1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 9, 2022

സ്വന്തം ലേഖകൻ: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ബ്രിട്ടന്‍. കോവിഡ് കാലത്തെ ധനസഹായ പദ്ധതികളുടെ ഭാരം കൂടി ആയതോടെ 60 ബില്യണ്‍ പൗണ്ടിന്റെ ധനക്കമ്മിയാണ് ഇപ്പോഴുള്ളത്. അത് നികത്തുന്നതിനായി കടുത്ത നടപടികളിലേക്ക് പ്രധാനമന്ത്രി ഋഷി സുനക് നീങ്ങും എന്നാണ് സൂചന. ആദ്യപടിയായി, 1.5 ലക്ഷത്തിനു മേല്‍ വരുമാനമുള്ളവരുടെ വരുമാന നികുതി നിരക്ക് വര്‍ദ്ധിപ്പിക്കും എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍.

1,50,000 പൗണ്ടിനു മേല്‍ നിലവില്‍ 45 ശതമാനം വരുമാന നികുതിയാണ് ചുമത്തുന്നത്. അത് 2010-ല്‍ ലേബര്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ 50 ശതമാനത്തിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള ആലോചനകള്‍ നടക്കുന്നുണ്ട് എന്ന് വൈറ്റ്ഹാല്‍ വൃത്തങ്ങള്‍ സൂചന നല്‍കുന്നു. ഇത് പക്ഷെ, 2019-ലെ പ്രകടനപത്രികയില്‍ ടോറികള്‍ നല്‍കിയ വരുമാന നികുതിയുടെ ഉയര്‍ന്ന നിരക്ക് ഇല്ലാതെയാക്കും എന്ന വാഗ്ദാനത്തിന് എതിരാണ്. വരുമാന നികുതിയുടെ ഉയര്‍ന്ന നിരക്ക് എടുത്തു കളയുന്നതിനു പുറമെ വാറ്റും ഇന്‍ഷുറന്‍സ് തുകയും മാറ്റമില്ലാതെ തുടരുമെന്നും പ്രകടന പത്രികയില്‍ ഉണ്ടായിരുന്നു.

എന്നാല്‍, ചിന്തിക്കാനാകാത്ത കാര്യങ്ങള്‍ ചിന്തിക്കാന്‍, നിലവിലെ സാഹചര്യം പ്രധാനമന്ത്രി ഋഷി സുനകിനെയും ചാന്‍സലര്‍ ജെറെമി ഹണ്ടിനേയും നിര്‍ബന്ധിതരാക്കുന്നു എന്നാണ് ചില ഉയര്‍ന്ന സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. അധികാരത്തിലേറി ആഴ്ച്ചകള്‍ക്ക് അകം തന്നെ സാമ്പത്തിക വിപണിയെ ശാന്തമാക്കുന്നതിനായി 32 ബില്യണ്‍ പൗണ്ടിന്റെ നികുതി വര്‍ദ്ധന ഹണ്ട്പദ്ധതിയിട്ടിരുന്നു. ഇപ്പോള്‍ മറ്റൊരു 25 ബില്യണ്‍ പൗണ്ടിന്റെ വര്‍ദ്ധനവ് കൂടിയാണ് അദ്ദേഹം പദ്ധതിയിടുന്നത്. ഇതിനോടൊപ്പം 35 ബില്യണ്‍ പൗണ്ടിന്റെ ചെലവ് ചുരുക്കല്‍ നടപടികളും ഉണ്ടാകും.

ടാക്‌സ് ഫ്രീ അലവന്‍സുകള്‍ ഉള്‍പ്പടെയുള്ള കാപിറ്റല്‍ ഗെയിന്‍സ് ടാക്‌സിലും ഹണ്ട് കണ്ണൂവയ്ക്കുന്നുണ്ട്. നിലവിലെ വിലവര്‍ദ്ധനയെ നേരിടാന്‍ ഇത്തരം നടപടികള്‍ അത്യാവശ്യമാണെന്നാണ് ധനകാര്യ വകുപ്പ് വൃത്തങ്ങള്‍ അവകാശപ്പെടുന്നത്. എന്നാല്‍, ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ കമ്മി നികത്തിയെടുക്കുവാനായി വീണ്ടും നികുതികള്‍ വര്‍ദ്ധിപ്പിക്കുന്നത് വിഢിത്തമാണെന്നായിരുന്നു മുന്‍ ടോറി നേതാവ് സര്‍ ഇയാന്‍ ഡന്‍കന്‍ സ്മിത്ത് മുന്നറിയിപ്പ് നല്‍കുന്നത്. ഇതുവഴി സാമ്പത്തിക മാന്ദ്യം ക്ഷണിച്ചുവരുത്തുമെന്നും അത് ധനക്കമ്മി വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, എല്ലാ പ്രതിസന്ധികള്‍ക്കും പ്രധാന കാരണം പണപ്പെരുപ്പമാണെന്ന നിലപാടാണ് ട്രഷറി വൃത്തങ്ങള്‍ക്ക് ഉള്ളത്. പലിശ നിരക്ക് ഉള്‍പ്പടെ എല്ലാം വര്‍ദ്ധിക്കുന്നതിന് പ്രധാന കാരണം പണപ്പെരുപ്പം തന്നെയാണ്. അത് തടയാന്‍ കൂറ്റുതല്‍ കടുത്ത നടപടികള്‍ ആവശ്യമായി വന്നേക്കുമെന്നും ധനകാര്യ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. വരുമാന നികുതിയുടെ ടോപ്പ് റേറ്റ് മാത്രമെ വര്‍ദ്ധിപ്പിക്കുകയുള്ളു എന്നും അവര്‍ സൂചന നല്‍കുന്നു. അടിസ്ഥാന നിരക്കിലും 40 ശതമാനം നിരക്കിലും വര്‍ദ്ധനവ് ഉണ്ടാകില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.