1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 13, 2022

സ്വന്തം ലേഖകൻ: അപ്രതീക്ഷിതമായുണ്ടായ അതിരൂക്ഷമായ മഞ്ഞുവീഴ്ചയിൽ ബ്രിട്ടൻ മുഴുവൻ മഞ്ഞിനടിയിലായി. ഞായറാഴ്ച വൈകിട്ടാണ് സാധാരണ മഞ്ഞുവീഴ്ച സംഭവിക്കാത്ത ലണ്ടൻ നഗരത്തിൽ ഊൾപ്പെടെ മണിക്കൂറുകൾ മഞ്ഞു പെയ്തത്. രാത്രി എട്ടു മണിയോടെ രാജ്യം മുഴുവൻ മഞ്ഞുപുതപ്പിനടിയിലായി. ആറു മുതൽ 16 ഇഞ്ചുവരെ കനത്തിലാണ് പല സ്ഥലങ്ങളിലും മഞ്ഞുവീഴ്ച രേഖപ്പെടുത്തിയത്.

സ്കോട്ട്ലൻഡിലും നോർത്തേൺ അയർലൻഡിലും കാണുന്ന ഇത്രയേറെ കനത്ത ഹിമപാതം ലണ്ടൻ നഗരത്തിൽ പോലും ഉണ്ടായി എന്നതാണ് അതിശയിപ്പിക്കുന്ന വസ്തുത. ഐസും മൂടൽ മഞ്ഞും മഞ്ഞും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പുണ്ടായിരുന്നെങ്കിലും ഇത്ര രൂക്ഷമായ മഞ്ഞുപെയ്ത്ത് രാജ്യത്ത് ഒരിടത്തും പ്രവചിച്ചിരുന്നില്ല.

മണിക്കൂറുകൾക്കുള്ളിൽ എല്ലാ ഗതാഗത മാർഗങ്ങളും മന്ദഗതിയിലായി. റോഡ് ഗതാഗതം ഏറെക്കുറെ പൂർണമായി സ്തംഭിച്ചു. ട്രെയിനുകൾ കൂട്ടത്തോടെ റദ്ദാക്കി. സ്റ്റാൻസ്റ്റഡ്, മാഞ്ചസ്റ്റർ വിമാനത്താവളങ്ങൾ അടച്ചു. ഹീത്രൂ, ഗാട്ട് വിക്ക്, ലണ്ടൻ സിറ്റ, ബർമിങ്ങാം, കാഡിഫ് തുടങ്ങിയ വിമാനത്താവളങ്ങളിൽനിന്നുള്ള നിരവധി സർവീസുകൾ റദ്ദാക്കി. ഇവിടേക്ക് എത്തിയ വിമാനങ്ങളും എണ്ണവും വളരെ കുറവായിരുന്നു.

നൂറുകണക്കിന് സർവീസുകൾ മണിക്കൂറുകൾ വൈകിയാണ് പുറപ്പെട്ടത്. ദീർഘദൂര ട്രെയിൻ സർവീസുകൾ പലതും പാതി വഴിയിൽ സർവീസ് നിർത്തി. ലണ്ടൻ ട്യൂബ് സർവീസിനെയും മഞ്ഞുവീഴ്ച അവതാളത്തിലാക്കി. വാട്ടർ ലൂ ആൻഡ് സിറ്റി ലൈനും പുതുതായി തുടങ്ങിയ എലിസബത്ത് ലൈനും ഒഴികെയുള്ള എല്ലാ ട്യൂബ് സർവീസും പൂർണമായോ ഭാഗികമായോ തടസപ്പെട്ടു. ഇന്നും ഈ സ്ഥിതിക്ക് മാറ്റമുണ്ടായിട്ടില്ല.

രാത്രി വൈകിയും രാവിലെയും മഞ്ഞുവീഴ്ചയ്ക്ക് അൽപം ശമനമുണ്ടായെങ്കിലും മൈനസ് പത്തു ഡിഗ്രി വരെ താഴ്ന്നു നിൽക്കുന്ന താപനിലമൂലം മഞ്ഞുപാളികൾ ഉരുകി മാറുന്നില്ല. രാത്രി താപനില മൈനസ് 15 ഡിഗ്രിവരെ രേഖപ്പെടുത്തിയ സ്ഥലങ്ങളുണ്ട്. അബർഡീനിലെ ബ്രീമറിലാണ് ഏറ്റവും കുറഞ്ഞ താപനിലയായി 15.6 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്.

മോട്ടോർവേകളിൽ അപകടങ്ങൾ തുടർക്കഥയായി. വാഹനങ്ങൾ സ്ക്രിഡ് ചെയ്തും ബ്രേക്ക്ഡൗണായും നൂറുകണക്കിനാളുകൾ രാത്രിയിൽ വാഹനത്തിൽ തന്നെ കഴിയേണ്ട സ്ഥിതിയുണ്ടായി. ഞായറാഴ്ച ആയതിനാൽ ഹൈവേകളിൽ ഉപ്പു വിതറി മഞ്ഞുനീക്കാൻ പതിവിലേറെ സമയമെടുത്തു. എം-25 ഉൾപ്പെടെയുള്ള പല മേട്ടോർവേകളുടെയും പലഭാഗങ്ങളും മണിക്കൂറുകളോളം അടച്ചിട്ടു. രാത്രി മണിക്കൂറുകൾ വാഹനങ്ങളിൽ കുടുങ്ങിയവർ ഭക്ഷണവും വെള്ളവും പോലും ലഭിക്കാതെ വലഞ്ഞു. ചിലർ വാഹനങ്ങൾ വഴിയിൽ ഉപേക്ഷിച്ച് സുഹൃത്തുക്കളുടെ വീടുകളിലും പബ്ബുകളിലും അഭയം തേടി.

വൈദ്യുതി വിതരണം രാജ്യത്തിന്റെ പലയിടങ്ങളിലും താറുമാറായി. വൈദ്യുതി ക്ഷാമവും വിതരണപ്രതിസന്ധിയും മുന്നിൽ കണ്ട് രാജ്യത്തെ രണ്ടു കൽക്കരി ഖനികളോട് പ്രവർത്തന സജ്മാകാൻ നാഷനൽ ഗ്രിഡ് മുന്നറിയിപ്പു നൽകി. ഫ്രാൻസ് നോർവേ, ബൽജിയം നെതർലൻസ് എന്നിവടങ്ങളിൽ നിന്നും സബ്സീ കേബിളുകൾ വഴി എത്തിക്കുന്ന വൈദ്യുതി നിലയ്ക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ഈ മുൻകരുതൽ. സ്കൂളുകളും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും പല സ്ഥലങ്ങളിലും തുറന്നില്ല. ലണ്ടൻ നഗരത്തിൽ പോലും പ്രവർത്തിക്കുന്ന സ്കൂളുകളിൽ ഹാജർ നിലയു കുറവാണ്.

ബർമിങ്ങാമിനു സമീപം മഞ്ഞുമൂടിയ തടാകത്തിൽ വീണ് നാലു കുട്ടികളെ അതീവ ഗുരുതരാസ്ഥയിൽ ആശുപത്രിൽ പ്രവേശിപ്പിച്ചു. പാർക്കിൽ കളിക്കാനിറങ്ങിയ കുട്ടികൾ അറിയാതെ മഞ്ഞുമൂടിയ തടാകത്തിൽ അകപ്പെട്ടു പോയതാണെന്നാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തനത്തിനായി തണുത്ത വെള്ളത്തിലിറങ്ങിയ സുരക്ഷാ ഉദ്യോഗസ്ഥരിൽ ഒരാളെയും അവശനിലയിൽ ആശുപത്രിയിലാക്കി.

സ്കോട്ട്ലൻഡ്, കോൺവാൾ, സ്നോഡോണിയ, തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് വിനോദയാത്രികർക്ക് നിർദേശമുണ്ട്. എമർജൻസി കോളുകളുടെ എണ്ണം വർധിച്ചതോടെ ആംബുലൻസ് സർവീസുകൾക്ക് കോളുകളോട് പ്രതികരിക്കാൻ പോലുമാകാത്ത സാഹചര്യമാണ് പല സ്ഥലങ്ങളിലും. ആശുപത്രി എമർജൻസികളുടെ പ്രവർത്തനവും പല സ്ഥലങ്ങളിലും അവതാളത്തിലാണ്.

യാത്രാ സൗകര്യം ഇല്ലാത്തതിനാൽ സ്ഥാപനങ്ങളിലെല്ലാം ജോലിക്കെത്തിയവർ വിരലിൽ എണ്ണാവുന്നവർ മാത്രം. വരും നാളുകളിൽ വരാനിരിക്കുന്ന കൊടും തണുപ്പിന്റെയും അതിരൂക്ഷമായ മഞ്ഞുവീഴ്ചയുടെയും തുടക്കമായാണ് കാലാവസ്ഥാ വിദഗ്ധർ അപ്രതീക്ഷിതമായ ഈ പ്രതിഭാസത്തെ വിലയിരുത്തുന്നത്.

അതിനിടെ മഞ്ഞുവീഴ്ചയിൽ തണുത്തുറഞ്ഞ തടാകത്തിൽ പെട്ടുപോയ കുട്ടികളിൽ മൂന്നു പേർ മരിച്ചു. ഒരാളുടെ നില അതീവ ഗുരുതരം. രക്ഷാപ്രവർത്തനത്തിനിറങ്ങിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥനും തണുത്തുറഞ്ഞ വെള്ളത്തിൽപെട്ട് അവശനായി ഗുരുതരാവസ്ഥയിലായി.

മാഞ്ചസ്റ്ററിനു സമീപമുള്ള സോലിഹള്ളിലെ തടാകത്തിലാണ് രാജ്യത്തെ ആകെ ദുഃഖത്തിലാഴ്ത്തിയ ദുരന്തം ഉണ്ടായത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30നാണ് ദാരുണമായ ഈ അപകടം. ഇവർക്കൊപ്പം മറ്റു രണ്ടു കുട്ടികൾ കൂടി അപകടത്തിൽ പെട്ടതായി സംശയിക്കുന്നതിനാൽ തടാകത്തിൽ തിരച്ചിൽ തുടരുകയാണ്. എന്നാൽ, ഇക്കാര്യം ഒദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.