1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 19, 2023

സ്വന്തം ലേഖകൻ: സൗദിയില്‍ തൊഴിലുടമകളുടെ പക്കല്‍ നിന്ന് ഒളിച്ചോടിപ്പോവുന്ന ജീവനക്കാരുടെ പേരില്‍ എടുത്തിട്ടുള്ള ഹുറൂബ് കേസുകള്‍ റദ്ദാക്കാന്‍ തീരുമാനം എടുത്തതായി വ്യാജ പ്രചാരണം. രാജ്യത്ത് ഹൗസ് ഡ്രൈവര്‍മാരുടെയും വീട്ടുവേലക്കാരുടെയും പേരിലടക്കം തൊഴിലുടമകള്‍ റജിസ്റ്റര്‍ ചെയ്ത ഹുറൂബ് കേസുകള്‍ റദ്ദാക്കിയെന്ന രീതിയില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് സൗദി പാസ്‌പോര്‍ട്ട് വിഭാഗമായ ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു.

ഹുറൂബ് കേസുകള്‍ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട ഒരു തീരുമാനവും തങ്ങള്‍ കൈക്കൊണ്ടിട്ടില്ലെന്നും അത്തരം ഒരു നീക്കവും ജവാസാത്ത് സിസ്റ്റങ്ങളില്‍ ഉണ്ടായിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രചരിക്കുന്ന കാര്യങ്ങള്‍ തികച്ചും വാസ്തവ വിരുദ്ധമാണ്. തൊഴിലുടമകളില്‍ നിന്ന് ഓടിപ്പോവുന്നവര്‍ക്കെതിരായ കേസുകള്‍ റദ്ദാക്കിയിട്ടില്ല.

ഇത്തരം വ്യാജ പ്രചാരണങ്ങളില്‍ വഞ്ചിതരാവരുതെന്നും ഇത്തരം വിഷയങ്ങളില്‍ ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്തകള്‍ മാത്രമേ സ്വീകരിക്കാവൂ എന്നും ജവാസാത്ത് വാര്‍ത്താക്കുറിപ്പില്‍ ഓര്‍മ്മിപ്പിച്ചു. തൊഴിലാളി ഒളിച്ചോടിയതായി തൊഴിലുടമ ജവാസാത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ ഹുറൂബ് (ഓടിപ്പോവല്‍) എന്നായിരുന്നു ജവാസാത്തിന്‍റെ കംപ്യൂട്ടര്‍ സിസ്റ്റത്തില്‍ ഇതുവരെ രേഖപ്പെടുത്തിയിരുന്നത്.

എന്നാല്‍ അത് മാറ്റി ഹുറൂബിന് പകരം ആബ്സെന്‍റ് ഫ്രം വര്‍ക്ക് (മുതഗയ്യിബുന്‍ അനില്‍ അമല്‍) അഥവാ ജോലിക്ക് ഹാജരാവാതിരിക്കല്‍ എന്നാക്കിയിരുന്നു. ഇതാണ് ഹുറൂബ് കേസുകള്‍ ഒഴിവാക്കിയെന്ന രീതിയില്‍ വ്യാജവാര്‍ത്തയായി പ്രചരിച്ചത്. ഇത്തരം കേസുകളില്‍ സര്‍ക്കാര്‍ സിസ്റ്റത്തില്‍ കാണിക്കുന്ന ഹുറൂബ് എന്ന സ്റ്റാറ്റസ് പുതിയ പേരിലേക്ക് മാറിയെന്നത് മാത്രമാണ് പുതിയ സംഭവവികാസമെന്നും അത്തരം ജീവനക്കാര്‍ക്കെതിരായ കേസുകള്‍ തുടര്‍ന്നും നിലനില്‍ക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.