1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 20, 2023

സ്വന്തം ലേഖകൻ: ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും ജയിൽ മോചിതരായിട്ടും സാങ്കേതിക തടസ്സങ്ങൾ മൂലം സ്വന്തം നാട്ടിലേക്ക് മടങ്ങാനാകാതെ ബഹ്‌റൈനിൽ തന്നെ കഴിയുന്ന ഇന്ത്യക്കാർ ഏറെ. അസ്രിയിലെ എമിഗ്രേഷൻ ഡിറ്റൻഷൻ സെന്ററിൽ ആണ് ഇത്തരത്തിൽ മോചിതർ ആയവർ നാട്ടിലേയ്ക്കുള്ള പോകാനുള്ള ഊഴവും കാത്ത്കിടക്കുന്നത്.

അനധികൃത വീസ, വീസ പുതുക്കാതെ പിടിക്കപ്പെട്ടവർ, എൽ എം ആർ എ യുടെ നിയമങ്ങൾക്ക് അനുസൃതമല്ലാതെ തൊഴിൽ ചെയ്ത് പിടിക്കപ്പെട്ടവർ തുടങ്ങി ബഹ്‌റൈൻ രാജാവ് നൽകിയ പൊതു മാപ്പിൽ കുറ്റ വിമുക്തരാക്കപ്പെട്ടവർ വരെയുള്ളവരാണ് ഈ കേന്ദ്രത്തിൽ ഇപ്പോൾ കഴിയുന്നത്. 23 ഇന്ത്യക്കാർ ഇപ്പോൾ ഈ ഡിറ്റൻഷൻ സെന്ററിൽ തങ്ങളുടെ ഊഴവും കാത്തു നിൽക്കുന്നുണ്ട്.

ഒരാഴ്ച മുതൽ മാസങ്ങൾ വരെയായി സാങ്കേതിക തടസങ്ങൾ കാരണം പോകാൻ സാധിക്കാത്തവർ ഉണ്ടെന്ന് ഇവിടെ കഴിയുന്ന ഒരു പ്രവാസി പറഞ്ഞു. സാങ്കേതിക പ്രശ്നങ്ങൾ മാത്രം മൂലമുള്ള തടസ്സങ്ങൾ നീങ്ങിയാൽ അധികൃതർ ഇവരെ നേരിട്ട് വിമാനത്താവളത്തിൽ എത്തിച്ച് കയറ്റിവിടുകയാണ് പതിവ്. ഇന്ത്യൻ എംബസിയും എമിഗ്രേഷൻ വിഭാഗവും ജയിൽ അധികൃതരും ഒരു പോലെ പ്രവർത്തിച്ചാൽ മാത്രമേ ഇവരുടെ മോചനത്തിന് വേഗമേറുകയുള്ളൂ.

ഡിറ്റൻഷൻ സെന്ററിൽ കഴിയുന്ന ഇന്ത്യൻ പ്രവാസികളിൽ വലിയൊരു ശതമാനവും മലയാളികളും തമിഴ് നാട് ,ആന്ധ്രാ പ്രദേശ്,കർണാടക സംസ്‌ഥാനങ്ങളിൽ നിന്നുള്ള പ്രവാസികളുമാണ്. നാട്ടിലേയ്ക്ക് മടങ്ങാൻ കഴിഞ്ഞാലും ഇവരിൽ വലിയൊരു ശതമാനം പേർക്കും തിരിച്ച് ബഹ്റൈനിലേക്കോ മറ്റു ചിലർക്ക് ഒരു ജി സി സി രാജ്യങ്ങളിലേക്കോ യാത്ര ചെയ്യാനും സാധിക്കുകയില്ല.

എന്നാൽ അനധികൃതമായി ജോലി ചെയ്തത് പോലുള്ള കുറ്റങ്ങൾക്ക് പിടിക്കപ്പെട്ടവർക്കും ചില ചെറിയ സാമ്പത്തിക കുറ്റ കൃത്യങ്ങളിൽ അകപ്പെട്ടവർക്കും അവരുടെ പിഴ അടച്ചു കേസ് തീർപ്പാക്കിയതിനാൽ പാസ്പോർട്ട് കാലാവധി പുതുക്കി വീണ്ടും വീസയ്ക്ക് അപേക്ഷ നൽകി തിരിച്ചുവരാൻ സാധിക്കും. ചിലർക്ക് പാസ്പോർട്ട് പുതുക്കി ലഭിക്കാനുള്ള കാലതാമസമോ , പാസ്പോർട്ടോ മറ്റു രേഖകളോ ഇല്ലാത്തവർക്ക് എംബസിയുടെ ഔട്ട് പാസ്സ് ലഭിക്കാനുള്ള കാലതാമസമോ മാത്രമാണ് തടസ്സം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.