
സ്വന്തം ലേഖകൻ: സൗദിയില്‍ ആദ്യമായി ഗാര്‍ഹിക മേഖലയില്‍ വനിതാ ഡ്രൈവര്‍മാരെ നിയമിക്കാന്‍ അനുമതി. സൗദി അറേബ്യയിലെ ഹ്യൂമന്‍ റിസോഴ്സസ് ആന്‍ഡ് സോഷ്യല്‍ ഡെവലപ്മെന്റ് മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. റിക്രൂട്ട്മെന്റിന്റെ ഗുണനിലവാരം ഉയര്‍ത്തുന്നതിനും തൊഴിലാളികളുടെയും തൊഴില്‍ ഉടമകളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ബന്ധപ്പെട്ട എല്ലാ കക്ഷികളും തമ്മിലുള്ള കരാര്‍ ബന്ധം നിയന്ത്രിക്കുന്നതിനുമായി സാങ്കേതിക പരിഹാരങ്ങളും സംയോജിത ഇലക്ട്രോണിക് സേവനങ്ങളും ലഭ്യമാക്കുന്നതിലൂടെ രാജ്യത്തെ ഗാര്‍ഹിക തൊഴില്‍ മേഖല വികസിപ്പിക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ തുടര്‍ച്ചയായ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ് നടപടിയെന്നും അധികൃതര്‍ അറിയിച്ചു.
മുസാനിദ് പോര്‍ട്ടല്‍ വഴിയുള്ള റിക്രൂട്ട്മെന്റിന് ലഭ്യമായ പുതിയ തൊഴിലുകളില്‍ വനിതാ ഹൗസ് ഡ്രൈവറിനു പുറമെ, ഹോം ഗാര്‍ഡ്, സ്വകാര്യ ട്യൂട്ടര്‍, പേഴ്സണല്‍ കെയര്‍ വര്‍ക്കര്‍, ഹോം ടെയ്ലര്, ഹോം മാനേജര്‍, ഹോം ഫാര്‍മര്‍, ഹോം കോഫി മേക്കര്‍, ഹോം ട്രാവലര്‍, ഹോം അറ്റന്‍ഡന്റ്, പ്രൈവറ്റ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ് സ്പെഷ്യലിസ്റ്റ്, പേഴ്സണല്‍ അസിസ്റ്റന്റ്, സപ്പോര്‍ട്ട് വര്‍ക്കര്‍ എന്നിവരും ഉള്‍പ്പെടുന്നു. രാജ്യത്തെ എല്ലാ റിക്രൂട്ട്മെന്റ് ഓഫീസുകളും അവലോകനം ചെയ്യാനും അവര്‍ക്ക് ഏറ്റവും അനുയോജ്യമായത് തിരഞ്ഞെടുക്കാനും ഉപഭോക്താക്കളെ പ്രാപ്തരാക്കുന്നതാണ് മുസാനിദ് ഇലക്ട്രോണിക് സംവിധാനം.
അതിനിടെ 2030ലെ വേള്‍ഡ് എക്സ്പോയ്ക്ക് ആതിഥ്യം വഹിക്കുന്നതുമായി ബന്ധപ്പെട്ട് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് റിയാദിലെത്തിയ ബ്യൂറോ ഇന്റര്‍നാഷണല്‍ ഡെസ് എക്സ്പോസിഷന്‍സ് (BIE) പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. പ്രതിനിധി സംഘം ചെയര്‍പേഴ്സണ്‍ പാട്രിക് സ്പെക്റ്റിനെയും അദ്ദേഹത്തിന്റെ അനുഗമിക്കുന്ന പ്രതിനിധി സംഘത്തെയും കിരീടാവകാശി സ്വീകരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല