
സ്വന്തം ലേഖകൻ: ബോംബ് ഭീഷണിയെത്തുടര്‍ന്ന് ഗുജറാത്തിലെ ജാംനഗര്‍ വ്യോമത്താവളത്തില്‍ തിങ്കളാഴ്ച രാത്രി അടിയന്തരമായി ഇറക്കിയ റഷ്യന്‍ ചാര്‍ട്ടേഡ് വിമാനത്തിന് ഇന്ത്യന്‍ വ്യോമസേന സുരക്ഷയൊരുക്കിയത് അതിവേഗത്തില്‍. വിമാനത്തിന് ബോംബ് ഭീഷണിയുണ്ടെന്ന് സന്ദേശം ലഭിച്ച് 50 മിനിറ്റ് സമയം മാത്രമാണ് ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ വ്യോമസേനയ്ക്ക് ലഭിച്ചത്. ഇതിനുള്ളില്‍ വ്യോമത്താവളത്തില്‍ വിമാനത്തിന്റെ ലാന്‍ഡിങ്ങിനും യാത്രക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കാനുള്ള മുഴുവന്‍ നടപടികളും വ്യോമസേന പൂര്‍ത്തിയാക്കി.
മോസ്കോയില്‍നിന്ന് വിനോദസഞ്ചാരികളുമായി പറന്നുയര്‍ന്ന അസുര് എയറിന്റെ വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് ഗോവ എയര്‍ട്രാഫിക് കണ്‍ട്രോളിലേക്ക് ഭീഷണി സന്ദേശം എത്തിയത്. അതോടെ തുര്ക്ക്മെനിസ്താന് മുകളിലായിരുന്ന വിമാനത്തിന് ജാംനഗറിലിറങ്ങാന് അടിയന്തരമായി നിര്‍ദേശം നല്കി. വ്യോമസേനയുടെ താവളമെന്ന സൗകര്യം പരിഗണിച്ചായിരുന്നു ഇത്.
സുരക്ഷ കണക്കിലെടുത്ത് വ്യോമതാവളത്തിലെ ഒറ്റപ്പെട്ട ഇടത്തേക്ക് വിമാനത്തെ മാറ്റാനാണ് ഗരുഡ് സ്പെഷ്യല്‍ ഫോഴ്സിനോടും വ്യോമത്താവള ജീവനക്കാരോടും വ്യോമസേന ആദ്യം നിര്‍ദേശിച്ചത്. ഇതനുസരിച്ച് 9.50ന് ലാന്‍ഡ് ചെയ്ത ഉടന്‍ ഒറ്റപ്പെട്ട ഇടത്തേക്ക് മാറ്റിയ ശേഷമാണ് വിമാനത്തിലെ 236 യാത്രക്കാരേയും എട്ട് ജീവനക്കാരേയും സുരക്ഷിതമായി പുറത്തെത്തിച്ചത്. സുരക്ഷ കണക്കിലെടുത്ത് വ്യോമത്താവളം അടച്ചിട്ട ശേഷമായിരുന്നു തുടര്‍നടപടികള്‍. റഷ്യന്‍ വിമാനം അടിയന്തര ലാന്‍ഡിങ്ങിന് അനുമതി തേടിയ ഉടന്‍തന്നെ അഹമ്മദാബാദില്‍നിന്നും ഡല്‍ഹിയില്‍നിന്നും നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡിന്റെ (എന്‍എസ്ജി) ബോംബ് സ്ക്വാര്‍ഡിനേയും പ്രത്യേക വ്യോമസേന വിമാനത്തില്‍ ജാംനഗറിലേക്കെത്തിച്ചിരുന്നു.
യാത്രക്കാരുടെ ലഗേജുകളും വിമാനവും അരിച്ചുപെറുക്കി പരിശോധിച്ച സംഘം ബോംബ് ഭീഷണി വ്യാജമാണെന്നും വിമാനം സുരക്ഷിതമാണെന്നും ഉറപ്പാക്കി. 12 മണിക്കൂറോളം നീണ്ട ബോംബ് സ്ക്വാഡിന്റെ പരിശോധനയ്ക്ക് ശേഷം ചൊവ്വാഴ്ച രാവിലെ 9.30-ഓടെ വിമാനം സുരക്ഷിതമാണെന്ന് ഉറപ്പിച്ചത്. സുരക്ഷാ ക്ലിയറന്‍സ് ലഭിച്ചശേഷം ചൊവ്വാഴ്ച ഉച്ചയോടെയാണ് വിമാനം ഗോവയിലേക്ക് യാത്ര പുനരാരംഭിച്ചത്.
സാധാരണ ഇത്തരം അടിയന്തര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാറുള്ളത് കേന്ദ്ര വ്യോമയാന മന്ത്രാലയങ്ങള്‍ക്ക് കീഴിലുള്ള വിമാനത്താവളങ്ങളിലാണ്. എന്നാല്‍ മുംബൈ, ഗോവ, അഹമ്മദാബ് എന്നീ വിമാനത്താവളങ്ങളിലേക്ക് എത്താന്‍ കൂടുതല്‍ സമയം എടുക്കുമെന്നതിനാലാണ് ജാംനഗര്‍ വ്യോമത്താവളത്തില്‍ തന്നെ വിമാനം ഇറക്കാന്‍ തീരുമാനിച്ചതെന്ന് വ്യോമസേന അധികൃതര്‍ വ്യക്തമാക്കി. എയര്‍ കമാന്‍ഡര്‍ ആനന്ദ് സോധിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഒഴിപ്പിക്കലിന് നേതൃത്വം നല്‍കിയത്.
തിങ്കളാഴ്ച രാത്രി ഓപ്പറേഷന് ആരംഭിച്ചത് മുതല്‍ വ്യോമ സേനാ ആസ്ഥാനത്ത് ഉന്നത വ്യോമസേന ഉദ്യോഗസ്ഥരും ഒഴിപ്പിക്കല്‍ നടപടികള്‍ തുടര്‍ച്ചയായി നിരീക്ഷിച്ച് സുരക്ഷ ഉറപ്പുവരുത്തിയിരുന്നു. വ്യാജ ബോംബ് ഭീഷണിക്ക് പിന്നിലുള്ളവരെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബോംബ് ഭീഷണിയെപ്പറ്റി ഇന്ത്യന്‍ അധികൃതരെ അറിയിച്ചിരുന്നുവെന്നും യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും റഷ്യന്‍ എംബസി പിന്നീട് പ്രസ്താവനയില്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല