1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 21, 2023

സ്വന്തം ലേഖകൻ: ഗാസയ്ക്കെതിരേ ഇസ്രയേലിന്റെ കരയാക്രമണം വൈകിപ്പിക്കണമെന്നാവശ്യപ്പെട്ട് അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും രംഗത്ത്. രണ്ട്‌ അമേരിക്കൻ ബന്ദികളെ ഹമാസ് മോചിപ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അമേരിക്കയും യുകെ അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളും ഇസ്രയേലിനോട് ആവശ്യവുമായി രംഗത്തെത്തിയത്. യുഎസ് മുതിർന്ന നയതന്ത്ര ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രയേലാണ് സംഭവം റിപ്പോർട്ട് ചെയ്തത്.

ഉടനെയുള്ള ഇസ്രയേലിന്റെ കരയാക്രമണം ഹമാസ് ബന്ദികളാക്കി വെച്ചിരിക്കുന്ന കൂടുതൽ പേരെ മോചിപ്പിക്കാനുള്ള ശ്രമത്തിന് പ്രതിസന്ധി ആയേക്കുമെന്നാണ് മുതിർന്ന നയതന്ത്ര ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. സമയം വൈകുംതോറും ബന്ദികളാക്കിയിരിക്കുന്നവരുടെ ജീവൻ കൂടുതൽ അപകടത്തിലാവുകയാണെന്നും രക്ഷപ്പെടുത്താനുള്ള സാധ്യത കുറഞ്ഞുവരികയാണെന്നും പടിഞ്ഞാറൻ ഭരണകൂടം ഇസ്രയേലിനുമേൽ നിരന്തരം സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എത്രയും പെട്ടെന്ന് കരയാക്രമണം നടത്തണമെന്നാണ് ഇസ്രയേല്‍ ആഗ്രഹിക്കുന്നത്‌, ആരും ഇസ്രയേലിനെ എതിർക്കുന്നില്ല. പക്ഷേ കരയാക്രമണം വൈകിപ്പിക്കുകയാണെങ്കിൽ കൂടുതയൽ നയതന്ത്ര ഇടപെടലുകളിൽകൂടി ചിലപ്പോൾ വിജയം കണ്ടേക്കാം- മുതിർന്ന നയതന്ത്ര ഉദ്യോഗസ്ഥൻ പറഞ്ഞു.

കുടിവെള്ളത്തിനും ഭക്ഷണത്തിനുമായി റാഫ അതിർത്തിയിലേക്ക് കണ്ണുംനട്ടിരിക്കുന്ന ഗാസയിലെ മനുഷ്യരെ കൂടുതൽ ദുരിതത്തിലാക്കുന്നതായിരുന്നു ഇസ്രയേൽ കരയുദ്ധത്തിന് കോപ്പുകൂട്ടുന്നു എന്ന വിവരം. ഗാസയിൽ കരവഴിയുള്ള അധിനിവേശത്തിന് സജ്ജമാകാനാണ് ഇസ്രയേൽ പ്രതിരോധമന്ത്രി യോവ് ഗാലന്റ് സൈന്യത്തോട് ഉത്തരവിട്ടത്. വടക്കൻ ഗാസയിലും സുരക്ഷിതമെന്നുകരുതി ജനങ്ങൾ പലായനംചെയ്തെത്തിയ തെക്കൻ മേഖലകളിലും ഇസ്രയേൽ വ്യോമാക്രമണം ശക്തമാക്കിയതിനുപിന്നാലെയാണിത്.

വടക്കൻ ഇസ്രയേലിലെ ലെബനീസ് അതിർത്തിപട്ടണവും സൈന്യം ഒഴിപ്പിക്കുകയാണ്. ഹമാസിന് പിന്തുണപ്രഖ്യാപിച്ച് ലെബനീസ് സായുധസംഘടനയായ ഹിസ്ബുള്ള ആക്രമണം കടുപ്പിച്ചതോടെ ഇസ്രയേൽസൈന്യം ഇവിടെ പോർമുഖം തുറന്നിരുന്നു. കരയുദ്ധത്തിലേക്ക് കടന്നാൽ ഈ മേഖലകളിൽ ആക്രമണം കനക്കുമെന്നതിനാലാണ് ഒഴിപ്പിക്കൽ.

ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ ഹമാസ് നടത്തിയ കടന്നാക്രമണത്തിനിടെ തട്ടിക്കൊണ്ടുപോയ 200 ഓളം ബന്ദികളില്‍ രണ്ട് അമേരിക്കക്കാരെ വിട്ടയച്ചു. ജുദിത് റായ് റാണന്‍ അവരുടെ 17-കാരിയായ മകള്‍ നതാലി റാണന്‍ എന്നിവരാണ് വെള്ളിയാഴ്ച രാത്രിയോടെ മോചിതരായത്. ഗാസ അതിര്‍ത്തിയില്‍ കൈമാറ്റം ചെയ്യപ്പട്ട ഇവരെ നിലവില്‍ ഇസ്രയേല്‍ പ്രതിരോധ സേനയുടെ സംരക്ഷണത്തില്‍ യുഎസ് എംബസിയിലേക്ക് മാറ്റിയിട്ടുണ്ട്.

ഖത്തറിന്റെ മധ്യസ്ഥതയിലാണ് ജുദിതിന്റെയും മകളുടേയും മോചനം സാധ്യമായത്. ഇക്കാര്യം ഖത്തര്‍ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ബന്ദികളുടെ മോചനത്തിന് ഇസ്രായേലുമായും ഹമാസുമായും തുടര്‍ന്നും ചര്‍ച്ച നടത്തുമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് അല്‍ അന്‍സാരി പ്രസ്താവനയില്‍ പറഞ്ഞു

ജുതിന്റെ ആരോഗ്യനില മോശമായതിനാല്‍ മാനുഷിക പരിഗണന നല്‍കിയാണ് അവരെ വിട്ടയച്ചതെന്ന് ഹമാസ് വ്യക്തമാക്കി. മോചനത്തിന് ശേഷം ജുദിതിനേയും നതാലിയേയും യുഎസ് പ്രസിഡന്റ്് ജോ ബൈഡന്‍ ഫോണില്‍ വിളിച്ചു. ഇരുവരുടേയും മോചനത്തില്‍ അതിയായ സന്തോഷമുണ്ടെന്ന് ബൈഡന്‍ അറിയിച്ചു. ബന്ദികളാക്കപ്പെട്ട മറ്റുള്ളവരുടെ മോചനത്തിന് ആവശ്യമായതെല്ലാം ചെയ്യുമെന്നും ബൈഡനെ ഉദ്ധരിച്ച് വൈറ്റ്ഹൗസ് വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.