
സ്വന്തം ലേഖകൻ: ദുബായ് നിവാസികൾക്ക് നേരിട്ട് ഡെബിറ്റ് കാര്‍ഡ് വഴി വീട്ടുവാടക അടയ്ക്കാമെന്ന് ദുബായ് ലാൻഡ് ഡിപാർട്ട്മെന്റ് സർക്കുലറിലൂടെ അറിയിച്ചു. യുഎഇയുടെ സെൻട്രൽ ബാങ്ക് ഡയറക്ട് ഡെബിറ്റ് സിസ്റ്റം (യുഎഇഡിഡിഎസ്) ദുബായിലെ താമസക്കാർക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് ഒന്നോ അതിൽക്കൂടുതൽ മാസങ്ങളിലോ കരാർ അനുസരിച്ചു വീട്ടുവാടക അടയ്ക്കാവുന്ന ഓട്ടോമാറ്റിക് പേയ്മെന്റ് അനുവദിക്കുന്നതായി ദുബായ് ലാൻഡ് ഡിപാർട്ട്മെന്റ് പറഞ്ഞു.
വാടകക്കാർക്ക് വാടക കരാർ ഉണ്ടാക്കുന്നതോ പുതുക്കുന്നതോ ആയ സമയത്ത് ഇൗ സംവിധാനം ഏർപ്പെടുത്താം. വാടക അടയ്ക്കുന്നതിന് ഏറെക്കാലമായി 2,4, 6 മാസത്തിലൊരിക്കൽ ചെക്കുകൾ ഉപയോഗിക്കുന്ന സംവിധാനമാണുള്ളത്. നേരിട്ടുള്ള ഡെബിറ്റുകൾ കെട്ടിട ഉടമകൾക്കും ഏറെ സഹായകമാകുമെന്നാണ് കരുതുന്നത്.
ആഗോളതലത്തിൽ മിക്ക വിപണികളും നേരിട്ടുള്ള ഡെബിറ്റ് രീതികൾ ഉപയോഗിക്കുന്നു. സെൻട്രൽ ബാങ്കുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ ഡയറക്ട് ഡെബിറ്റ് സംവിധാനം സുരക്ഷിതമാണ്. പേയ്മെന്റുകൾ ഡിജിറ്റൈസ് ചെയ്യാനും സുഗമമാക്കാനുമുള്ള ദുബായുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ നീക്കമെന്നു വിദഗ്ധർ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല