
സ്വന്തം ലേഖകൻ: “മയാമിൽ കാണിച്ചുതരാം!” ഡൊണാള്‍ഡ് ട്രംപിന്റെ ആഹ്വാനം കലാപത്തിനാണോ? തിരഞ്ഞെടുപ്പ് ഫലം അട്ടമറിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് ക്യാപ്പിറ്റളില്‍ നടത്തിയ കലാപം ലോകം മറന്നിട്ടില്ല. ഇനി ട്രംപിനെ കോടതിയില്‍ കയറ്റി ജയിലിലടയ്ക്കാം എന്ന് കരുതിയാല്‍ അദ്ദേഹത്തിന്റെ അനുയായികള്‍ എങ്ങനെ പ്രതികരിക്കും എന്ന ആശങ്ക യുഎസ് ഭരണകൂടത്തിനുണ്ട്.
വാരാന്ത്യത്തില്‍ ജിഒപി സംസ്ഥാന കണ്‍വന്‍ഷനുകളില്‍ നടന്ന രണ്ട് പ്രസംഗങ്ങളില്‍ ട്രംപിനെതിരായ കുറ്റപത്രം രാഷ്ട്രീയ പ്രേരിതമെന്നു പറഞ്ഞു തള്ളിക്കളഞ്ഞിരുന്നു. മുന്‍ പ്രസിഡന്റ് ആരോപണങ്ങള്‍ നേരിടാന്‍ കോടതിയിലേക്ക് പോകുമ്പോള്‍ തന്റെ റിപ്പബ്ലിക്കന്‍ അടിത്തറ കൂടുതല്‍ ശക്തമാക്കിയതായാണ് രാഷ്ട്രീയ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അതേസമയം അദ്ദേഹത്തിന്റെ കടുത്ത അനുയായികള്‍ അക്രമം അഴിച്ചുവിടാനുള്ള സാധ്യതയും ഏറെയാണെന്ന് കരുതുന്നവരുണ്ട്.
വൈറ്റ് ഹൗസ് വിട്ടതിന് ശേഷം രഹസ്യരേഖകള്‍ തെറ്റായി കൈകാര്യം ചെയ്തതിന് ട്രംപിനെതിരെ 37 കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍, സിബിഎസ് ന്യൂസ്/യുഗോവ് നടത്തിയ അഭിപ്രായ വോട്ടെടുപ്പാണ് വാര്‍ത്തകളില്‍ നിറയുന്നത്. റിപ്പബ്ലിക്കന്‍ പ്രൈമറി വോട്ടര്‍മാരില്‍ പകുതിയിലധികവും ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് പറഞ്ഞു തള്ളുകയായിരുന്നു.
2024-ലെ റിപ്പബ്ലിക്കന്‍ നോമിനേഷനിലെ മുന്‍നിരക്കാരനായ ട്രംപ്, വാരാന്ത്യത്തില്‍ ജിഒപി സംസ്ഥാന കണ്‍വന്‍ഷനുകളിലെ രണ്ട് പ്രസംഗങ്ങളിലും കുറ്റപത്രം നിരസിച്ചു. ‘ഒന്നുമില്ലായ്മയില്‍ തന്നെ കുറ്റം ചുമത്തപ്പെട്ടു’ എന്നാണ് നോര്‍ത്ത് കാരലൈനയിലെ പ്രതിനിധികളോട് അദ്ദേഹം പറഞ്ഞത്.
ഈ കേസില്‍ ട്രംപ് മയാമിയിലെ യുഎസ് ഡിസ്ട്രിക്ട് കോടതിയില്‍ ഹാജരായി ഇത് തന്നെ ആവർത്തിച്ചു. ഇത് അദ്ദേഹത്തിന്റെ നിയമപരമായ പോരാട്ടങ്ങളെ കൂടുതല്‍ കഠിനമാക്കും. ഒപ്പം അദ്ദേഹത്തിന്റെ ശക്തമായ അടിത്തറയുടെ വിശ്വസ്തത പരീക്ഷിക്കുകയും ചെയ്യും. ‘ചൊവ്വാഴ്ച മയാമിയില്‍ കാണാം!’ എന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ട്രംപ് ആരാധകരെ ആവേശത്തിലാഴ്ത്തിയിരുന്നു.
2024-ലെ മത്സരത്തില്‍ നിന്ന് തന്നെ പുറത്താക്കാനുള്ള രാഷ്ട്രീയ ശത്രുക്കളുടെ ഗൂഢാലോചനയായി ട്രംപ് കുറ്റപത്രത്തെ ചിത്രീകരിക്കുമ്പോള്‍, ചില കോണ്‍ഗ്രസ് അനുയായികള്‍ അദ്ദേഹത്തിന്റെ പ്രതിരോധം കൂടുതല്‍ ആക്രമണോത്സുകമായാണ് അവതരിപ്പിക്കുന്നത്.
ലൂസിയാനയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ പ്രതിനിധി ക്ലേ ഹിഗ്ഗിന്‍സ് ട്വിറ്ററില്‍ ട്രംപിന് അനുകൂലമായി രൂക്ഷമായ ഭാഷയില്‍ രംഗത്തു വന്നു. ‘പീഡകരില്‍ നിന്നുള്ള ഒരു അന്വേഷണം’ എന്ന് അദ്ദേഹം കുറിച്ചു. ഇതു വിവാദമായതോടെ ‘ഞങ്ങള്‍ ഞങ്ങളുടെ ഒരേയൊരു ആയുധമായി ഭരണഘടന ഉപയോഗിക്കുന്നു. സമാധാനം. പിടിച്ചുനില്‍ക്കുക.’ എന്ന് വിശദീകരിച്ചു രംഗത്തുവന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല