
സ്വന്തം ലേഖകൻ: ശമ്പളവര്‍ദ്ധന ആവശ്യപ്പെട്ടുള്ള ജൂനിയര്‍ ഡോക്ടര്‍മാരുടെ നാല് ദിന പണിമുടക്കുകളില്‍ അര മില്ല്യണ്‍ ഓപ്പറേഷനുകളും, അപ്പോയിന്റ്മെന്റുകളും റദ്ദാകുമെന്ന് മുന്നറിയിപ്പ് നല്കി എന്‍എച്ച്എസ് മേധാവികള്‍. ഈ മാസം ഡോക്ടര്‍മാര്‍ നടത്തുന്ന പ്രതിഷേധങ്ങള്‍ മൂലം 250,000 പ്രൊസീജ്യറുകള്‍ റദ്ദാകുമെന്നാണ് കണ്‍സര്‍വേറ്റീവ് കണക്കുകള്‍.
ഡിസംബര്‍ മുതല്‍ ആരംഭിച്ച സമരനടപടികള്‍ മൂലം 300,000 ചികിത്സാനടപടികള്‍ റദ്ദാക്കിയതിനൊപ്പമാണ് ഇത് ചേരുന്നത്. 550,000 പ്രൊസീജ്യറുകളും, അപ്പോയിന്റ്മെന്റുകളും നിര്‍ത്തിവെച്ചിട്ടുമുണ്ട്. ഇന്നുമുതല്‍ കൂടുതല്‍ രോഗികളെ ബന്ധപ്പെട്ട് ഓപ്പറേഷനുകള്‍ റദ്ദാകുമെന്ന് അറിയിക്കും. കാത്തിരിപ്പ് ബാക്ക്ലോഗ് നിലവില്‍ 7.2 മില്ല്യണ്‍ റെക്കോര്‍ഡ് ഉയരത്തിലാണ്.
അടുത്ത ചൊവ്വാഴ്ച മുതല്‍ നാല് ദിവസത്തേക്കാണ് ബിഎംഎ സമരം. ഏറ്റവും ദൈര്‍ഘ്യമേറിയ ബിഎംഎ പണിമുടക്ക് ഈസ്റ്റര്‍ വീക്കെന്ഡിനൊപ്പം എത്തുന്നതിനാല്‍ എന്‍എച്ച്എസില്‍ കനത്ത സമ്മര്‍ദമാണ് കൂട്ടിച്ചേര്‍ക്കുക. കഴിഞ്ഞ മാസവും ജൂനിയര്‍ ഡോക്ടര്‍മാര്‍ പണിമുടക്ക് നടത്തിയിരുന്നു. 35% ശമ്പളവര്‍ദ്ധന ആവശ്യപ്പെട്ടാണ് 60,000-ലേറെ ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരത്തിന് ഇറങ്ങുന്നത്.
അതേസമയം തങ്ങള്‍ സമരത്തിന് ഇറങ്ങുമോയെന്ന കാര്യം എന്‍എച്ച്എസ് മേധാവികളില്‍ നിന്നും മറച്ചുവെയ്ക്കാനുള്ള ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന് ഉപദേശം വ്യാപകമായ വിമര്‍ശനത്തിന് ഇടയാക്കുന്നുണ്ട്. സമരദിനങ്ങളില്‍ രോഗികള്‍ക്ക് ആവശ്യമായ സഹായം നല്കാന് ആശുപത്രികള്‍ ഒരുക്കം നടത്തുന്നുണ്ടെങ്കിലും ഏതെല്ലാം ഡോക്ടര്‍മാര്‍ സമരത്തില്‍ പങ്കെടുക്കുമെന്ന് അറിവില്ലാത്തത് സ്ഥിതി വഷളാക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല