1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 24, 2023

സ്വന്തം ലേഖകൻ: വൈറ്റ് ഹൗസിലേയ്ക്ക് വാഹനം ഇടിച്ചുകയറ്റുകയും പ്രസിഡൻ്റ് ജോ ബൈഡനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ ഇന്ത്യൻ വംശജനായ യുവാവ് അറസ്റ്റിൽ. 19 വയസുള്ള ഇന്ത്യൻ വംശജനാണ് അറസ്റ്റിലായത് എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ട്. പ്രസിഡൻ്റിൻ്റെ ഔദ്യോഗികവസതിയ്ക്കു മുന്നിൽ സ്ഥാപിച്ച സുരക്ഷാ ബാരിക്കേഡുകളിലേയ്ക്ക് ഇയാൾ ട്രക്ക് ഓടിച്ചുകയറ്റുകയായിരുന്നു. തിങ്കളാഴ്ച രാത്രിയിലായിരുന്നു സംഭവം. ചെസ്റ്റർഫീൽഡ് സെൻ്റ് ലൂയിസ് സ്വദേശിയായ സായ് വർഷിത് കണ്ടുല എന്ന യുവാവാണ് പിടിയിലായത്. ഇയാൾക്കെതിരെ അപകടകരമായ ഡ്രൈവിങ് അടക്കമുള്ള കേസുകൾ ചുമത്തിയിട്ടുണ്ട്.

ഇയാൾ മനഃപൂർവമാണ് വാഹനം ഇടിച്ചുകയറ്റിയതെന്നും എന്നാൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇയാൾ പ്രസിഡൻ്റ് ജോ ബൈഡനും വൈസ് പ്രസിഡൻ്റ് കമലാ ഹാരിസിനും എതിരെ വധഭീഷണി മുഴക്കിയതായും ആരോപണമുണ്ട്. അതേസമയം, ഇയാൾ മനഃപൂർവമാണ് വാഹനം ഓടിച്ചുകയറ്റിയത് എന്നതിന് തെളിവില്ലെന്നാണ് അഭിഭാഷകൻ്റെ വാദം. എന്നാൽ ഈ വാദം അംഗീകരിക്കാത്ത കോടതി കേസ് ഫെഡറൽ കോടതിയ്ക്ക് കൈമാറിയിട്ടുണ്ട്.

പ്രസിഡൻ്റിനെ അപായപ്പെടുത്താൻ ശ്രമിക്കുക, സർക്കാർ വക സാധനസാമഗ്രികൾക്ക് കേടുപാടുകൾ വരുത്തുക, വധഭീഷണി മുഴക്കുക, അപകടകരമായി വാഹനമോടിക്കുക തുടങ്ങിയ കേസുകളാണ് സായ് വർഷിത് കണ്ടുലയ്ക്കെതിരെ ചുമത്തിയിട്ടുള്ളത്. യുഎസ് പൗരനായ കണ്ടുലയ്ക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്നും ഇയാൾ പോലീസ് നിരീക്ഷണത്തിലായിരുന്നില്ലെന്നും അന്വേഷണ ഏജൻസികൾ വ്യക്തമാക്കി. വാഹനത്തിൽ നിന്ന് ആയുധങ്ങളോ സ്ഫോടകവസ്തുക്കളോ കണ്ടെടുത്തിട്ടില്ല. അതേസമയം, വാഹനത്തിനുള്ളിൽ ഒരു നാസി പതാകയും ഡക്ട് ടേപ്പ് അടങ്ങിയ ഒരു ബാഗും കണ്ടെടുത്തിട്ടുണ്ട്.

റോഡരികിൽ നിർത്തിയ ശേഷം അതിവേഗത്തിൽ മുന്നോട്ടു വന്ന വാഹനം സെക്യൂരിറ്റി പോസ്റ്റുകളിൽ ഇടിച്ചുകയറുകയായിരുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങളും പോലീസിനു ലഭിച്ചിട്ടുണ്ട്. സംഭവസമയത്ത് പ്രസിഡൻ്റ് വൈറ്റ് ഹൗസിൽ ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ലെങ്കിലും തലസ്ഥാനത്ത് ഫെഡറൽ ഓഫീസുകളുടെ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.

2022ൽ മിസോറിയിൽ നിന്ന് ഹൈസ്കൂൾ പഠനം പൂ‍ർത്തിയാക്കിയ സായ് ഒരു ഇന്ത്യൻ വംശജനാണ് എന്നാണ് വിവരം. വിർജിനിയയിൽ യു ഹോൾ എന്ന കമ്പനിയിൽ നിന്ന് വാടകയ്ക്കെടുത്ത ട്രക്കാണ് ഇദ്ദേഹം ആക്രമണത്തിന് ഉപയോഗിച്ചത്. 18 വയസ് തികഞ്ഞ ആ‍ർക്കും വാടകയ്ക്ക് എടുക്കാവുന്ന ഈ വാഹനം ഇദ്ദേഹം സ്വന്തം പേരിൽ തന്നെയാണ് സ്വീകരിച്ചത്. സായ് ഒരു നാസി ആരാധകനായിരുന്നു എന്നാണ് പോലീസ് പറയുന്നത്.

ഇദ്ദേഹത്തിൻ്റെ കൈയ്യിൽ നിന്ന് ഓൺലൈനായി വാങ്ങിയ നാസി പതാകയും ലഭിച്ചിട്ടുണ്ട്. ആറുമാസം നീണ്ട പദ്ധതിയ്ക്ക് ഒടുവിലാണ് ഇയാൾ ആക്രമണം നടത്തിയതെന്നും പ്രസിഡൻ്റിനെ വധിച്ച് രാജ്യത്തിൻ്റെ അധികാരം പിടിച്ചെടുക്കുക എന്നതായിരുന്നു തൻ്റെ ഉദ്ദേഹം എന്ന് ഇയാൾ വെളിപ്പെടുത്തിയെന്നും സുരക്ഷാ ഏജൻസികൾ പറയുന്നു. നാസി ആശയമായ എക ലോകക്രമത്തിലായിരുന്നു ഇദ്ദേഹം വിശ്വസിച്ചിരുന്നത്. നാസി ചരിത്രത്തിൽ അഭിമാനിച്ചിരുന്ന ഇദ്ദേഹത്തിന് മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിട്ടിരുന്നോ എന്ന് വ്യക്തമല്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.