സ്വന്തം ലേഖകൻ: എൻഎച്ച്എസ് ഇംഗ്ലണ്ടിന്റെ ചരിത്രത്തില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തിയ ഏറ്റവും ദൈര്‍ഘ്യമേറിയ പണിമുടക്കിന്റെ വിശദാംശങ്ങള്‍ പുറത്ത് വിട്ട് എന്‍എച്ച്എസ് രംഗത്തെത്തി. ഈ മാസം 13ന് രാവിലെ ഏഴ് മുതല്‍ 18 രാവിലെ ഏഴ് വരെയാണ് അഞ്ച് ദിവസത്തെ പണിമുടക്ക് നടന്നത്. ഇതിനെ തുടര്‍ന്ന് 1,01,977 ഇന്‍പേഷ്യന്റ്, ഔട്ട് പേഷ്യന്റ് അപ്പോയിന്റ്മെന്റുകള്‍ റദ്ദാക്കേണ്ടി വന്നുവെന്നാണ് ഔദ്യോഗിക കണക്കുകള്‍.
എൻഎച്ച്എസിലെ 20,342 ജൂനിയർ ഡോക്ടർമാർ പണിമുടക്ക് നടത്തി. ഇതിന് മുമ്പ് പണിമുടക്കിനെ തുടര്‍ന്ന് 1,06,120 അപ്പോയിന്റ്മെന്റുകൾ റദ്ദാക്കിയിരുന്നു. കഴിഞ്ഞ എട്ട് മാസങ്ങളായി ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തിയ സമരങ്ങളെ തുടര്‍ന്ന് മൊത്തത്തില്‍ 6,98,813 അപ്പോയിന്റ്മെന്റുൾ റദ്ദാക്കേണ്ടി വന്നിരിക്കുന്നുവെന്നും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇത്തരത്തില്‍ ഡോക്ടര്‍മാര്‍ തുടര്‍ച്ചയായി നടത്തുന്ന പണിമുടക്കുകൾ രോഗികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും കടുത്ത പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് എന്‍എച്ച്എസ് മെഡിക്കല്‍ ഡയറക്ടറും മുതിര്‍ന്ന ഡോക്ടറുമായ സർ സ്റ്റീഫന്‍ പോവിസ് പറഞ്ഞു. പുറത്ത് വന്നതിനേക്കാള്‍ കൂടുതല്‍ പ്രതിസന്ധികളാണ് യഥാര്‍ത്ഥത്തില്‍ ഇത്തരം പണിമുടക്കുകൾ മൂലം എന്‍എച്ച്എസിന് ഉണ്ടായതെന്നും പോവിസ് വെളിപ്പെടുത്തുന്നു. ഒരു ദശലക്ഷം അപ്പോയിന്റ്മെന്റുകളുടെ മുക്കാല്‍ ഭാഗവും കഴിഞ്ഞ എട്ട് മാസങ്ങളിലെ പണിമുടക്കുകളെ തുടര്‍ന്ന് പുനർക്രമീകരിക്കേണ്ടി വന്നുവെന്നും പോവിസ് വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല