1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 10, 2023

സ്വന്തം ലേഖകൻ: കോവിഡ് കഴിഞ്ഞതോടെ യുഎഇയിലേക്ക് വീണ്ടും പ്രവാസികളുടെ വരവ് തുടങ്ങി. രാജ്യത്ത് കഴിഞ്ഞ 3 മാസത്തിനിടെ മാത്രം തൊഴിൽ തേടി എത്തിയവർ 2.22 ലക്ഷം. സ്വകാര്യ മേഖലയിലാണ് ജോലിക്കാർ അധികമായി എത്തിയത്. കോവിഡ് കാലത്ത് നാട്ടിലേക്കു പ്രവാസികളുടെ ഒഴുക്കായിരുന്നു.

അതിനിടെ സ്വദേശിവത്കരണം നടപ്പാക്കുന്നതിൽ വീഴ്ച വരുത്തുന്ന കമ്പനികൾക്ക് 42,000 ദിർഹം പിഴ ചുമത്തുമെന്നു സ്വദേശിവൽക്കരണ മന്ത്രാലയം. സ്വദേശികളെ നിയമിക്കേണ്ട നിശ്ചിത ദിവസം കഴിഞ്ഞ് 24 ദിവസം പിന്നിട്ടാൽ സ്ഥാപനങ്ങൾക്ക് പിഴ വീഴും.

അർധവാർഷികം പിന്നിടുമ്പോഴേക്കും മൊത്തം തൊഴിലാളികളിൽ ഒരു ശതമാനം സ്വദേശികളാകണം. അൻപതോ അതിൽ കൂടുതലോ തൊഴിലാളികളുള്ള കമ്പനികൾക്ക് സ്വദേശിവൽക്കരണം നിർബന്ധമാണ്. ഒരു സ്വദേശിയെ നിയമിക്കേണ്ട കമ്പനിക്കാണ് ഇത്രയും പിഴ.

കൂടുതൽ സ്വദേശികൾ നിയമിക്കേണ്ട കമ്പനി വീഴ്ച വരുത്തിയാൽ പിഴ കൂടും. അടുത്ത മാസം മുതൽ പിഴ ചുമത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഓരോവർഷവും കമ്പനികൾ സ്വദേശികളെ നിയമിക്കണം. തൊഴിലന്വേഷകരെ സഹായിക്കാൻ ഒഴിവുകൾ ‘നാഫിസ്’ വഴി പരസ്യപ്പെടുത്തണം. സ്വദേശിവൽക്കരണം ലക്ഷ്യത്തിലെത്തിക്കാൻ നാഫിസ് പദ്ധതിയിൽ സ്വകാര്യ കമ്പനികൾ അംഗമാകണം.

ഉദ്യോഗാർഥികൾക്ക് ആവശ്യമായ തൊഴിൽ പരിശീലനം നാഫിസ് നൽകും. സ്വദേശി നിയമനം ത്വരിതപ്പെടുത്തുന്ന കമ്പനികൾക്ക് ആനുകൂല്യങ്ങളുമുണ്ട്. പ്രവർത്തന മികവ് മാനദണ്ഡമാക്കി മന്ത്രാലയം വേർതിരിച്ച പട്ടികയിൽ ഏറ്റവും മുന്നിലായിരിക്കും ഇത്തരം കമ്പനികൾ. 50 തൊഴിലാളികളിൽ കൂടുതൽ തൊഴിലെടുക്കുന്ന 13,000 സ്ഥാപനങ്ങൾ യുഎഇയിലുണ്ടെന്നാണ് മന്ത്രാലയത്തിന്റെ കണക്ക്. ഈ സ്ഥാപനങ്ങളിൽ പരിശോധന നടത്തും.

സ്ഥാപനങ്ങളെ നിരീക്ഷിക്കാൻ പ്രത്യേക ഓൺലൈൻ സംവിധാനമുണ്ട്. വ്യാജരേഖകൾ വഴി സ്വദേശി നിയമനത്തിൽ തിരിമറി നടത്തുകയോ നാമമാത്ര നിയമനം കൊണ്ട് അധികൃതരെ കബളിപ്പിക്കുകയോ ചെയ്താൽ കമ്പനി ഫയൽ പ്രോസിക്യൂഷനു കൈമാറും.

50 വിദഗ്ധ തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ 2 ശതമാനം സ്വദേശികൾ വേണമെന്നാണ് നിയമം. ഈ വർഷം അവസാനിക്കുന്നതിനു മുൻപ് അവരെ മികച്ച തസ്തികയിൽ നിയമിക്കണം. കഴിഞ്ഞ വർഷത്തെ നിയമനം കൂടിയാകുമ്പോൾ ഈ വർഷം സ്വദേശിവൽക്കരണം 4 ശതമാനമാകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.