
സ്വന്തം ലേഖകൻ: ഞായറാഴ്ച രാത്രി 11.55 ന് റിയാദിൽനിന്ന് കരിപ്പൂരിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മുടങ്ങി. 90-ഓളം യാത്രക്കാർ അടുത്ത വിമാനവും കാത്ത് റിയാദിലെ ഹോട്ടലിൽ കഴിയുകയാണ്. ഇന്നലെ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി യാത്രക്കാരെ മുഴുവൻ വിമാനത്തിൽ കയറ്റിയിരുത്തി രണ്ട് മണിക്കൂറിന് ശേഷമാണ് യന്ത്രത്തകരാറെന്ന കാരണം പറഞ്ഞ് യാത്ര റദ്ദാക്കിയത്.
വിമാനത്തിൽ കയറ്റിയിരുത്തി 15 മിനുട്ടിന് ശേഷം സാങ്കേതിക പ്രശ്നങ്ങൾ മൂലം പുറപ്പെടാൻ അൽപം വൈകും എന്ന അനൗൺസ്മെൻറ് ആദ്യം വന്നു. സമയം ഇഴഞ്ഞുനീങ്ങുന്നതിനിടെ അൽപം കൂടി വൈകും എന്ന് പറഞ്ഞ് വീണ്ടും അനൗൺസുമെൻറുണ്ടായി. ഒന്നര മണിക്കൂറായപ്പോൾ യന്ത്രത്തകരാറ് കാരണം സർവിസ് റദ്ദാക്കുന്നു എന്ന അന്തിമ അറിയിപ്പെത്തി.
തുടർന്ന് ഫൈനൽ എക്സിറ്റിൽ നാട്ടിലേക്ക് പോകുന്നവരെ ആദ്യം വിമാനത്തിൽനിന്ന് ഇറക്കി. ശേഷം റീഎൻട്രി വീസക്കാരെയും. അപ്പോഴേക്കും രണ്ട് മണിക്കൂർ പിന്നിട്ടിരുന്നു. പിന്നെയും രണ്ട് മണിക്കൂറോളമെടുത്ത് റീഎൻട്രിക്കാരെ കൗണ്ടറുകളിൽ എത്തിച്ച് നേരത്തെ പൂർത്തിയാക്കിയിരുന്ന എമിഗ്രേഷൻ നടപടികളെല്ലാം റദ്ദ് ചെയ്ത് എല്ലാവർക്കും പുതിയ റീ എൻട്രി വീസ ഇഷ്യൂ ചെയ്തു. ചെക്കിൻ ചെയ്ത ബാഗേജുകളെല്ലാം തിരിച്ചുവിളിച്ച് യാത്രക്കാരെ തിരികെയേൽപിച്ചു.
പുലർച്ചെ നാലോടെ റീഎൻട്രി വീസക്കാരെ മിനി ബസുകളിലായി വിമാനത്താവളത്തിൽനിന്ന് ഏതാനും കിലോമീറ്ററകലെ ഗൊർണാഥയിലുള്ള മെർത്തീൽ എന്ന ഹോട്ടലിലെത്തിച്ചു. രാത്രിയിൽ ഭക്ഷണമൊന്നും കിട്ടിയില്ലെങ്കിലും ഇന്ന് പ്രഭാത ഭക്ഷണം കിട്ടിയെന്ന് യാത്രക്കാർ പറയുന്നു.
ഇന്ന് രാത്രി 11.55 നുള്ള വിമാനത്തിൽ കൊണ്ടുപോകുമെന്നാണ് യാത്രക്കാരോട് പറഞ്ഞിരിക്കുന്നത്. ഫൈനൽ എക്സിറ്റ് വീസക്കാരായ 23 പേർ വൈകുന്നേരം ഏഴ് മണിക്ക് മുന്നേ എയർപ്പോർട്ടിൽ എത്തിയവരാണ്. എക്സിറ്റ് വീസക്കാരായതിനാൽ ഈ 23 പേരുടെ കാര്യത്തിൽ എമിഗ്രേഷൻ റദ്ദ് ചെയ്യൽ പോലുള്ള നടപടികൾ കഴിയില്ലായിരുന്നു. രാത്രി മുഴുവൻ എയർപ്പോർട്ടിൽ തന്നെ കഴിയേണ്ടി വന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല