1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 23, 2023

സ്വന്തം ലേഖകൻ: ഇന്ത്യ യങ് പ്രൊഫഷനല്‍സ് സ്‌കീമിലേക്കുള്ള 2023 ലെ രണ്ടാം ബാലറ്റ് തീയതികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ജൂലൈ 25 ന് ആരംഭിക്കുന്ന ബാലറ്റില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് രണ്ട് വര്‍ഷം വരെ യുകെയില്‍ താമസം, പഠനം, ജോലി കണ്ടെത്തൽ മുതലായ കാര്യങ്ങൾക്ക് അനുവാദം ലഭിക്കും. 18 നും 30 നും ഇടയില്‍ പ്രായമുള്ള ബിരുദം ഉള്ള ഇന്ത്യന്‍ പൗരന്മാര്‍ക്കുള്ളതാണിത്. യുകെയില്‍ അവരുടെ ചെലവുകള്‍ നടത്തുന്നതിനായി 2,530 പൗണ്ട് (ഏകദേശം 2,66,000 ഇന്ത്യൻ രൂപ) ബാങ്ക് അക്കൗണ്ടിൽ ബാലൻസ് തുക ഉണ്ടായിരിക്കണം.

യങ് പ്രൊഫഷനല്‍ സ്‌കീമിലേക്ക് യോഗ്യത നേടുവാന്‍ അപേക്ഷകര്‍ക്ക് അവരുടെ കൂടെ താമസിക്കുന്നതോ അല്ലെങ്കില്‍ അവര്‍ ചെലവ് വഹിക്കേണ്ടുന്നതായിട്ടോ ഉള്ള 18 വയസ്സില്‍ കുറവ് പ്രായമുള്ള കുട്ടികള്‍ ഉണ്ടായിരിക്കരുത്. യുകെയില്‍ തുടര്‍ച്ചയായി 28 ദിവസമെങ്കിലും അവരുടെ ചെലവ് വഹിക്കാന്‍ മതിയായ തുക നീക്കിയിരിപ്പും ഉണ്ടായിരിക്കണം. വീസക്കായി അപേക്ഷിക്കുന്നതിന് മുന്‍പായി അപേക്ഷകര്‍ ഇന്ത്യ യങ് പ്രൊഷനല്‍സ് സ്‌കീം ബാലറ്റില്‍ പങ്കെടുക്കുന്നതിനായി അപേക്ഷിക്കണം.

ഇന്ത്യയില്‍ നിന്നുള്ള യുവാക്കള്‍ക്ക് ജീവിതത്തില്‍ കൂടുതല്‍ ഉയരങ്ങളിലെത്താന്‍ ഒരു സുവര്‍ണ്ണാവസരം എന്നാണ് ബാലറ്റിന്റെ തീയതി അറിയിച്ചു കൊണ്ട് ഇന്ത്യയിലെ ബ്രിട്ടിഷ് ഹൈക്കമ്മീഷണര്‍ അലക്സ് എല്ലിസ് ട്വീറ്റ് ചെയ്തത്. ജൂലായ് 25 ന് ബാലറ്റ് ആരംഭിക്കുമ്പോള്‍ മുതല്‍ അത് അവസാനിക്കുന്ന ജൂലായ് 27 വരെ യോഗ്യതയുള്ള ഇന്ത്യന്‍ യുവാക്കള്‍ക്ക് ഇതിനായി അപേക്ഷിക്കാവുന്നതാണ്.

മൊത്തം ലഭിച്ച അപേക്ഷകളില്‍, യോഗ്യതകള്‍ പരിശോധിച്ച് അപേക്ഷകരില്‍ നിന്നും ക്രമരഹിതമായിട്ടായിരിക്കും വിജയികളെ തിരഞ്ഞെടുക്കുക. ബാലറ്റ് അവസാനിച്ച് രണ്ടാഴ്ചക്കുള്ളിൽ വിജയികളെ മെയില്‍ വഴി ഫലം അറിയിക്കും. അത്തരത്തില്‍ തിരഞ്ഞെടുക്കപ്പെട്ട വിജയികളെ പിന്നീട് വീസ അപേക്ഷക്കായി ക്ഷണിക്കും. ഇന്ത്യ യങ് പ്രൊഫഷനല്‍ സ്‌കീമില്‍ 3000 പേര്‍ക്കാണ് അവസരം ലഭിക്കുക. ഇതില്‍ രണ്ടായിത്തോളം പേരെ ഫെബ്രുവരിയില്‍ നടന്ന ബാലറ്റില്‍ തിരഞ്ഞെടുത്തിരുന്നു. ബാക്കിയുള്ള ഒഴിവുകളിലേക്കാണ് ഇപ്പോള്‍ ബാലറ്റ് നടത്തുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.