
സ്വന്തം ലേഖകൻ: സ്കൂളുകൾക്ക് മധ്യവേനൽ അവധി തുടങ്ങാനിരിക്കെ കേരളത്തിലേക്കുള്ള വിമാന നിരക്കുകൾ മൂന്നിരട്ടിയായി. നിരക്ക് കുടുംബ ബജറ്റിന്റെ താളം തെറ്റിക്കുമെന്നതിനാൽ നാട്ടിലേക്കുള്ള യാത്ര വേണ്ടെന്നുവച്ച പ്രവാസി കുടുംബങ്ങളേറെ.
മാസങ്ങൾക്ക് മുൻപേ ടിക്കറ്റെടുത്തവരെ മാത്രമാണ് വർധന കാര്യമായി ബാധിക്കാത്തത്. ഖത്തർ എയർവേയ്സ്, ഇന്ത്യയുടെ ബജറ്റ് എയർലൈനുകളായ ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ് എന്നിവ മാത്രമാണ് ഇന്ത്യയിലേക്ക് സർവീസ് നടത്തുന്നത്.
നേരിട്ടുള്ള വിമാനങ്ങൾക്ക് നിരക്ക് കൂടുതലായതിനാൽ പലരും കണക്ഷൻ വിമാനങ്ങളെ ആശ്രയിക്കുന്നുണ്ടെങ്കിലും നിരക്കിൽ കാര്യമായ വ്യത്യാസമില്ല. കുടുംബവുമായി പോകുന്നവർ തുടർ വിമാനത്തിനായി മണിക്കൂറുകൾ കാത്തിരിക്കേണ്ടി വരുമെന്നതും യാത്രാ ദുരിതം കൂട്ടുന്നു.
തിരുവനന്തപുരത്തേക്ക് നേരിട്ടുള്ള ബജറ്റ് എയർലൈനുകൾ ഇല്ലാത്തതിനാൽ തെക്കൻ ജില്ലക്കാർ ദോഹയിൽ നിന്ന് നാട്ടിലെ വീട്ടിലെത്താൻ 10 മണിക്കൂറിലധികം വേണം.
ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ് എന്നിവയിൽ ദോഹയിൽ നിന്ന് കൊച്ചി, കണ്ണൂർ, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ഈ മാസം 19 മുതൽ 25 വരെയുള്ള വിമാന നിരക്കനുസരിച്ച് ഒരാൾക്ക് ഇക്കോണമി ക്ലാസിൽ 43,000– 52,000 രൂപയാകും.
കേരളത്തിൽ നിന്ന് ഈ ദിവസങ്ങളിൽ ദോഹയിലെത്താൻ 14,700 –23,000 രൂപ മതി. നാലംഗ കുടുംബത്തിന് നാട്ടിലേക്ക് മാത്രം 2 ലക്ഷത്തിലധികം രൂപ വേണ്ടി വരും. അവധി കഴിഞ്ഞ് തിരികെ ദോഹയിലേക്ക് വരുമ്പോൾ വീണ്ടും നിരക്ക് കൂടും. നാലംഗ കുടുംബത്തിന് നാട്ടിൽ പോയി വരാൻ ടിക്കറ്റ് നിരക്ക് മാത്രം 3-4 ലക്ഷം രൂപയാകും.
മധ്യവേനൽ അവധിയെത്തിയതോടെ കുതിക്കുന്ന വിമാനനിരക്കിനെതിരെ ഖത്തർ പ്രവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. വർഷങ്ങളായി നിവേദനം നൽകിയിട്ടും യാത്രാ പ്രശ്നം പരിഹരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയാറായിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല