1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 6, 2022

സ്വന്തം ലേഖകൻ: ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വേളയില്‍ ആദ്യ വിദേശയാത്ര നടത്തിയത് സൗദി അറേബ്യയിലേക്കായിരുന്നു. വലിയ സ്വീകരണം അദ്ദേഹത്തിന് സൗദി നല്‍കുകയും ചെയ്തു. ആ യാത്ര പുതിയ ചില ദൗത്യങ്ങളുടെ തുടക്കമായിരുന്നുവെന്ന് ബോധ്യമാകാന്‍ സമയമെടുത്തു എന്നു മാത്രം.

വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ സൗദി അറേബ്യ സമാനമായ രീതിയില്‍ മറ്റൊരു സ്വീകരണത്തിന് ഒരുങ്ങുകയാണ്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ആണ് വ്യാഴാഴ്ച റിയാദില്‍ എത്തുന്നത്. 14 അറബ് രാജ്യങ്ങളിലെ നേതാക്കള്‍ ഈ വേളയില്‍ സൗദിയിലെത്തും.

പതിറ്റാണ്ടുകളായി അമേരിക്കയുമായി അടുത്ത സൗഹൃദം നിലനിര്‍ത്തിയിരുന്ന രാജ്യമാണ് സൗദി അറേബ്യ. എന്നാല്‍ ജോ ബൈഡന്‍ പ്രസിഡന്റായതോടെ ഇരുരാജ്യങ്ങളും അകലുന്നതാണ് കാഴ്ച. അമേരിക്കയുടെ പല ആവശ്യങ്ങളും സൗദി മുഖവിലക്കെടുക്കുന്നില്ല. മാത്രമല്ല, യുക്രൈന്‍ വിഷയത്തില്‍ സൗദി റഷ്യയ്‌ക്കൊപ്പം നില്‍ക്കുകയും ചെയ്തു. ബൈഡന്‍ ഫോണ്‍ വഴി ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോഴും സൗദി ഭരണാധികാരി മുഖം തിരിച്ചുവെന്നും വാര്‍ത്ത വന്നിരുന്നു.

അമേരിക്ക ഉടക്കിയ സാഹചര്യത്തില്‍ മറുചേരിയുമായി അടുക്കുകയാണ് സൗദി അറേബ്യ. അമേരിക്കയുമായി ഉടക്കി നില്‍ക്കുന്ന ചൈന, റഷ്യ എന്നീ രാജ്യങ്ങളെയാണ് സൗദി ആശ്രയിക്കുന്നത്. അതുകൊണ്ടുതന്നെ ചൈനീസ് പ്രസിഡന്റിന്റെ സൗദി സന്ദര്‍ശനം ആഗോള തലത്തില്‍ വലിയ ചര്‍ച്ചയാണ്. സുപ്രധാന തീരുമാനങ്ങള്‍ സന്ദര്‍ശനത്തിനിടെയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വ്യാഴാഴ്ച ചൈനീസ് പ്രസിഡന്റ് സൗദി അറേബ്യയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വേളയില്‍ 14 അറബ് രാജ്യങ്ങളുടെ നേതാക്കള്‍ റിയാദിലെത്തുമെന്നും സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ടു സമ്മേളനങ്ങളാണ് നടക്കുക. അറബ്-ചൈന ഉച്ചകോടിയും ജിസിസി-ചൈന ഉച്ചകോടിയും. എന്നാല്‍ വ്യാഴാഴ്ച തന്നെയാണോ ഉച്ചകോടി നടക്കുക എന്ന കാര്യത്തില്‍ ഇപ്പോഴും സംശയം ബാക്കിയാണ്.

രണ്ടു ദിവസമാണ് ചൈനീസ് പ്രസിഡന്റ് ഗള്‍ഫിലുണ്ടാകുക. ഡിസംബര്‍ ആദ്യത്തില്‍ ചൈന-അറബ് ഉച്ചകോടി സൗദിയില്‍ നടക്കുമെന്ന് ദുബായിലെ ചൈനീസ് പ്രതിനിധി പറഞ്ഞിരുന്നു. എന്നാല്‍ അദ്ദേഹം കൃത്യമായ തിയ്യതി പറഞ്ഞിരുന്നില്ല. ഉച്ചകോടി നടക്കാന്‍ പോകുന്ന കാര്യം സൗദി സ്ഥിരീകരിച്ചിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ക്ക് രജിസ്‌ട്രേഷന്‍ ഫോം നല്‍കിയിരുന്നു. എന്നാല്‍ അപ്പോഴും തിയ്യതി പറഞ്ഞിട്ടില്ല.

അമേരിക്കയുമായി ഉടക്കി നില്‍ക്കുന്ന രാജ്യങ്ങള്‍ ഒന്നിക്കുന്നു എന്ന പ്രത്യേകതയും സൗദിയിലെ സമ്മേളനത്തിനുണ്ട്. ചൈനയും സൗദിയും അമേരിക്കയുമായി ഉടക്കിലാണ്. സൗദിയുടെ നിലപാട് തന്നെയാണ് മറ്റു ജിസിസി രാജ്യങ്ങളും സ്വീകരിക്കാറുള്ളത്. യുക്രൈന്‍-റഷ്യ യുദ്ധത്തില്‍ റഷ്യയ്‌ക്കൊപ്പമായിരുന്നു ഗള്‍ഫ് രാജ്യങ്ങള്‍. അമേരിക്ക മറുപക്ഷത്തായപ്പോഴും ഗള്‍ഫ് രാജ്യങ്ങള്‍ നിലപാട് മാറ്റിയില്ല.

ജിസിസി രാജ്യങ്ങള്‍ ചൈനയുമായി അടുക്കാന്‍ പ്രധാന കാരണം ലോകത്തെ പ്രധാന വിപണി ആയതുകൊണ്ടാണ്. സൗദി അറേബ്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങളിലൊന്നാണ് ചൈന. എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാനുള്ള സൗദി സഖ്യത്തിന്റെ തീരുമാനത്തെ അമേരിക്ക എതിര്‍ത്തിരുന്നു എങ്കിലും ചൈന മൗനം പാലിക്കുകയാണ് ചെയ്തത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.