
സ്വന്തം ലേഖകൻ: യുകെയില്‍ ശരാശരി വീട് വില നിലവിലെ ശരാശരി ശമ്പളത്തേക്കാള്‍ 10.5 ഇരട്ടി കൂടുതലാണെന്നു കണക്കുകള്‍ പുറത്ത്. ശമ്പളം വര്‍ധിച്ചിട്ടും ഈ സ്ഥിതിയാണ്. ഗ്രാജ്വല്‍ ഹോംഓണര്‍ഷിപ്പ് ഫേമായ വേഹോമില്‍ നിന്നുളള ഏറ്റവും പുതിയ ഡാറ്റകളാണ് രാജ്യത്തെ ശമ്പളവും വീട് വിലയും തമ്മിലുള്ള വന്‍ വിടവ് എടുത്ത് കാട്ടുന്നത്. യുകെയിലെ ശരാശരി വീട് വില 285,000 പൗണ്ടാണെന്നും അത് ശരാശരി ശമ്പളമായ 26,796 പൗണ്ടിനേക്കാള്‍ 10.6 ഇരട്ടി കൂടുതലാണെന്നുമാണ് ഈ ഡാറ്റകള്‍ സ്ഥിരീകരിച്ചിരിക്കുന്നത്.
ഈ വിടവ് കാരണം പ്രോപ്പര്‍ട്ടി ലേഡറിലെത്താന്‍ ശ്രമിക്കുന്നവര്‍ക്ക് മുമ്പില്‍ വന്‍ തടസങ്ങളുണ്ടാകുന്നുവെന്നും വേം ഹോം എടുത്ത് കാട്ടുന്നു. ഒരു വര്‍ഷം മുമ്പ് യുകെയിലെ ശരാശരി ശമ്പളത്തില്‍ 6.4 ശതമാനം വര്‍ധനവുണ്ടായിട്ടാണ് അത് നിലവിലെ 26,796 പൗണ്ടിലെത്തിയതെന്ന് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിറ്റിക്‌സ് കണക്കുകള്‍ വെളിപ്പെടുത്തുന്നു.
ശമ്പള വര്‍ധനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ വീട് വിലകള്‍ കഴിഞ്ഞ വര്‍ഷം 4.1 ശതമാനം മാത്രമാണ് വര്‍ധിച്ചിരിക്കുന്നതെന്നും എന്നിട്ടും ശരാശരി വീട് വിലകള്‍ ശരാശരി ശമ്പളത്തെ കവച്ച് വച്ചിരിക്കുന്നുവെന്നും ഇവ തമ്മിലുള്ള വിടവ് നിലനില്‍ക്കുന്നുവെന്നുമാണ് പുതിയ കണക്കുകള്‍ അടിവരയിടുന്നത്.
ലണ്ടനില്‍ കഴിഞ്ഞ വര്‍ഷം വീട് വിലകളില്‍ 1.5 ശതമാനം മാത്രമാണ് വര്‍ധനവുണ്ടായതെന്നും എന്നാല്‍ ലണ്ടനില്‍ ശമ്പള വര്‍ധനവ് കഴിഞ്ഞ വര്‍ഷം 4.6 ശതമാനമായിരുന്നുവെന്നും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. എന്നിരുന്നിട്ടും ലണ്ടനില്‍ ലണ്ടനിലെ ശരാശരി വീട് വിലകള്‍ ശരാശരി ശമ്പളത്തേക്കാള്‍ 16.4 ഇരട്ടി കൂടുതലാണെന്നും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു.
രണ്ടാം സ്ഥാനത്തുള്ള സൗത്ത് ഈസ്റ്റില്‍ ഈ വിടവ് 13.8 ഇരട്ടിയും മൂന്നാം സ്ഥാനത്തുള്ള ഈസ്റ്റ് ഓഫ് ഇംഗ്ലണ്ടില്‍ വിടവ് 12.8 ഇരട്ടിയും നാലാം സ്ഥാനത്തുള്ള സൗത്ത് വെസ്റ്റില്‍ വിടവ് 12.7 ഇരട്ടിയുമാണെന്നും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. നോര്‍ത്ത് ഈസ്റ്റ് മേഖലയിൽ ഇവിടെ ശരാശരി വീട് വില 1,56,912 പൗണ്ടാണ്. അതായത് ഇവിടെ ശമ്പളത്തേക്കാള്‍ വെറും 6.2 ഇരട്ടി മാത്രമേ വീട് വിലയില്‍ വർധനയുള്ളൂ. സ്‌കോട്ട്‌ലന്‍ഡില്‍ വീട് വില ശമ്പളത്തേക്കാള്‍ 6.8 ഇരട്ടിയും നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ഏഴിരട്ടിയുമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല