1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 19, 2023

സ്വന്തം ലേഖകൻ: യുകെയിലെ കാര്‍ ഇന്‍ഷുറന്‍സ് ചെലവുകള്‍ കുത്തനെ ഉയര്‍ന്നത് കാര്‍ ഉടമകള്‍ക്ക് കടുത്ത പ്രതിസന്ധി. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഇന്‍ഷുറന്‍സ് പ്രീമിയം വകയില്‍ കഴിഞ്ഞ വര്‍ഷത്തെ നിരക്കില്‍ ഈ വര്‍ഷം 40 ശതമാനം വര്‍ധനവാണുണ്ടാക്കിയിരിക്കുന്നതെന്നാണ് കണ്‍ഫ്യൂസ്ഡ്.കോം എന്ന കംപാരിസണ്‍ വെബ്‌സൈറ്റ് നടത്തിയ റിസര്‍ച്ച് വെളിപ്പെടുത്തുന്നത്. ചില കാറുടമകള്‍ക്ക് ഇന്‍ഷുറന്‍സ് വകയില്‍ വന്‍ വര്‍ധന് ഇപ്പോള്‍ തന്നെ വന്നിരിക്കുന്നുവെന്നാണ് ഈ വെബ്‌സൈറ്റിന്റെ ബോസായ സ്റ്റീവ് ഡ്യൂക്ക്‌സ് വെളിപ്പെടുത്തുന്നത്.

നിലവില്‍ കാര്‍ ഇന്‍ഷുറന്‍സ് ചെലവ് വര്‍ഷത്തില്‍ ശരാശരി 776 പൗണ്ടാണ്. കഴിഞ്ഞ വര്‍ഷത്തെ തുകയേക്കാള്‍ 222 പൗണ്ട് വര്‍ധിച്ച് റെക്കോര്‍ഡ് വര്‍ധനവാണിക്കാര്യത്തിലുണ്ടായിരിക്കുന്നത്. ജൂണിലെ ഏറ്റവും പുതിയ പണപ്പെരുപ്പ കണക്കുകള്‍ ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിറ്റിക്‌സ് പുറത്ത് വിടുന്നതിന് മുന്നോടിയായിട്ടാണ് വര്‍ധിച്ച ഇന്‍ഷൂറന്‍സ് ചെലവുകളുടെ കണക്കുകളും പുറത്ത് വന്നിരിക്കുന്നത്.

ഏപ്രിലിലും മേയിലും രാജ്യത്തെ പണപ്പെരുപ്പ നിരക്ക് 8.7 ശതമാനമാണെന്നാണ് മുന്‍ കണക്കുകള്‍ സ്ഥിരീകരിച്ചിരുന്നത്. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തിയ കാലം മുതലുള്ള ഇന്‍ഷൂറന്‍സ് ക്ലെയിമുകള്‍ വര്‍ധിച്ചതിനാല്‍ കാര്‍ ഇന്‍ഷൂറന്‍സ് പ്രീമിയങ്ങളുടെ നിരക്ക് കുതിച്ച് കയറിക്കൊണ്ടിരിക്കുന്ന അവസ്ഥയാണുള്ളത്.കാര്‍ റിപ്പയര്‍, റീപ്ലേസ്‌മെന്റ് പ്രവര്‍ത്തികള്‍ക്കുള്ള ചെലവ് വര്‍ധിച്ചതിനെ തുടര്‍ന്നാണ് പ്രീമിയം വര്‍ധിച്ചിരിക്കുന്നത്.

കാറുകള്‍ റിപ്പയര്‍ ചെയ്യുന്നതിന് മൊത്തം വരുന്ന തുക വര്‍ഷത്തില്‍ 1.5 ബില്യണ്‍ പൗണ്ടായിരിക്കുന്നുവെന്നും 2013ല്‍ ഇത് സംബന്ധിച്ച ഡാറ്റകള്‍ സമാഹരിക്കാന്‍ തുടങ്ങിയ കാലം മുതലുള്ള കണക്കുകള്‍ വച്ച് നോക്കിയാല്‍ ഇത് ഏറ്റവും ഉയര്‍ന്ന നിരക്കാണെന്നാണ് കഴിഞ്ഞ മാസം ദി അസോസിയേഷന്‍ ഓഫ് ബ്രിട്ടീഷ് ഇന്‍ഷൂറേര്‍സ് വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിനാല്‍ കാര്‍ ഇന്‍ഷുറന്‍സ് പ്രീമിയം ഉയര്‍ത്താതെ തങ്ങള്‍ക്ക് പിടിച്ച് നില്‍ക്കാനാവില്ലെന്നാണ് അസോസിയേഷന്‍ നിരക്ക് വര്‍ധനവിനെ ന്യായീകരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.