1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 23, 2023

സ്വന്തം ലേഖകൻ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദർശനത്തിൽ രാജ്യത്തിന് ലഭിച്ചത് വൻ നേട്ടങ്ങൾ. ഇരുരാജ്യങ്ങൾക്കുമിടയിലെ നയതന്ത്രബന്ധം സുദൃഢമാക്കുന്ന, രാജ്യം കാത്തിരുന്ന കരാറുകളും പ്രഖ്യാപനങ്ങളുമായിരുന്നു വ്യാഴാഴ്ച ഉണ്ടായത്.

യുഎസ് കമ്പനിയായ ജനറൽ ഇലക്‌ട്രിക്കൽസും ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക് ലിമിറ്റഡും (എച്ച്.എ.എൽ.) സംയുക്തമായി ഇന്ത്യയിൽ യുദ്ധവിമാന എൻജിൻ നിർമിക്കാൻ കരാറായി.

യുദ്ധവിമാന എൻജിനുകളുടെ നിർമാണ സാങ്കേതികവിദ്യ ഇന്ത്യക്ക് കൈമാറുന്ന നിർണായക കരാർ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ ഉടമ്പടികളിലൊന്നാണ്. കരാർ കേന്ദ്ര സർക്കാരിന്റെ ‘മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിക്ക് ലഭിച്ച അംഗീകാരംകൂടിയാണ്.

ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം ജനാധിപത്യ മൂല്യങ്ങളില്‍ അധിഷ്ഠിതമാണെന്നും ഇരു രാജ്യങ്ങളും തങ്ങളുടെ നാനാത്വത്തില്‍ അഭിമാനം കൊള്ളുന്നവരാണെന്നും ജോ ബൈഡന് നന്ദി പറഞ്ഞുകൊണ്ട് പ്രധാനമന്ത്രി വ്യക്തമാക്കി. ആഗോള നന്മയ്ക്ക് ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. യുഎസ് കോൺഗ്രസിനെ രണ്ടാം തവണയും അഭിസംബോധന ചെയ്യുന്നതിൽ അഭിമാനമുണ്ടെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി, ഇന്ത്യയും യുഎസും പുതിയ ഉയരങ്ങൾ കീഴടക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.

ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, കാലാവസ്ഥാ വ്യതിയാനം, ആരോഗ്യ സംരക്ഷണം, ഭക്ഷ്യസുരക്ഷ ഉറപ്പാക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളിലാണ് ഇന്ത്യയും യുഎസുമെന്നും ഇവ ഇരു രാജ്യങ്ങള്‍ക്കെന്ന പോലെ ലോകത്തിനും ഗുണകരമാണെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കി. ഇന്ന് എടുക്കുന്ന ഓരോ തീരുമാനങ്ങളും ഭാവിയില്‍ ശക്തമായ സ്വാധീനം ചെലുത്തുന്നവയാണെന്നും ജോ ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.

യുഎസ് സന്ദര്‍ശനത്തിനിടെ പല സുപ്രധാനമായ ചര്‍ച്ചകളിലും പ്രധാനമന്ത്രി പങ്കെടുത്തതായാണ് വിവരം. പ്രതിരോധമേഖലകളിലെ സഹകരണം മുതല്‍ ബഹിരാകാശ പര്യവേഷണങ്ങള്‍, വീസ മാനദണ്ഡങ്ങളിലെ ലഘൂകരണം തുടങ്ങിയ മേഖലകളില്‍ വന്‍ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്.

ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ കോണ്‍സുലേറ്റുകള്‍ തുറക്കാനും എച്ച്1ബി വീസ മാനദണ്ഡങ്ങളില്‍ മാറ്റംവരുത്താനും ലക്ഷ്യമിട്ടുള്ള നീക്കങ്ങള്‍ ഉണ്ടാകുമെന്നും സൂചനയുണ്ട്. ബഹിരാകാശ പര്യവേശത്തിന്റെ ഭാഗമായുള്ള ആര്‍ട്ടെമിസ് ഉടമ്പടിയിലും ഇന്ത്യ ഭാഗമാകും.

2025-ല്‍ മനുഷ്യനെ ചന്ദ്രനില്‍ എത്തിക്കാനുള്ള അമേരിക്കയുടെ പദ്ധതിയാണ് ഇത്. ഇന്ത്യന്‍ വ്യോമസേനയ്ക്കായി യുദ്ധവിമാന എന്‍ജിനുകള്‍ നിര്‍മിക്കാന്‍ യുഎസിലെ പ്രമുഖ വിമാന എന്‍ജിന്‍ നിര്‍മാതാക്കളായ ജനറല്‍ ഇലക്ട്രിക് (ജി.ഇ) എയ്റോസ്പേസുമായും ഇന്ത്യ ധാരണയിലെത്തിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.