1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 26, 2023

സ്വന്തം ലേഖകൻ: വടക്കൻ ഗാസയിലേക്ക് ജീവകാരുണ്യ സഹായമെത്തിക്കാൻ ഇസ്രയേൽ അനുവദിക്കുംവരെ രണ്ടാം ദിവസത്തെ ബന്ദികളെ വിട്ടയക്കുന്നതു നീട്ടിവയ്ക്കുമെന്നു ഹമാസ് പ്രഖ്യാപിച്ചു. പലസ്തീൻ തടവുകാരുടെ മോചനം സംബന്ധിച്ചു കരാറിലെ വ്യവസ്ഥകൾ ഇസ്രയേൽ ലംഘിക്കുന്നതായും ആരോപിച്ചു.

വെടിനിർത്തലിന്റെ രണ്ടാം ദിവസമായ ഇന്നലെ 8 കുട്ടികളടക്കം 14 ബന്ദികളെയാണു ഹമാസ് വിടേണ്ടത്; ഇസ്രയേൽ 42 പലസ്തീൻ തടവുകാരെയും. അതിനിടെ, വെടിനിർത്തൽ നീട്ടാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഖത്തർ പ്രതിനിധിസംഘം ഇന്നലെ ഇസ്രയേലിലെത്തി. ദിവസം 10 പേർ എന്ന നിലയിൽ കൂടുതൽ ബന്ദികളെ മോചിപ്പിക്കുമെങ്കിൽ വെടിനിർത്തൽ നീട്ടാമെന്ന് ഇസ്രയേൽ നേരത്തേ വ്യക്തമാക്കിയിരുന്നു.

വെള്ളിയാഴ്ച 13 ഇസ്രയേലുകാരുടെയും 39 പലസ്തീൻകാരുടെയും കൈമാറ്റം സുഗമമായിരുന്നു. 4 ദിവസത്തെ വെടിനിർത്തലിനിടെ സ്ത്രീകളും കുട്ടികളുമായ 50 ബന്ദികളെയും 150 പലസ്തീൻ തടവുകാരെയും വിട്ടയക്കാമെന്നാണു കരാർ. ഒരു ഇസ്രയേലുകാരനു പകരം 3 പലസ്തീൻകാർ എന്ന അനുപാതത്തിലാണിത്. ഇന്നും നാളെയും 12 വീതം ബന്ദികളെയാണു വിട്ടയയ്ക്കുക. പ്രത്യേക ധാരണ പ്രകാരം 10 തായ് പൗരന്മാരെയും ഒരു ഫിലിപ്പീൻസുകാരനെയുംകൂടി വെള്ളിയാഴ്ച ഹമാസ് വിട്ടയച്ചിരുന്നു.

ഗാസ ഇന്നലെ ശാന്തമായിരുന്നു. ബോംബാക്രമണങ്ങളിൽ തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ ഉറ്റവർക്കായുള്ള തിരച്ചിൽ ഗാസയിലെങ്ങും തുടരുന്നു. ഇസ്രയേൽ ആക്രമണത്തിനു ശേഷം കാണാതായ 7,000 പേർ അവശിഷ്ടങ്ങൾക്കടിയിലുണ്ടെന്നാണു കരുതുന്നത്.

അതിനിടെ ഇസ്രയേലിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ പ്രതിഷേധം. പടിഞ്ഞാറൻ ജറുസലേമിലെ പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിലായി ബാനറുകളും മുദ്രാവാക്യങ്ങളുമായി സമരക്കാർ ഒത്തു ചേർന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. തീവ്രമായ ആക്രമണങ്ങൾക്കും പ്രത്യാക്രമണങ്ങൾക്കും ശേഷം ഖത്തറിന്റെ മധ്യസ്ഥതയിൽ ഇസ്രയേലും പലസ്തീനും താൽക്കാലികമായി വെടിനിർത്തി ബന്ദികളെ മോചിപ്പിച്ച് തുടങ്ങിയ സാഹചര്യത്തിലാണ് പ്രതിഷേധം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.