഇതോടെ ഷോപ്പിങ് മാളുകൾ, റസ്റ്ററന്റ് തുടങ്ങി പൊതുസ്ഥലങ്ങളിൽ എത്തുന്നവരുടെ എണ്ണം കൂടി. ഇതേസമയം അവശേഷിക്കുന്ന ഗ്രീൻ പാസ് നിയമം കൂടി മാറ്റിയിരുന്നെങ്കിൽ എന്ന് ആശിക്കുകയാണ് കച്ചവടക്കാർ.

ഷോപ്പിങ് മാളുകളിലേക്കും പൊതു ഇടങ്ങളിലേക്കും പ്രവേശിക്കാൻ ഇപ്പോഴും അബുദാബിയിൽ ഗ്രീൻ പാസ് നിർബന്ധമാണ്. പിസിആർ പരിശോധന നടത്തി നെഗറ്റീവ് ഫലമായാൽ 14 ദിവസത്തേക്കു ലഭിച്ചിരുന്ന ഗ്രീൻ പാസ് കാലാവധി 30 ദിവസമാക്കി വർധിപ്പിച്ചത് ആശ്വാസമാണെങ്കിലും‍ പൂർണമായും മാറ്റിയിരുന്നെങ്കിൽ കൂടുതൽ പേർ വ്യാപാര കേന്ദ്രങ്ങളിൽ എത്തുമെന്നാണ്ണ് കച്ചവടക്കാർ പറയുന്നത്. ഇതേസമയം സ്വന്തം സുരക്ഷ ഓർത്ത് ചിലർ മാസ്ക് ധരിച്ചാണ് ഇന്നലെയും പുറത്തിറങ്ങിയത്.

രണ്ടര വർഷമായി ജീവിതത്തിന്റെ ഭാഗമായ മാസ്കിനെ പെട്ടെന്ന് ഊരി മാറ്റാനാവില്ലെന്ന നിലപാടിലായിരുന്നു ചിലർ. മനസ്സ് അതിനോടു പൊരുത്തപ്പെട്ടുവരട്ടെ, എന്നിട്ടു മാറ്റാം എന്നാണ് മലയാളികളിൽ ചിലർ പ്രതികരിച്ചത്. എന്നാൽ പിൻവലിച്ച വാർത്ത കേട്ടയുടൻ മാസ്കിനെ ഉപേക്ഷിച്ചവരാണ് ഭൂരിഭാഗവും.

ഇന്നലെ യുഎഇയിലെ വിവിധ സ്കൂളുകളിൽ എത്തിയ അധ്യാപകരും വിദ്യാർഥികളിൽ ഭൂരിഭാഗവും മാസ്ക് ധരിക്കാതെയാണ് എത്തിയത്. രണ്ടര വർഷത്തിനു ശേഷം കൂട്ടുകാരുടെ മുഖത്തെ ചിരി നേരിൽ കണ്ട സന്തോഷത്തിലാണ് വിദ്യാർഥികൾ. പലരിലും വന്ന മാറ്റങ്ങൾ കണ്ട് വിസ്മയിച്ചവരും ഏറെ.

എന്നാൽ പതിവു ശീലമായതിനാൽ മാസ്ക് ധരിച്ച് എത്തിയവരും കുറവല്ല. മറ്റു ചിലർ ബാഗിൽ കരുതിവച്ചിരുന്നു. അബുദാബിയിലെ സ്കൂളുകളിൽ ആൺകുട്ടികളിൽ ഭൂരിഭാഗം മാസ്ക് മാറ്റിയപ്പോൾ പെൺകുട്ടികളിൽ പലരും മാസ്ക് ധരിച്ചു. അതേസമയം ആശുപത്രി, പൊതുഗതാഗത വാഹനങ്ങൾ എന്നിവിടങ്ങളിലും മാസ്ക് നിബന്ധന തുടരും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.