
സ്വന്തം ലേഖകൻ: കുവൈത്തിലെ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് വരുന്ന വേനലവധിക്കാലത്ത് രാജ്യത്തെ സഹകരണ സ്‌റ്റോറുകളില്‍ ഇടക്കാല ജോലികള്‍ ചെയ്യാന്‍ അനുമതി. യൂണിയന്‍ ഓഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡന്റ് അബ്ദുല്‍ വഹാബ് അല്‍ ഫാരിസാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതുമായി ബന്ധപ്പെട്ട ശുപാര്‍ശയ്ക്ക് സാമൂഹികകാര്യ മന്ത്രാലയം അനുമതി നല്‍കിയതായി അദ്ദേഹം അറിയിച്ചു.
വിദ്യാര്‍ഥികള്‍ക്ക് വേനലവധി ലഭിക്കുന്ന ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് സഹകരണ സംഘങ്ങളില്‍ ജോലി ചെയ്യാന്‍ അവസരമുള്ളത്. സഹകരണ സംഘങ്ങളിലെ സൂപ്പര്‍വൈസറി തസ്തികകളുടെ സ്വകാര്യവല്‍ക്കരണം ഈയിടെ പ്രാബല്യത്തില്‍ വന്നിരുന്നു. അതിനു പിന്നാലെയാണ് പുതിയ തീരുമാനം.
വിദ്യാര്‍ഥികളുടെ ഒഴിവു സമയം ഫലപ്രദമായി വിനിയോഗിക്കുന്നതിന് അവര്‍ക്ക് അവസരം നല്‍കാനും അവരില്‍ ആത്മവിശ്വാസം, പ്രവൃത്തി പരിചയം, സമൂഹത്തിലെ വിവിധ വിഭാഗങ്ങളുമായി ഇടപഴകാനുള്ള അവസരം എന്നിവ സൃഷ്ടിക്കാനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈ പദ്ധതി പതിനായിരത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനം ചെയ്യുമെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ സഹകരണ സംഘങ്ങളിലെ ഷെയര്‍ഹോള്‍ഡര്‍മാര്‍ക്കും അവരുടെ കുട്ടികള്‍ക്കും കൊച്ചുമക്കള്‍ക്കും മാത്രമായി ഈ സൗകര്യം പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും അല്‍ ഫാരിസ് പറഞ്ഞു.
ഇങ്ങിനെ ജോലി ചെയ്യുന്ന ഓരോ വിദ്യാര്‍ത്ഥിക്കും 100 ദിനാര്‍ മുതല്‍ 200 ദിനാര്‍ വരെ വേതനം ലഭിക്കും. വേതനം എത്രയെന്ന് കൃത്യമായി തീരുമാനിക്കുന്നതിനുള്ള അധികാരം ബന്ധപ്പെട്ട സ്ഥാപന നടത്തിപ്പുകാര്‍ക്കായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ബന്ധപ്പെട്ട അഡ്മിനിസ്ട്രേറ്റീവ് കണ്‍ട്രോളര്‍മാര്‍ക്ക് ഇക്കാര്യത്തില്‍ തീരുമാനം എടുക്കാം. അതേസമയം, സഹകരണ സ്ഥാപനങ്ങളില്‍ ജോലിക്കായി എന്‍ റോള്‍ ചെയ്യപ്പെടുന്ന വിദ്യാര്‍ഥികള്‍ കൃത്യമായി ഹാജരാവുന്നുവെന്ന് ഉറപ്പുവരുത്തുന്നതിന് ബയോമെട്രിക് ഹാജര്‍ സംവിധാനം ഏര്‍പ്പെടുത്തും. ദിവസം നാല് മണിക്കൂര്‍ എന്ന തോതിലാണ് ജോലിക്ക് അവവസരം നല്‍കുക.
അപേക്ഷകരുടെ എണ്ണം സഹകരണ സ്ഥാപനങ്ങളുടെ ശേഷിയേക്കാള്‍ കൂടുതല്‍ വരുന്ന സാഹചര്യത്തില്‍ അഡ്മിനിസ്‌ട്രേറ്റീവ് കണ്‍ട്രോളറുടെ മേല്‍നോട്ടത്തിലും അസോസിയേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുടെ സാന്നിധ്യത്തിലും നറുക്കെടുപ്പ് നടത്തുമെന്നും അദ്ദേഹം വിശദീകരിച്ചു. അപേക്ഷകരെ രണ്ട് വര്‍ക്കിംഗ് ഗ്രൂപ്പുകളായി തിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു വിഭാഗത്തിന് ജൂലൈയിലും രണ്ടാമത്തേതിന് ഓഗസ്റ്റിലുമായിരിക്കും തൊഴില്‍ ചെയ്യാന്‍ അവസരം നല്‍കുക.
രാജ്യത്തെ 10, 11 ക്ലാസുകളിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായിരിക്കും പാര്‍ട്ട് ടൈമായി ജോലി ചെയ്യാന്‍ അവസരം. വേനലവധിക്കാലത്ത് കുവൈത്തിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള കാബിനറ്റിന്റെ നിര്‍ദ്ദേശത്തില്‍ നിന്നാണ് ഈ സംരംഭം നടപ്പിലാക്കുന്നതെന്നും അല്‍ ഫാരിസ് വിശദീകരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല